ഇന്ത്യന്‍ ക്രിക്കറ്റില്‍ ഗോത്രവര്‍ഗത്തിന് വിലാസമുണ്ടാക്കി രാമേശ്വര്‍ മുണ്ടെ; ചരിത്രമായി ധോണിയുടെ നാട്ടുകാരന്‍

ജാര്‍ഖണ്ട്,രഞ്ജി ടീം,പ്രകാശ് രാമേഷ്വര്‍ മുണ്ടെ
റാഞ്ചി| rahul balan| Last Modified ചൊവ്വ, 9 ഫെബ്രുവരി 2016 (12:35 IST)
ആള്‍ക്കൂട്ടത്തിനിടയില്‍ മാത്രമേ പ്രകാശ് രാമേശ്വര്‍ മുണ്ടെയെന്ന 24കാരനെ ഇപ്പോള്‍ കാണാന്‍ കഴിയൂ. ഗോത്രവര്‍ഗത്തില്‍ നിന്നും ജാര്‍ഖണ്ട് രഞ്ജി ടീമിലേക്ക് എത്തുന്ന ആദ്യ ക്രിക്കറ്റ് താരമെന്ന അപൂര്‍വ നേട്ടം കൈവരിച്ചിരിക്കുകയാണ് ‘ക്യാപ്‌റ്റന്‍ കൂള്‍’ ധോണിയുടെ നാട്ടുകാരന്‍‍. ദാരിദ്ര്യത്തില്‍ നിന്നും ജാര്‍ഖണ്ട് ടീമു വരെ എത്തി നില്‍ക്കുന്നത് ഈ യുവതാരത്തിന്റെ നിശ്ച്ചദാര്‍ഢ്യം ഒന്നു കൊണ്ടു മാത്രമാണെന്ന് മുണ്ടെയെ അടുത്തറിയാവുന്നവര്‍ക്ക് അറിയാം.

റാഞ്ചിയിലെ ഒരു ദരിദ്ര കുടുംബത്തില്‍ നിന്നാണ് മുണ്ടെ വരുന്നത്. “എന്നെ ക്രിക്കറ്റിലേക്ക് കൊണ്ടുവന്നത് വെയ്റ്റ് ലിഫ്റ്റര്‍ കൂടിയായ അച്‌ഛനാണ്. എന്നാല്‍ എന്നെപ്പോലെ താഴ്ന്ന ജാതിയില്‍ നിന്നും വരുന്ന ഒരാള്‍ക്ക് സ്റ്റേറ്റ് ടീമില്‍ സ്ഥാനം എന്നത് ഒരു സ്വപ്നം മാത്രമായിരുന്നു. എന്റെ ഈ നേട്ടം ഗോത്രവര്‍ഗ്ഗങ്ങളടക്കമുള്ള താഴ്ന്ന ജാതിക്കാര്‍ക്ക് പ്രചോദനമാകുമെന്നാണ് പ്രതീക്ഷ’- മുണ്ടെ പറഞ്ഞു.

റാഞ്ചിയിലെ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ പരിശീലനമാണ് മുണ്ടെയ്ക്ക് സ്റ്റേറ്റ് ടീമിലേക്ക് വഴി തുറന്നത്. ജാര്‍ഖണ്ടിന്റെ അണ്ടര്‍ 14, 15, 17, 19 എന്നീ ടീമുകളില്‍ കളിച്ച മുണ്ടെ, 2014ലെ സി കെ നായിഡു ട്രോഫിയിലെ സെഞ്ചുറിയോടെയാണ് വാര്‍ത്തകളില്‍ ഇടം പിടിച്ചത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ആന്ധ്രാപ്രദേശിനെതിരെ
അരങ്ങേറ്റ മത്സരത്തില്‍ അര്‍ധശതകം നേടി വരവറിയിച്ച മുണ്ടെയ്ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

“ഒരു പൈലറ്റ് ആകണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്നാല്‍ ഞാന്‍ ക്രിക്കറ്റ് കളി തുടങ്ങിയതോടെയാണ് എന്റെ ജീവിതം മാറിയത്. കുട്ടിക്കാലത്ത് വയറു വേദനയാണെന്ന് പറഞ്ഞ് സ്കൂളില്‍ പോകാതെ ക്രിക്കറ്റ് കളിക്കാന്‍ പോകുമായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ എന്റെ ഭാവി ഇതിലാണെന്ന് മനസ്സിലായി”.

“അച്‌ഛനാണ് എന്റെ വളര്‍ച്ചയ്ക്കു പിന്നില്‍, എനിക്ക് നാലു സഹോദരിമാരും ഒരു സഹോദരനുമാണ് ഉള്ളത്. സാമ്പത്തിക പ്രശ്നങ്ങള്‍ വലിയ തോതില്‍ ഉണ്ടായിരുന്നെങ്കിലും ക്രിക്കറ്റിലെ എന്റെ കഴിവു മനസിലാക്കിയ അച്‌ഛന്‍ കളിക്കാന്‍ വേണ്ടതെല്ലാം വാങ്ങിത്തരുമായിരുന്നു.’- മുണ്ടെ പറഞ്ഞു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :