ഗെ‌യ്‌ലും ഡിവില്ലിയേഴ്സും അടിതുടങ്ങിയാല്‍ പിന്നെ ഒന്നും ചെയ്യാനില്ല: ധോണി

പെര്‍ത്ത്| vishnu| Last Modified ബുധന്‍, 4 മാര്‍ച്ച് 2015 (18:42 IST)
വെസ്റ്റിന്റീസിനെതിരെ നാലാം മത്സരത്തിനു തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമിന് പണ്ടേപ്പോലെ ശൌര്യമില്ലേ എന്ന് ആരാധകര്‍ക്ക് സംശയം. മറ്റൊന്നുംകൊണ്ടല്ല മിസ്റ്റര്‍ ക്യാപ്തന്‍ മഹേന്ദ്രസിംഗ് ധോണിയുടെ പത്രസമ്മേളനമാണ് ആരാധകര്‍ക്ക് ആശയക്കുഴപ്പം നല്‍കിയിരിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്ലിനെയും ദക്ഷിണാഫ്രിക്കന്‍ നായകന്‍ എബി ഡിവില്ലിയേഴ്സിനെയും പോലുള്ള വെടിക്കെട്ട് ബാറ്റ്സ്മാന്‍‌മാര്‍ എന്തിനും തയ്യാറായി നില്‍ക്കുമ്പോള്‍ എതിര്‍ ടീമിലെ ബോളര്‍മാര്‍ക്കോ ടീം നായകനോ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്നാണ് ധോണി പറയുന്നത്.

സത്യത്തില്‍, ഒരു ബാറ്റ്സ്മാന്‍ മികച്ച ഫോമില്‍ കളിച്ച് തുടര്‍ച്ചയായി സിക്സുകള്‍ പായിച്ചുകൊണ്ടിരുന്നാല്‍ നമുക്കൊന്നും ചെയ്യാനില്ല. സിക്സ് തടയാന്‍ ഫീല്‍ഡറെ നിര്‍ത്താന്‍ പറ്റില്ലല്ലോ എന്ന് ധോണി മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. ബാറ്റ്സ്മാന്മാര്‍ ആക്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ പ്രത്യേകിച്ച് തന്ത്രങ്ങള്‍ക്കൊന്നും പോകാതെ സ്വന്തം നിലയ്ക്ക് പന്തെറിയാന്‍ ബൌളര്‍മാരെ അനുവദിക്കുന്നതാണ് നല്ലതെന്നാണ് തന്റെ വിശ്വാസമെന്നും ധോണി വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങളില്‍ അവര്‍ നല്‍കുന്ന അര്‍ധാവസരങ്ങള്‍ പോലും മുതലാക്കുകയാണ് വേണ്ടതെന്നും ധോണി പറഞ്ഞു.

ഗെയില്‍, ഡിവില്ലിയേഴ്സ്, ബ്രണ്ടന്‍ മക്കല്ലം എന്നിവര്‍ മികച്ച ഫോമില്‍ കളിക്കുമ്പോള്‍ തന്ത്രങ്ങളൊന്നും ഇല്ലാതിരിക്കുക എന്നതാണ് ഏറ്റവും മികച്ച തന്ത്രം എന്നാണ് ഇവര്‍ക്കെതിരെ എന്ത് തന്ത്രമാണ് പ്രയോഗിക്കുക എന്ന ചോദ്യത്തിന് ധോണി നല്‍കിയ മറുപടി. തുറന്നത്. ആദ്യ മൂന്നു കളികളിലും മികച്ച വിജയം നേടിയ ഇന്ത്യ ക്വാര്‍ട്ടര്‍ ഉറപ്പാക്കിക്കഴിഞ്ഞു. ഇനി അടുത്ത ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെയാണ് നേരിടേണ്ടത്. വിന്‍ഡീസിനെ നേരിടുമ്പോള്‍ ഇന്ത്യ ഏറ്റവും പേടിക്കുന്നത് ഗെയിലിനെയാണ്. സിംബാബ്വെയ്ക്കെതിരായ മത്സരത്തില്‍ ഇരട്ടസെഞ്ചുറി കുറിച്ച ഗെയിലിനെ എങ്ങനെ പൂട്ടാം എന്ന ചിന്തിയിലായിരിക്കും ഇന്ത്യന്‍ നായകന്‍.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :