സൌരവ് ഗാംഗുലി ഇന്ത്യയുടെ പരിശീലകനായേക്കും

Last Modified വ്യാഴം, 16 ഏപ്രില്‍ 2015 (15:49 IST)
ഇന്ത്യയുടെ ഏക്കാലത്തേയും പ്രിയ ക്യാപ്റ്റനായിരുന്ന സൌരവ് ഗാംഗുലി ഇന്ത്യയുടെ പരിശീലകനായേക്കും. ലോകകപ്പ് കഴിഞ്ഞതോടെ കോച്ച് ഡങ്കന്‍ ഫ്‌ലെച്ചറുമായുണ്ടായിരുന്ന കരാര്‍ അവസാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കോച്ച് സ്ഥാനത്തേക്ക് ഗാംഗുലിയെ നിയമിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നാണ് ഒരു ദേശീയ മാധ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്ത്യയെ പരിശീലിപ്പിക്കാനുള്ള തന്റെ ആഗ്രഹം ദാദ ബിസിസിഐ തലവന്‍ ജഗ്‍മോഹന്‍ ഡാല്‍മിയയുമായി അനൌദ്യോഗികമായി അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പരിശീലക സ്ഥാനം ലഭിക്കാന്‍ നിരവധി അനുകൂല ഘടകങ്ങള്‍ ഗാംഗുലിക്കുണ്ടെങ്കിലും ഇക്കാര്യം ബി.സി.സി.ഐയെ അറിയിക്കണമെന്നാണ് ഡാല്‍മിയ മറുപടി നല്‍കിയത്.

ഇത് സംബന്ധിച്ച് ഗാംഗുലിയും ഡാല്‍മിയയും തമ്മില്‍ ചര്‍ച്ച നടന്നുവെന്നും എന്നാല്‍ ഡാല്‍മിയ ഗാംഗുലിക്ക് ഉറപ്പൊന്നും നല്‍കിയിട്ടില്ലെന്നുമാണ് വാര്‍ത്തകള്‍. എന്നാല്‍ മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡിനേയും പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ബി.സി.സി.ഐയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ടെന്നാണ് സൂചനകള്‍. ടീം ഇന്ത്യക്ക് ഇന്ത്യക്കാരനായ കോച്ച് മതിയെന്ന അഭിപ്രായവും രൂപപ്പെട്ടുവരുന്നുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് പ്രതികരിക്കാന്‍ ഡാല്‍മിയ തയാറായിട്ടില്ല. കുറച്ചു നാള്‍ കൂടി കാത്തിരിക്കാനായിരുന്നു ഡാല്‍മിയയുടെ മറുപടി.










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :