ഓസീസ് താരം വംശീയമായി അധിക്ഷേപിച്ചെന്ന് മൊയീൻ അലി

ഓസീസ് താരം തന്നെ വംശീയമായി അധിക്ഷേപിച്ചെന്ന് മൊയീൻ അലി

ലണ്ടൻ| Rijisha M.| Last Updated: ശനി, 15 സെപ്‌റ്റംബര്‍ 2018 (15:11 IST)
ഒരു ഓസീസ് താരം തന്നെ വംശീയമായി അധിക്ഷേപിച്ചുവെന്ന ആരോപണവുമായി ഇംഗ്ലണ്ട് ഓള്‍ റൗണ്ടർ താരം മൊയീന്‍ അലി രംഗത്ത്. 2015ലെ ആഷസ് പരമ്പരയില്‍ കാര്‍ഡിഫില്‍ നടന്ന ആദ്യ ടെസ്റ്റിനിടെ ഒരു ഓസ്‌ട്രേലിയന്‍ താരം തന്നെ ഒസാമയെന്ന് വിളിച്ചുവെന്നാണ് മോയിന്‍ അലി ടൈംസില്‍ എഴുതുന്ന തന്റെ ആത്മകഥയില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ആ സംഭവം തനിക്ക് വളരെ വേദനാജനകമായിരുന്നു. എന്നാൽ ഓസ്‌ട്രേലിയന്‍ കളിക്കാരന്റെ പേര് അലി വെളിപ്പെടുത്തിയിട്ടില്ല. ഗ്രൗണ്ടിലിറങ്ങിയപ്പോഴാണ് ഒരു ഓസ്‌ട്രേലിയന്‍ കളിക്കാരന്‍ എന്നെ നോക്കി ആ ഒസാമയെ പുറത്താക്ക് എന്ന് അധിക്ഷേപിച്ചത്.

ആ താരത്തിന്റെ അധിക്ഷേപത്തോടെ തന്റെ കളിയിലുള്ള ശ്രദ്ധ മുഴുവന്‍ നഷ്ടപ്പെട്ടു. ഇത്രയും വിവേചനം ഞാന്‍ അതുവരെ നേരിട്ടിട്ടില്ലായിരുന്നു. എന്നെ വംശീയമായി നിന്ദിച്ചതുപോലെ തോന്നി. അന്ന് ഞാൻ ക്രിക്കറ്റ് ഗ്രൗണ്ടിൽ ദേഷ്യത്തോടെയായിരുന്നു നിന്നത്, ഇതിന് മുമ്പ് ഞാൻ അത്രയും ദേഷ്യത്തിൽ ഇതുവരെ ഗ്രൗണ്ടിൽ നിന്നിട്ടില്ല.

ഓസ്‌ട്രേലിയന്‍ പരിശീലകനായിരുന്ന ഡാരന്‍ ലേമാനോടും ഇംഗ്ലീഷ് കോച്ച് ട്രെവര്‍ ബെയ്ലിസിനോടും ഇക്കാര്യം ഞാൻ പറഞ്ഞിരുന്നു. ലേമാന്‍ അത് ചോദ്യം ചെയ്‌തപ്പോൾ ആ താരം അത് നിഷേധിച്ചു. ആ പാര്‍ട് ടൈമറെ പുറത്താക്കൂ എന്നാണ് താന്‍ പറഞ്ഞതെന്ന് ആ കളിക്കാരന്‍ പറഞ്ഞു.

എന്നാല്‍ ഒസാമയെന്നു വിളിക്കുന്നതിന്റെയും പാര്‍ട് ടൈമര്‍ എന്ന് വിളിക്കുന്നതിന്റെയും വ്യത്യാസം എനിക്ക് നല്ലപോലെ അറിയാം. അതുകൊണ്ടുതന്നെ പാര്‍ട് ടൈമര്‍ എന്നാണ് വിളിച്ചതെങ്കില്‍ ഒരിക്കലും അത് ഞാന്‍ ഒസാമയായി തെറ്റിദ്ധരിക്കില്ല. പക്ഷെ അപ്പോള്‍ ആ കളിക്കാരന്‍ പറഞ്ഞത് വിശ്വസിക്കാനല്ലേ പറ്റൂ. പക്ഷെ ആ കളിയിലുടനീളം ഞാന്‍ രോഷാകുലനായിരുന്നു. ജീവിതത്തില്‍ ഞാന്‍ കളിച്ചിട്ടുള്ളതില്‍ ഇഷ്ടപ്പെടാത്ത ഒരേയൊരു ടീം അന്നത്തെ ഓസീസ് ടീമാണെന്നും മോയിന്‍ അലി വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :