ലോഡ്സില്‍ പന്ത് കറങ്ങി തുടങ്ങി; ഇന്ത്യക്ക് ജയം ആറ് വിക്കറ്റ് അകലെ

 ഇന്ത്യ-ഇംഗ്ളണ്ട് , ലണ്ടന്‍ , ധോണി , ക്രിക്കറ്റ് ടെസ്റ്റ്
ലണ്ടന്‍| jibin| Last Modified തിങ്കള്‍, 21 ജൂലൈ 2014 (10:18 IST)
ലോഡ്സില്‍ നടക്കുന്ന ഇന്ത്യ-ഇംഗ്ളണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ് തുടങ്ങിയ ഇംഗ്ളണ്ട് സ്റ്റെമ്പെടുക്കുമ്പോള്‍ നാല് വിക്കറ്റിന് 105 റണ്‍സെന്ന നിലയില്‍ പൊരുതുകയാണ്. ആറ് വിക്കറ്റും ഒരു ദിനവും ബാക്കിയിരിക്കെ അവര്‍ക്ക് ജയിക്കാന്‍ 214 റണ്‍സ് വേണം.

നേരത്തേ നാല് വിക്കറ്റിന് 169 എന്ന നിലയില്‍ രണ്ടാം ഇന്നിങ്സ് പുനരാരംഭിച്ച ഇന്ത്യയുടെ ഇന്നിങ്സ് 342ല്‍ റണ്‍സില്‍ അവസാനിച്ചതോടെയാണ് ആതിഥേയര്‍ക്ക് വിജയ പ്രതീക്ഷ കൈവന്നത്. മികച്ച പ്രകടനം നടത്താതിരുന്ന ക്യാപ്റ്റന്‍ ധോണിയാണ് ഇന്നലെയും ഇന്ത്യക്ക് നിരാശ സമ്മാനിച്ചത്. പിന്നാലെ സ്റ്റുവര്‍ട്ട് ബിന്നിയെ (0) മൊഈന്‍ അലി റണ്ണെടുക്കും മുമ്പേ മടക്കി.

മികച്ച പ്രകടനം നടത്തിയ മുരളി വിജയി സെഞ്ച്വറിക്ക് അഞ്ച് റണ്‍ അകലെ വെച്ച് വിക്കറ്റ് ആന്‍ഡേഴ്സണ് സമ്മാനിക്കുകയായിരുന്നു. തുടര്‍ന്നെത്തിയ രവീന്ദ്ര ജഡേജയും (68) ഭുവനേശ്വര്‍ കുമാറും (52)മാണ് ഇന്ത്യക്ക് മാന്യമായ നില സമ്മാനിച്ചത്. എട്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 99 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. അവസാന വിക്കറ്റില്‍ മുഹമ്മദ് ഷമി (0) പെട്ടെന്ന് മടങ്ങി. ഇശാന്ത് ശര്‍മ(0) പുറത്താകാതെ നിന്നു.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ആതിഥേയര്‍ മികച്ച ജയ പ്രതീക്ഷയിലായിരുന്നു. എന്നാല്‍ മികച്ച ബൌളിങ് പുറത്തെടുത്ത ഇന്ത്യ വിക്കറ്റ് വീഴ്ത്തി തുടങ്ങിയതോടെ മത്സരം ഒപ്പത്തിനൊപ്പമായി. ഓപണര്‍ സാംറോബ്സന്‍(7) ,ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് (22) ഗാരി ബാലന്‍സ് (27),ഇയാന്‍ബെല്‍ (1) എന്നിവരാണ് പുറത്തായത്. ജോറൂട്ട് (14), മൊഈന്‍അലി(15) എന്നിവരാണ് ക്രീസില്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :