നാഗ്പൂരില്‍ ഇന്ത്യ പിടിമുറുക്കുന്നു, 136 റൺസിന്റെ നിർണായക ലീഡ്

നാഗ്പൂർ| VISHNU N L| Last Modified വ്യാഴം, 26 നവം‌ബര്‍ 2015 (13:52 IST)
സ്പിന്നര്‍മാരെ കൈവിട്ട് തുണയ്ക്കുന്ന നാഗ്പൂരിലെ പിച്ചിലും ദക്ഷിണാഫ്രിക്കയ്ക്ക് അടിപതറുന്നു. ഒന്നാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്കയെ 79 റൺസിന് പുറത്താക്കി ഇന്ത്യ 136 റൺസിന്റെ നിർണായക ലീഡ് നേടി.

ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 215 റൺസിന് അവസാനിച്ചിരുന്നു. മറുപടി ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയെ ഇന്ത്യയുടെ സ്പിന്നര്‍മാര്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.

തുടക്കം മുതൽ തന്നെ കളി പിഴച്ച ദക്ഷിണാഫ്രിക്കയ്ക്ക്
11 റൺസെടുക്കുന്നതിനിടെ നഷ്ടമായത് രണ്ടു വിക്കറ്റുകൾ. ഇവിടെ നിന്നും കളി പുനഃരാരംഭിച്ച ദക്ഷിണാഫ്രിക്കയുടെ ബാക്കി വിക്കറ്റുകളും മണിക്കൂറുകൾക്കുള്ളിൽ നഷ്ടമായി.

35 റൺസെടുത്ത ജീൻ പോൾ ഡുമിനിയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. മൂന്നുപേർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. സ്പിന്നർമാരാണ് ദക്ഷിണാഫ്രിക്കയുടെ പത്തു വിക്കറ്റുകളും വീഴ്ത്തിയത്.

അശ്വിൻ അഞ്ചും ജഡേജ നാലും വിക്കറ്റുകൾ വീതം വീഴ്ത്തി. അമിത് മിശ്ര ഒരു വിക്കറ്റെടുത്തു. ടെസ്റ്റ് ക്രിക്കറ്റിൽ അശ്വിൻ പതിനാലാം തവണയാണ് അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. നാഗ്പൂരിൽ വിജയിക്കാനായാൽ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :