അടിച്ചും തിരിച്ചടിച്ചും കരുത്തനായി; ദ്വീപുകാരെ പോരാളികളാക്കിയ ബ്രാവോയെക്കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം ?

അടിച്ചും തിരിച്ചടിച്ചും കരുത്തനായി; ദ്വീപുകാരെ പോരാളികളാക്കിയ ബ്രാവോയെക്കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം ?

dwayne bravo , bravo retirement ,  West Indies , cricket , ബ്രാവോ , കരീബിയന്‍ , വെസ്‌റ്റ് ഇന്‍ഡീസ് , ക്രിക്കറ്റ്
നവ്യാ വാസുദേവ്| Last Modified വ്യാഴം, 25 ഒക്‌ടോബര്‍ 2018 (19:29 IST)
ബ്രാവോ എങ്ങനെ പെരുമാറുമെന്ന് പറയാനാകില്ല, കോപത്തോടെ ബോളിംഗ് എന്‍ഡില്‍ നിന്നും അടുത്തേക്ക് എത്തുമെങ്കിലും അടുത്തവന്ന് നല്ലൊരു പുഞ്ചിരി സമ്മാനിച്ചിട്ട് മടങ്ങുകയായിരിക്കും ചെയ്യുക. ചിലപ്പോള്‍ ബാറ്റ് വായുവില്‍ കറക്കി വീശും അല്ലെങ്കില്‍ ക്രീസില്‍ നൃത്തം ചെയ്യും. സമ്മര്‍ദ്ദങ്ങള്‍ക്കു പോലും ഈ കരീബിയന്‍ താരത്തെ കീഴ്‌പ്പെടുത്താന്‍ സാധിച്ചിട്ടില്ല.

ഒരു സാധാരണ വെസ്‌റ്റ് ഇന്‍ഡീസ് താരമായിരുന്ന ബ്രാവോ എന്തുകൊണ്ട് ആരാധകരുടെ പ്രിയതാരമായി എന്ന ചോദ്യത്തിന് ഉത്തരം നല്‍കുക അസാധ്യമാണ്. അതിനുത്തരം ഈ ആറടിക്കാരന്‍ തന്നെ പറയട്ടെ എന്നാകും ക്രിക്കറ്റ് ലോകവും ആഗ്രഹിക്കുക.

ക്രിക്കറ്റ് താരത്തിന്റെ കുപ്പായമണിഞ്ഞാലും പിന്നിട്ട കാലങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടെ കൊണ്ടു നടക്കുന്നവരാണ് എല്ലാ വിന്‍ഡീസ് താരങ്ങളും. പിന്നിട്ട വഴികളൊന്നും ഇവര്‍ക്ക് സന്തോഷം നല്‍കിയിട്ടില്ല, എന്നും വേദനകള്‍ മാത്രമായിരുന്നു പലര്‍ക്കും.

ക്രിക്കറ്റിന്റെ വസന്തകാലത്തേക്ക് എത്തുമ്പോള്‍ പോലും വരും തലമുറയ്‌ക്കായി ബോര്‍ഡിനോട് വഴിക്കിടും എല്ലാ വിന്‍ഡീസ് താരങ്ങളും. ഇക്കാര്യത്തില്‍ ജൂനിയറോ സീനിയറോ എന്ന വ്യത്യാസം വിന്‍ഡീസ് ക്യാമ്പില്‍ ഉണ്ടാകില്ല. നല്ല ശമ്പളം, പരിശീലനം, ആഭ്യന്തര ക്രിക്കറ്റ് മെച്ചപ്പെടുത്തുക, ജേഴ്‌സി ഉള്‍പ്പെടയുള്ള ആവശ്യ വസ്‌തുക്കള്‍ എന്നിവയ്‌ക്കായിരിക്കും എന്നും കലഹമുണ്ടാകുക എന്നതാണ് അതിശയമുണ്ടാക്കുക.

ക്രിസ് ഗെയില്‍ മുതല്‍ ഡാരന്‍ ബ്രാവോവരെ ഈ ലഹളയ്‌ക്ക് ചുക്കാന്‍ പിടിച്ചു. ലോകകപ്പ് ഉള്‍പ്പെടയുള്ള നേട്ടങ്ങള്‍ സമ്മാനിച്ചിട്ടും അവഗണന താങ്ങാനാകാതെ വന്നതോടെയാണ് വിന്‍ഡീസിനായി ഇനി കളിക്കില്ലെന്ന് ബ്രാവോ തുറന്നടിച്ചത്. ഇതോടെ ബോഡിന്റെ പ്രധാന ശത്രുവുമായി.


നീണ്ട പതിനാല് വര്‍ഷത്തെ ക്രിക്കറ്റ് ജീവിതത്തില്‍ ബ്രാവോ ഒരു ക്രിക്കറ്റര്‍ മാത്രമായിരുന്നില്ല ഒരു
പോരാളി കൂടിയായിരുന്നു. 2012, 2016 വര്‍ഷങ്ങളില്‍ വിന്‍ഡീസ് ട്വന്റി-20 ലോകകപ്പ് നേടുമ്പോള്‍ ടീമിന്റെ ശക്തി കേന്ദ്രമായി ബ്രാവോ ഉണ്ടായിരുന്നു. ബോര്‍ഡിനോട് കലഹം തുടരുമ്പോഴും ദ്വീപുകാര്‍ക്കായി ഗ്രൌണ്ടില്‍ വിയര്‍ത്തു കളിച്ചു.


2004ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ വിന്‍ഡീസ് കെട്ടുറപ്പുള്ള ടീമായിരുന്നു. ഓള്‍റൗണ്ടര്‍മാരുടെ നീണ്ട നിര തന്നെയുണ്ടായിരുന്നിട്ടും ജയപരാജയങ്ങള്‍ കരീബിയന്‍ വമ്പന്മാരെ വിട്ടു പോയില്ല. അവിടെയാണ് ബ്രാവോ എന്ന താരത്തിന്റെ വിജയം. തോല്‍‌വിയിലും തലയുയര്‍ത്തി തിരിച്ചു നടക്കാനും അവസാനം വരെ പോരാടാനും ടീമിനെ പ്രാപ്‌തമാക്കിയതില്‍ ബ്രാവോ വിജയിച്ചു. അവിടെ നിന്നും ടീമിന്റെ ക്യാപ്‌റ്റന്‍ സ്ഥാനം വരെ ഏറ്റെടുത്തു.

പാട്ടും നൃത്തവുമായി ഗ്രൌണ്ടിലും പുറത്തും കാണുന്ന ബ്രാവോ പൊസിറ്റീവ് ഏനര്‍ജിയുടെ പ്രഭവ കേന്ദ്രമായിരുന്നു. വരും തലമുറയ്ക്ക് അവസരം കൊടുക്കുന്നതിനുമായി തന്റെ മുന്‍ഗാമികള്‍ ചെയ്തത് പോലെ താനും വഴി മാറിക്കൊടുക്കുകയാണെന്ന് വിരമിക്കല്‍ കുറിപ്പില്‍ ബ്രാവോ വ്യക്തമാക്കിയത് തുറന്ന മനസോടെയാണ്. പ്രതിഭാ ധാരാളിത്തമില്ലാത്ത നിലവിലെ വിന്‍ഡീസ് ടീം അടുത്തവര്‍ഷത്തെ ലോകകപ്പിന് ഒരുങ്ങുമ്പോഴാണ് അദ്ദേഹത്തിന്റെ പടിയിറക്കവും. ഒരു പക്ഷേ ടീമിലേക്ക് ഒരു തിരിച്ചുവിളി ഉണ്ടാകുമെന്ന് അറിഞ്ഞിട്ട് കൂടിയാണ് ശക്തമായ ഈ
തീരുമാനം സ്വീകരിച്ചത്.

ഒരുപാട് നല്ല ഓര്‍മ്മകള്‍ ഗ്രൌണ്ടിലും ഡ്രസിംഗ് റൂമിലും നല്‍കിയ ശേഷമാണ് ബ്രാവോ തിരിഞ്ഞു നടക്കുന്നത്.
66 ട്വന്റി-20 മത്സരങ്ങളില്‍ 5.36 ശരാശരിയില്‍ 1142 റണ്‍സ്, 164 ഏകദിനങ്ങളില്‍ നിന്ന് 25.36 ശരാശരിയില്‍ 2968 റണ്‍സ്, 40 ടെസ്റ്റില്‍ നിന്ന് 2200 റണ്‍സും ഓള്‍റൗണ്ടറുടെ ലേബലില്‍ കളിക്കനിറങ്ങിയ അദ്ദേഹം സ്വന്തമാക്കി. വെസ്‌റ്റ് ഇന്‍ഡീസ് പോലൊരു രാജ്യത്ത് നിന്നുള്ള ഒരു താരം ഈ നേട്ടങ്ങള്‍ സ്വന്തമാക്കുമ്പോഴാണ് അത്ഭുതം തോന്നുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :