ലോകകപ്പ് ഫൈനലിൽ തെറ്റു പറ്റിയെന്ന് സമ്മതിച്ച് അമ്പയര്‍ കുമാര്‍ ധര്‍മസേന

Last Modified തിങ്കള്‍, 22 ജൂലൈ 2019 (10:17 IST)
ന്യൂസിലന്‍ഡ് ഇംഗ്ലണ്ട് ഫൈനലിൽ തനിക്ക് തെറ്റു പറ്റിയതായി സമ്മതിച്ച് അമ്പയര്‍ കുമാര്‍ ധര്‍മസേന.
മത്സരത്തിന്റെ അവസാന ഓവറില്‍ ഇംഗ്ലണ്ടിന് അനുകൂലമായി ഓവര്‍ത്രോ റണ്‍സ് അനുവദിച്ചതില്‍ തനിക്ക് സംഭവിച്ച പിഴവ് അമ്പയർ തുറന്നു സമ്മതിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അവസാന ഓവറിലെ പതിനഞ്ച് റണ്‍സെന്ന ലക്ഷ്യത്തിലെത്താന്‍ ഇംഗ്ലണ്ടിനെ സഹായിച്ചത് ഓവര്‍ത്രോയിലൂടെ ലഭിച്ച ആറു റണ്‍സാണ്. അമ്പയര്‍ ഒരു റണ്‍സ് ഇംഗ്ലണ്ടിന് അധികമായി നല്‍കിയെന്ന ആരോപണം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

ഫൈനലിൽ ഇംഗ്ലണ്ടിന് ജയിക്കാൻ അവസാന 3 പന്തിൽ 9 റൺസാണ് വേണ്ടിയിരുന്നത്. ആ സമയത്ത് ബെൻ സ്റ്റോക്സ് രണ്ടാം റണ്ണിനായി ഓടുമ്പോൾ ന്യൂസീലൻഡിന്റെ മാർട്ടിൻ ഗപ്ടിൽ എറിഞ്ഞ പന്ത് സ്റ്റോക്സിന്റെ ബാറ്റിൽ തട്ടി ബൗണ്ടറി ആയിരുന്നു. എന്നാൽ, ഈ സമയത്ത് അഞ്ച് റണ്‍സിന് പകരം ആറ് റണ്‍സ് നല്‍കുകയായിരുന്നു അമ്പയർ ചെയ്തത്.

ബാറ്റ്സ്മാൻമാർ പരസ്പരം ക്രോസ് ചെയ്യാതിരുന്നിട്ടും ഓവർ ത്രോ ഫോർ ഉൾപ്പെടെ ധർമസേന 6 റൺസ് അനുവദിച്ചത് മത്സരത്തിൽ നിർണായകമായി. ശരിക്കും 5 റൺസേ അനുവദിക്കേണ്ടിയിരുന്നുള്ളൂവെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. ടിവി റീപ്ലേ പിന്നീട് പരിശോധിച്ചപ്പോള്‍ തനിക്ക് പിഴവ് വന്നതായി മനസിലായെന്ന് ധര്‍മസേന പറഞ്ഞു.

എന്നാല്‍, മൈതാനത്ത് തങ്ങള്‍ക്ക് വലിയ രീതിയിലുള്ള ടിവി റീപ്ലേകള്‍ ലഭ്യമല്ല. അതുകൊണ്ടുതന്നെ തെറ്റില്‍ ഖേദം പ്രകടിപ്പിക്കില്ലെന്നും ധര്‍മസേന വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :