ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യ കളിക്കില്ല

രേണുക വേണു| Last Modified വെള്ളി, 20 ഒക്‌ടോബര്‍ 2023 (15:39 IST)

ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ കളിക്കില്ല. വ്യാഴാഴ്ച ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ പാണ്ഡ്യക്ക് പരുക്കേറ്റിരുന്നു. ഇടത് കാല്‍മുട്ടിന് പരുക്കേറ്റ ഹാര്‍ദിക്കിനെ സ്‌കാനിങ്ങിന് വിധേയനാക്കി. ഏതാനും ദിവസങ്ങള്‍ താരത്തിനു വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. അതിനാല്‍ ഒക്ടോബര്‍ 22 ഞായറാഴ്ച നടക്കുന്ന ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരം താരത്തിനു നഷ്ടമാകും. ധര്‍മ്മശാലയിലാണ് മത്സരം നടക്കുക. ഒക്ടോബര്‍ 29 ന് ലഖ്‌നൗവില്‍ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തില്‍ ഹാര്‍ദിക്കിന് കളിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. ബിസിസിഐ മെഡിക്കല്‍ ടീമിന്റെ നിരീക്ഷണത്തിലാണ് ഹാര്‍ദിക് ഇപ്പോള്‍.

ബംഗ്ലാദേശ് ഇന്നിങ്‌സിന്റെ ഒന്‍പതാം ഓവറിലാണ് ബൗളിങ്ങിനിടെ ഹാര്‍ദിക്കിന് പരുക്കേറ്റത്. കാല്‍വഴുതി പിച്ചില്‍ വീണ പാണ്ഡ്യയെ പിന്നീട് ഡ്രസിങ് റൂമിലേക്ക് കൊണ്ടുപോയി. ഹാര്‍ദിക്കിന്റെ ആദ്യ ഓവറിലായിരുന്നു സംഭവം. മൂന്ന് പന്തുകള്‍ മാത്രം എറിഞ്ഞ ശേഷമാണ് ഹാര്‍ദിക് കളം വിട്ടത്. വിരാട് കോലിയാണ് പിന്നീട് ഈ ഓവറിലെ ശേഷിക്കുന്ന പന്തുകള്‍ എറിഞ്ഞത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :