ഇത് ഒടുക്കത്തെ അവസരം; മോശം ഫോം തുടര്‍ന്നാല്‍ രാഹുല്‍ ടീമില്‍ നിന്ന് പുറത്ത് !

ഇന്ത്യയുടെ ഉപനായകനായും രോഹിത്തിന്റെ പിന്‍ഗാമിയായും ബിസിസിഐ നേരത്തെ ഉയര്‍ത്തിക്കാട്ടിയ താരമാണ് രാഹുല്‍

രേണുക വേണു| Last Modified വ്യാഴം, 29 ഡിസം‌ബര്‍ 2022 (15:23 IST)

കെ.എല്‍.രാഹുലിന്റെ കരിയറിന് ചോദ്യചിഹ്നവുമായി ബിസിസിഐ. മോശം ഫോം തുടര്‍ന്നാല്‍ ഇനി ടീമില്‍ ഉണ്ടാകില്ലെന്ന സൂചനയാണ് ബിസിസിഐയും സെലക്ടര്‍മാരും നല്‍കുന്നത്. ഇതിന്റെ ഭാഗമായാണ് ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് രാഹുലിനെ ഒഴിവാക്കിയത്. മാത്രമല്ല ഏകദിന ടീമിലേക്ക് പരിഗണിച്ചെങ്കിലും രാഹുലിന്റെ ഉപനായകസ്ഥാനം തെറിച്ചു.

ഇന്ത്യയുടെ ഉപനായകനായും രോഹിത്തിന്റെ പിന്‍ഗാമിയായും ബിസിസിഐ നേരത്തെ ഉയര്‍ത്തിക്കാട്ടിയ താരമാണ് രാഹുല്‍. എന്നാല്‍ ഈ വര്‍ഷത്തെ മോശം പ്രകടനത്തില്‍ ബിസിസിഐയ്ക്ക് കടുത്ത അതൃപ്തിയുണ്ട്. ബിഗ് മാച്ചുകളില്‍ രാഹുല്‍ പൂര്‍ണ പരാജയമാകുന്നു എന്നാണ് സെലക്ടര്‍മാരുടെ വിമര്‍ശനം. അടുത്ത ട്വന്റി 20 ലോകകപ്പില്‍ രാഹുലിനെ ഉള്‍ക്കൊള്ളിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി. മാത്രമല്ല ഈ വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പില്‍ രാഹുല്‍ കളിക്കുമോ എന്ന കാര്യവും സംശയത്തിലാണ്.

രാഹുലിന്റെ ഏകദിന വൈസ് ക്യാപ്റ്റന്‍സി നീക്കി പകരം ഹാര്‍ദിക് പാണ്ഡ്യയ്ക്കാണ് ആ ചുമതല നല്‍കിയിരിക്കുന്നത്. ട്വന്റി 20 പരമ്പരയില്‍ രോഹിത്തിന്റെ അഭാവത്തില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ക്യാപ്റ്റന്‍. രോഹിത് ഏകദിന നായകസ്ഥാനം കൂടി ഒഴിയുന്നതോടെ പരിമിത ഓവര്‍ ഫോര്‍മാറ്റില്‍ ഹാര്‍ദിക് ഇന്ത്യയുടെ മുഴുവന്‍ സമയ നായകനാകും. ഇത് രാഹുലിന്റെ എല്ലാ വഴികളും പൂര്‍ണമായി അടയ്ക്കും. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ മോശം ഫോം ആവര്‍ത്തിച്ചാല്‍ രാഹുലിന് തുടര്‍ന്ന് അവസരങ്ങള്‍ ലഭിക്കുന്ന കാര്യം സംശയത്തിലാകും.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :