അങ്കം ജയിച്ചാല്‍ പിറക്കുന്നത് പൊന്നും വിലയുള്ള ചരിത്രം; ടീമില്‍ പൊളിച്ചെഴുത്ത് - കോഹ്‌ലി രണ്ടും കല്‍പ്പിച്ച്

  Ravindra Jadeja , yuzvendra chahal , Australia , Team India , Virat kohli , Cricket , വിരാട് കോഹ്‌ലി , ഓസ്‌ട്രേലിയ , മെല്‍‌ബണ്‍ , ധോണി
മെല്‍‌ബണ്‍| Last Updated: വ്യാഴം, 17 ജനുവരി 2019 (17:52 IST)
ഓസ്‌ട്രേലിയന്‍ മണ്ണില്‍ ടെസ്‌റ്റ് പരമ്പര സ്വന്തമാക്കി ചരിത്രം കുറിച്ച വിരാട് കോഹ്‌ലിയും സംഘവും സമാനമായ നേട്ടത്തിലേക്ക്. മെല്‍‌ബണില്‍ ജയം പിടിച്ച് പരമ്പര സ്വന്തമാക്കിയാല്‍ കങ്കാരുക്കളുടെ നാട്ടില്‍ അവര്‍ക്കെതിരെ ഏകദിന പരമ്പര നേടുന്ന ആദ്യ ഇന്ത്യന്‍ ടീമെന്ന നേട്ടമാണ് വിരാട് കോഹ്‌ലിയേയും സംഘത്തെയും കാത്തിരിക്കുന്നത്.

ടെസ്‌റ്റിന് പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കാനുറച്ച് ഇറങ്ങുന്ന ഇന്ത്യന്‍ ടീം രണ്ടും കല്‍പ്പിച്ചാണെന്നാണ് റിപ്പോര്‍ട്ട്. മഹേന്ദ്ര സിംഗ് ധോണി ഫോമിലേക്ക് മടങ്ങിയെത്തിയതിന്റെ ആവേശം ഡ്രസിംഗ് റൂമില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ശിഖര്‍ ധവാന്‍ അടക്കമുള്ള താരങ്ങള്‍ മഹിയുടെ രാജകീയ മടങ്ങിവരവില്‍ സന്തോഷവാനാണ്.

മെല്‍‌ബണില്‍ കളി ജയിക്കണമെങ്കില്‍ കുറെയേറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് തിരിച്ചറിഞ്ഞാണ് ടോസിന് മുമ്പ് മാത്രമെ ടീം പ്രഖ്യാപിക്കൂ എന്ന് മാനേജ്‌മെന്റ് അറിയിച്ചത്. മെല്‍ബണിലെ വലിയ ഗ്രണ്ടില്‍ രണ്ട് സ്‌പെഷ്യലിസ്‌റ്റ് സ്‌പിന്നര്‍മാരെ കളിപ്പിക്കാനാണ് കോഹ്‌ലിയുടെ പ്ലാന്‍. അങ്ങനെ വന്നാല്‍ രണ്ടാം മത്സരത്തില്‍ നിറം മങ്ങിയ മുഹമ്മദ് സിറാജിന് പകരം കുല്‍ദീപ് യാദവിനൊപ്പം യുസ്‌വേന്ദ്ര ചാഹലും ടീമില്‍ ഇടം പിടിക്കും.

രണ്ട് സ്‌പിന്നര്‍മാര്‍ വരുമ്പോള്‍ രവീന്ദ്ര ജഡേജക്ക് പകരം ഓള്‍ റൗണ്ടര്‍ വിജയ് ശങ്കറെ ഇന്ത്യ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കും. ബാറ്റിംഗിലെ ആശങ്കകള്‍ പരിഹരിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ധവാന്‍ ഫോമിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷ കോഹ്‌ലിക്കുണ്ട്. എന്നാല്‍, അനാവശ്യ ഷോട്ടുകള്‍ കളിച്ച് പുറത്താകുന്ന അംബാട്ടി റായിഡുവിന്റെ ഫോമാണ് സമ്മര്‍ദ്ദമുണ്ടാക്കുന്നത്.

രണ്ടാം ഏകദിനത്തില്‍ കോഹ്‌ലിക്ക് പിന്തുണ നല്‍കി ക്രീസില്‍ തുടരേണ്ട സാഹചര്യത്തിലാണ് റായിഡു അനാവശ്യ ഷോട്ടിലൂടെ പുറത്തായത്. ഫിനിഷറുടെ റോളില്‍ ധോണിക്കൊപ്പം ദിനേഷ് കാര്‍ത്തിക്കുമുള്ളത് ഇന്ത്യക്ക് ആശ്വാസമാണ്. വലിയ ടോട്ടല്‍ പിന്തുടരേണ്ട സാഹചര്യമുണ്ടായാല്‍ ഈ ബാറ്റിംഗ് ക്രമം വിജയം കാണുമെന്ന് മാനേജ്‌മെന്റ് ഉറച്ചു വിശ്വസിക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :