കോഹ്‌ലി നമിച്ചു പോയി ആ ഷോട്ടുകള്‍ കണ്ട്; ഡിവില്ലിയേഴ്‌സ് അന്തം വിട്ടു

ഐപിഎല്‍ , വിരാട് കോഹ്ലി , ബാംഗ്ളൂര്‍ റോയല്‍ ചാലഞ്ചേഴ്സ് , സര്‍ഫറസ് ഖാന്‍
ബാംഗ്ളൂരു| jibin| Last Modified വ്യാഴം, 30 ഏപ്രില്‍ 2015 (12:33 IST)
ഐപിഎല്ലില്‍ വെടിക്കെട്ട് താരങ്ങള്‍ അണിനിരക്കുന്ന ടീമാണ് ബാംഗ്ളൂര്‍ റോയല്‍ ചാലഞ്ചേഴ്സ്. വിരാട് കോഹ്‌ലി, എബി ഡിവില്ലിയേഴ്‌സ്, ക്രിസ് ഗെയില്‍ എന്നി വമ്പന്മാര്‍ കരുത്ത് കാട്ടുന്ന ബാംഗ്ളൂര്‍ നിരയില്‍ ഒരു കൗമാര പ്രതിഭ കൂടി ഉദയം ചെയ്തിരിക്കുന്നു, പതിനേഴുകാരനായ സര്‍ഫറസ് ഖാന്‍. രാജസ്ഥാനെതിരായ മത്സരത്തില്‍ പതിനാലാം ഓവറില്‍ ഓവറില്‍ ക്രീസിലെത്തിയ ഈ മുംബൈക്കാരന്‍ നേടിയത്
21 പന്തില്‍ 45 റണ്‍സാണ്. 214.28 സ്ട്രൈക്ക് റേറ്റില്‍ ആറ് ഫോറും ഒരു സിക്സുമടങ്ങുന്നതായിരുന്നു ആറാമാനായി ഇറങ്ങിയ ഈ കൊച്ചു താരത്തിന്റെ ഇന്നിംഗ്‌സ്.

മത്സരം അവസാനിച്ച് സര്‍ഫ്രാസ് ഗ്യാലറിയിലേക്ക് മടങ്ങുമ്പോള്‍ ബാംഗ്ളൂര്‍ നായകനും ഇന്ത്യന്‍ ഉപനായകനുമായ വിരാട് കോഹ്ലി സര്‍ഫ്രാസിനെ പാതി കളിയായും പാതി കാര്യമായും താണുതൊഴുതു. കൊച്ചു താരത്തെ അഭിനന്ദിക്കാന്‍ ടീമംഗങ്ങളെല്ലാം ഗ്രൗണ്ടിലെത്തിയിരുന്നു. ബാറ്റിങ്ങിലെ അനായാസ്യതയും ഷോട്ടുകളിലെ വൈവിധ്യവും സര്‍ഫറാസിന്റെ പ്രത്യേകതയാണ്. ജാവേദ് മിയന്‍ദാദ്, അരവിന്ദ് ഡി സില്‍വ എന്നിവരുടെ കഴിവിനൊപ്പമാണ് ക്രിക്കറ്റ് രംഗത്തെ വിദഗ്ധര്‍ പതിനേഴുകാരനെ വിശേഷിപ്പിച്ചത്. അതുല്യപ്രതിഭയാണ് ഈ പതിനേഴുകാരനെന്ന് മുന്‍ ഇംഗ്ളണ്ട് ക്യാപ്റ്റന്‍ മൈക്കേല്‍ വോന്‍ ട്വീറ്റ് ചെയ്യുക കൂടി ചെയ്‌തതോടെ സര്‍ഫറസ് സൂപ്പര്‍ താരമായി മാറി.

കഴിഞ്ഞ വര്‍ഷം ദുബായില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ കളിച്ചിരുന്നു. അന്ന് 70.30 ശരാശരിയോടെ 211 റണ്‍സ് നേടിയതാണ് സര്‍ഫ്രാസിനെ ശ്രദ്ധേയനാക്കിയത്. 2009ലെ ഹാരിസ് ഷീല്‍ഡ് ഇന്റര്‍ സ്കൂള്‍ മല്‍സരത്തില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചാണ് പിന്നീട് വാര്‍ത്തകളില്‍ ഇടംനേടിയത്. ആദ്യ കളിയില്‍ 421 പന്തില്‍ 439 റണ്‍സാണ് അടിച്ചെടുത്തത്. ഇതില്‍ 56 ഫോറുകളും 12 സിക്സുകളും ഉള്‍പ്പെടുന്നു. 12 വയസ്സുള്ളപ്പോഴായിരുന്നു ഇത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :