ധോണിയും ജാദവും മിന്നി, ആദ്യ ഏകദിനത്തില്‍ ഓസീസിനെ തോല്‍പ്പിച്ച് ഇന്ത്യ

Jadhav, Dhoni, India, ജാദവ്, ധോണി, ഇന്ത്യ
ഹൈദരാബാദ്| Last Modified ശനി, 2 മാര്‍ച്ച് 2019 (22:01 IST)
ട്വന്‍റി20 പരമ്പരയിലെ തോല്‍‌വിക്ക് കണക്കുതീര്‍ത്തു. ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ 6 വിക്കറ്റിന് ഇന്ത്യയ്ക്ക് വിജയം. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ മുന്നോട്ടുവച്ച 237 റണ്‍സ് എന്ന വിജയലക്‍ഷ്യം ഇന്ത്യ 48.2 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

എം എസ് ധോണിയും കേദാര്‍ ജാദവും ചേര്‍ന്ന കൂട്ടുകെട്ടാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ധോണി 72 പന്തുകളില്‍ നിന്ന് 59 റണ്‍സും കേദാര്‍ ജാദവ് 87 പന്തുകളില്‍ നിന്ന് 81 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു. ഹിറ്റ്മാന്‍ രോഹിത് ശര്‍മ 66 പന്തുകള്‍ നേരിട്ട് 37 റണ്‍സ് മാത്രമെടുത്തതാണ് ഇന്ത്യന്‍ ആരാധകര്‍ക്ക് കുറച്ചെങ്കിലും നിരാശ സമ്മാനിച്ചത്.

ശിഖര്‍ ധവാന്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ ക്യാപ്‌ടന്‍ വിരാട് കോഹ്‌ലി 45 പന്തുകളില്‍ നിന്ന് 44 റണ്‍സെടുത്തു. അമ്പാട്ടി റായിഡു 13 റണ്‍സെടുത്ത് പുറത്തായി.

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയ്ക്ക് വേണ്ടി ഉസ്മാന്‍ ഖാവാജ 50 റണ്‍സെടുത്തു. ആരോണ്‍ ഫിഞ്ച് പൂജ്യത്തിന് ഔട്ടായതിന്‍റെ ഷോക്കില്‍ നിന്ന് ടീമിന് പുറത്തുകടക്കാനാവാത്തതുപോലെയായിരുന്നു അവരുടെ ബാറ്റിംഗ്. ട്വന്‍റി20 ഹീറോ മാക്സ്‌വെല്‍ 40 റണ്‍സ് എടുത്തു. സ്റ്റോണിസ്(37), ടര്‍ണര്‍(21), ഹാന്‍ഡ്സ്‌കോംബ്(19), അലക്‍സ് ക്യാരി(36), കോള്‍ട്ടര്‍നൈല്‍ (28) എന്നിവരാണ് ഓസീസ് നിരയിലെ പ്രധാന സ്കോറര്‍‌മാര്‍.

ഇന്ത്യയ്ക്കുവേണ്ടി ഷമിയും ബൂമ്രയും കുല്‍ദീപ് യാദവും രണ്ടുവിക്കറ്റ് വീതം വീഴ്ത്തി. കേദാര്‍ ജാദവ് ഒരു വിക്കറ്റെടുത്തു. വിക്കറ്റൊന്നും നേടിയില്ലെങ്കിലും ഇന്ത്യന്‍ ബൌളര്‍മാരില്‍ ഏറ്റവും മികച്ച രീതിയില്‍ പന്തെറിഞ്ഞത് രവീന്ദ്ര ജഡേജയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :