Sanju Samson: ഇതൊക്കെ സര്‍വ്വസാധാരണമെന്ന് സഞ്ജു; ന്യായീകരിച്ച് ന്യായീകരിച്ച് എങ്ങോട്ടാണെന്ന് ആരാധകര്‍, വിമര്‍ശനം

എന്നാല്‍ സഞ്ജുവിന്റെ വാക്കുകള്‍ ആരാധകര്‍ക്ക് അത്ര പിടിച്ചിട്ടില്ല

രേണുക വേണു| Last Modified തിങ്കള്‍, 24 ഏപ്രില്‍ 2023 (08:49 IST)

Sanju Samson: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ ഏഴ് റണ്‍സിന് രാജസ്ഥാന്‍ റോയല്‍സ് തോറ്റതിനു പിന്നാലെ നായകന്‍ സഞ്ജു സാംസണും പരിശീലകന്‍ കുമാര്‍ സംഗക്കാരയ്ക്കും വിമര്‍ശനം. ടീമിന്റെ മണ്ടന്‍ തീരുമാനങ്ങളാണ് തോല്‍വിക്ക് കാരണമെന്ന് ആരാധകര്‍ തുറന്നടിച്ചു. ജേസണ്‍ ഹോള്‍ഡറെ ബാറ്റിങ്ങിന് ഇറക്കാത്ത തീരുമാനമാണ് അതില്‍ പ്രധാനമായി ആരാധകര്‍ എടുത്തു കാണിക്കുന്നത്. രവിചന്ദ്രന്‍ അശ്വിനേക്കാള്‍ മുന്‍പ് ഹോള്‍ഡര്‍ ബാറ്റിങ്ങിന് എത്തിയിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നാകുമായിരുന്നു എന്നാണ് രാജസ്ഥാന്‍ ആരാധകര്‍ അടക്കം പറയുന്നത്.

ട്വന്റി 20 യില്‍ അശ്വിനേക്കാള്‍ മികവ് പുലര്‍ത്തിയിട്ടുള്ള താരമാണ് ജേസണ്‍ ഹോള്‍ഡര്‍. ചിന്നസ്വാമി പോലൊരു ചെറിയ ഗ്രൗണ്ടില്‍ ഉയര്‍ന്ന കായികക്ഷമതയുള്ള ഹോള്‍ഡറിന് അതിവേഗം ബൗണ്ടറികള്‍ നേടാന്‍ കഴിവുണ്ട്. എന്നിട്ടും ഹോള്‍ഡറിനെ ബാറ്റിങ്ങിന് ഇറക്കിയില്ല. മത്സരശേഷം ഇതേ കുറിച്ച് നായകന്‍ സഞ്ജു പറഞ്ഞ ന്യായീകരണവും ആരാധകരെ ചൊടിപ്പിച്ചു.

' ഇതുപോലെയുള്ള ഗ്രൗണ്ടുകളില്‍ കളിക്കുമ്പോള്‍ 10, 12, 13 റണ്‍റേറ്റുകളൊക്കെ പിന്തുടര്‍ന്ന് ജയിക്കാവുന്നതേയുള്ളൂ. ഒരു ബൗണ്ടറി അധികമുണ്ടായിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നാകുമായിരുന്നു. സാധാരണ ഹെറ്റ്മയര്‍ ഇത്തരം സാഹചര്യങ്ങളില്‍ ടീമിന് വേണ്ടി കളിക്കുന്നതാണ്. എന്നാല്‍ അദ്ദേഹത്തിനു ഇന്ന് ഒരു ഓഫ് ഡേ ആയിപ്പോയി. മുന്‍പ് ഇത്തരം സമ്മര്‍ദ്ദ സാഹചര്യങ്ങളില്‍ അശ്വിന്‍ ടീമിന് വേണ്ടി കളിച്ചിട്ടുണ്ട്. അദ്ദേഹത്തിനു പരിചയസമ്പത്തും ഉണ്ട്. അതുകൊണ്ടാണ് ഹോള്‍ഡറിനെക്കാള്‍ മുന്‍പ് അശ്വിനെ ബാറ്റിങ്ങിനിറക്കിയത്. ഐപിഎല്‍ മത്സരങ്ങളില്‍ ചെറിയ മാര്‍ജിനില്‍ ജയിക്കുന്നതും തോല്‍ക്കുന്നതും സര്‍വ്വ സാധാരണമാണ്,' സഞ്ജു പറഞ്ഞു.

എന്നാല്‍ സഞ്ജുവിന്റെ വാക്കുകള്‍ ആരാധകര്‍ക്ക് അത്ര പിടിച്ചിട്ടില്ല. കൈയിലുണ്ടായിരുന്ന കളി മണ്ടന്‍ തീരുമാനങ്ങള്‍ കാരണം തോല്‍പ്പിച്ചിട്ട് ഇതൊക്കെ സര്‍വ്വസാധാരണമാണ് എന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് ആരാധകര്‍ ചോദിക്കുന്നു. അശ്വിനേക്കാള്‍ പരിചയസമ്പത്തുള്ള ഹോള്‍ഡറെ സഞ്ജു വില കുറച്ച് കാണുന്നത് ശരിയായില്ലെന്നും രാജ്യാന്തര ടീമിനെ ട്വന്റി 20 ലോകകപ്പ് ഉയര്‍ത്താന്‍ സഹായിച്ച നായകനാണ് ഹോള്‍ഡര്‍ എന്ന കാര്യം സഞ്ജു മറക്കരുതെന്നും ആരാധകര്‍ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :