കോഹ്‌ലിയെ നായകനാക്കണം; അദ്ദേഹത്തിന്റെ പ്രകടനം ധോണി ആസ്വദിക്കട്ടെ- രവി ശാസ്ത്രി

2019ലെ ലോകകപ്പ് മുന്നില്‍ കണ്ട് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കണം

രവി ശാസ്ത്രി , വിരാട് കോഹ്‌ലി , ടീം ഇന്ത്യ , ക്രിക്കറ്റ് , ധോണി
ന്യൂഡല്‍ഹി| jibin| Last Modified ചൊവ്വ, 31 മെയ് 2016 (08:51 IST)
വിരാട് കോഹ്‌ലിയെ ഇന്ത്യന്‍ ക്രിക്കറ്റില്‍ മൂന്നു ഫോര്‍മാറ്റുകളുടെയും നായകനായി നിയമിക്കേണ്ട സമയമായെന്ന് മുന്‍ ടീം ഡയറക്ടര്‍ രവി ശാസ്ത്രി. അടുത്ത ലോകകപ്പ് മുന്നില്‍ കണ്ട് കോഹ്‌ലിയെ ടീം ഇന്ത്യയുടെ നായകനാക്കി തീര്‍ക്കേണ്ട സമയമാണിത്. നിലവിലെ ക്യാപ്‌റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയെ ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

2019ലെ ലോകകപ്പ് മുന്നില്‍ കണ്ട് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കണം. ലോകകപ്പ് വരെ ഇന്ത്യക്ക് പ്രധാന ടൂര്‍ണമെന്റുകള്‍ ഒന്നുമില്ല. നിലവില്‍ കോഹ്‌ലിയെ നായകനാക്കിയാല്‍ അദ്ദേഹത്തിന് വളരാന്‍ സാധിക്കും. ധോണി മികച്ച സംഭാവനകളാണ് ടീമിന് നല്‍കുന്നത്. അതിനാല്‍ മഹിയെ ടീമില്‍ ഉള്‍പ്പെടുത്തണം. താന്‍ ഇന്ത്യന്‍ ടീം സെലക്ടിംഗ് പാനലിന്റെ ചെയര്‍മാനായിരുന്നെങ്കില്‍ കോഹ്‌ലിയെ നായകനായി നിയമിച്ച് ധോണിയെ കോഹ്‌ലിയുടെ കളി ആസ്വദിക്കാന്‍ അനുവദിക്കുമായിരുന്നുവെന്നും രവിശാസ്‌ത്രി പറഞ്ഞു.

ട്വന്റി-20 ലോകകപ്പിന് പിന്നാലെ ഐപിഎല്ലിലും കോഹ്‌ലി നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് രവിശാസ്‌ത്രിയുടെ മനം നിറച്ചത്. കോഹ്‌ലിയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തിലാണ് ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്സ് ഐപിഎല്‍ ഫൈനലില്‍ ഇടംപിടിച്ചത്. അതേസമയം, ധോണിയുടെ പൂന സൂപ്പര്‍ ജയന്റ്സാകട്ടെ പ്ളേഓഫ് കാണാതെ പുറത്താകുകയും ചെയ്തു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :