ലോകകപ്പ് സ്വന്തമാക്കണോ ?, എങ്കില്‍ ധോണി വിചാരിക്കണം; കോഹ്‌ലിയുടെ പ്ലാന്‍ ‘എ’ ഇങ്ങനെ!

ലോകകപ്പ് സ്വന്തമാക്കണോ ?, എങ്കില്‍ ധോണി വിചാരിക്കണം; കോഹ്‌ലിയുടെ പ്ലാന്‍ ‘എ’ ഇങ്ങനെ!

 ms dhoni , team india , cricket , World Cup Cricket 2019 , World Cup , Virat kohli , ഓസ്‌ട്രേലിയ , ലോകകപ്പ് , ധോണി , വിരാട് കോഹ്‌ലി , ഇംഗ്ലണ്ട് , ക്രിക്കറ്റ്
jibin| Last Updated: ശനി, 17 നവം‌ബര്‍ 2018 (17:54 IST)
2019 ലോകകപ്പിനു മാസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. നിലവില ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ അടക്കമുള്ള രാജ്യങ്ങള്‍ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഐപിഎല്‍ മത്സരങ്ങളില്‍ നിന്നും വിട്ട് നിന്ന് പരിശീലന ക്യാമ്പില്‍ എത്തണമെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ താരങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദേശം.

കഴിഞ്ഞ ലോകകപ്പില്‍ സെമി പോരാട്ടത്തില്‍ ഓസ്‌ട്രേലിയയോട് അടിയറവ് പറഞ്ഞ ഇന്ത്യക്കാണ് ഇത്തവണത്തെ ലോകകപ്പ് സാധ്യത. ആതിഥേയര്‍ എന്ന മുന്‍‌തൂക്കത്തിനൊപ്പം ശക്തമായ ടീമുമായി കളത്തിലിറങ്ങുന്ന ഇംഗ്ലണ്ടിനും ഇന്ത്യക്കൊപ്പം സാധ്യതയുണ്ട്.

ശക്തമായ ടീമാണ് വിരാട് കോഹ്‌ലിയുടെ ഇന്ത്യ. ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ, കോഹ്‌ലി എന്നീ മുന്‍‌നിര താരങ്ങള്‍ക്കൊപ്പം യുവതാരങ്ങളും ചേരുന്നതോടെ കരുത്ത് വര്‍ദ്ധിക്കും. ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷാമി, ജസ്പ്രിത് ബുമ്ര എന്നീ ബോളര്‍മാരും ലോകോത്തര മികവുള്ളവരാണ്.

ഈ താരങ്ങള്‍ക്ക് ഇടയിലാണ് മഹേന്ദ്ര സിംഗ് ധോണിയെന്ന ഇന്ത്യയുടെ ഏറ്റവും മികച്ച നായകന്റെ സ്ഥാനവും. ആശങ്കകള്‍ക്ക് വിരാമമിട്ട് ധോണി അടുത്ത ലോകകപ്പ് കളിക്കുമെന്ന് പരിശീലകന്‍ രവി ശാസ്‌ത്രിയും മുഖ്യ സെലക്‍ടര്‍ എംഎസ്‌കെ പ്രസാദും വ്യക്തമാക്കി കഴിഞ്ഞു.

ബാറ്റിംഗ് ടെക്‍നിക്കുകള്‍ കൈമോശം വരുകയും ഫോമില്ലായ്‌മയും വലട്ടുന്ന ധോണിയെ എന്തിനാണ് വരുന്ന
ലോകകപ്പില്‍ കളിപ്പിക്കുന്നതെന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. റിഷഭ് പന്തിനു അവസരം നല്‍കി മഹിയെ ഒഴിവാക്കണമെന്നാണ് വിമര്‍ശകരുടെ ആവശ്യം. എന്നാല്‍, ഈ നിര്‍ദേശത്തെ തള്ളുന്നത് ക്യാപ്‌റ്റന്‍ കോഹ്‌ലിയാണെന്നതാണ് ശ്രദ്ധേയം. വിരാടിന്റെ ഈ തീരുമാനത്തിനു പിന്നില്‍ നിരവധി കാരണങ്ങളുണ്ട്.

നേട്ടങ്ങളും റെക്കോര്‍ഡുകളും വാരി കൂട്ടുന്നുണ്ടെങ്കിലും അതെല്ലാം വ്യക്തിപരമായ നേട്ടമാണെന്ന് കോഹ്‌ലിക്ക് ധാരണയുണ്ട്. 2014ല്‍ ടെസ്‌റ്റ് നായകസ്ഥാനവും രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷവും ഏകദിന, ട്വന്റി-20
ഫോര്‍മാറ്റുകളിലെ ക്യാപ്‌റ്റന്‍ സ്ഥാനവും ധോണിയില്‍ നിന്ന് ഏറ്റുവാങ്ങിയെങ്കിലും ടീമിന് കിരീടങ്ങളൊന്നും
സമ്മാനിക്കാന്‍ കോഹ്‌ലിക്കായിട്ടില്ല.

ഈ സാഹചര്യത്തിലാണ് ഇംഗ്ലണ്ട് ലോകകപ്പ് കോഹ്‌ലിക്ക് നിര്‍ണായകമാകുന്നത്. ‘ഇപ്പോഴില്ലെങ്കില്‍ പിന്നീടില്ല’ എന്ന അവസ്ഥയാണുള്ളത്. മികച്ച ടീം ഒപ്പമുള്ളതും ധോണിയുടെ സാന്നിധ്യവുമാണ് ക്യാപ്‌റ്റന് നേട്ടമാകുന്നത്.

ക്യാപ്‌റ്റന്റെ തൊപ്പി സ്വന്തമായെങ്കിലും മികച്ച നായകനെന്ന പരിവേഷം ഇന്നും കോഹ്‌ലിക്കില്ല. സമ്മര്‍ദ്ദങ്ങള്‍ക്ക് അടിമപ്പെടുന്നതും ഗ്രൌണ്ടില്‍ തീരുമാനങ്ങള്‍ സ്വീകരിക്കാന്‍ കഴിയാത്തതും പ്രധാന പോരായ്‌മയാണ്. നിര്‍ണായക ഘട്ടങ്ങളില്‍ വിരാട് പതറി പോകുന്നത് പല മത്സരങ്ങളിലും കണ്ടതാണ്. ഇത് തിരിച്ചറിഞ്ഞാണ് കോഹ്‌ലിയിലെ ക്യാപ്‌റ്റന്‍ പരുവപ്പെട്ടുവരാന്‍ സമയം ആവശ്യമാണെന്ന് രവി ശാസ്‌ത്രി അടക്കമുള്ളവര്‍ വ്യക്തമാക്കിയത്.

ഇങ്ങനെയുള്ള പശ്ചാത്തലമാണ് ധോണി സാന്നിധ്യം കോഹ്‌ലിയെ ‘കൂളാക്കുന്നത്‘.

ധോണി സാന്നിധ്യം സമ്മര്‍ദ്ദങ്ങള്‍ അകറ്റി മികച്ച ബാറ്റിംഗ് പുറത്തെടുക്കാന്‍ കോഹ്‌ലിയെ സഹായിക്കുമെന്നതില്‍ തര്‍ക്കമില്ല. ഫീല്‍‌ഡില്‍ തന്ത്രങ്ങള്‍ ഒരുക്കുന്നതിനും ബോളര്‍മാര്‍ക്ക് നിര്‍ദേശം നല്‍കാനുമുള്ള ധോണിയുടെ മിടുക്ക് ക്യാപ്‌റ്റനില്ല. ഇംഗ്ലണ്ടിലെ പേസും ബൌണ്‍സുമുള്ള പിച്ചില്‍ ബോളര്‍മാര്‍ക്ക് മികച്ച നിര്‍ദേശം ലഭിച്ചേ മതിയാകൂ.

ടീമില്‍ യുവതാരങ്ങള്‍ ഉള്ള സാഹചര്യത്തില്‍ മുതിര്‍ന്ന താരമായ ധോണിയുടെ സാന്നിധ്യം മാനസിക പിരുമുറുക്കം അകറ്റുമെന്ന് കോഹ്‌ലിക്ക് വ്യക്തമായ ധാരണയുണ്ട്. പിന്നാലെ ധോണി എത്തുമെന്ന മധ്യനിര താരങ്ങളുടെ പ്രതീക്ഷ അവര്‍ക്ക് ആത്മബലം നല്‍കുകയും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഹായകമാകുകയും ചെയ്യും.

ഗ്രൌണ്ടില്‍ ധോണിയും ഡ്രസിംഗ് റൂമില്‍ രവി ശാസ്‌ത്രിയും കളം നിറഞ്ഞാല്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്ന് കോഹ്‌ലിക്കറിയാം. ധോണിയുടെ പിന്‍‌ഗാമിയായ പന്തിനെ മഹിക്കൊപ്പം കളിപ്പിച്ച് അനുഭവസമ്പത്ത് പകര്‍ന്നു നകുകയെന്ന തന്ത്രവും ക്യാപ്‌റ്റന്റെ മനസിലുണ്ട്.

മികച്ച ഫിനിഷര്‍ എന്ന നിലയില്‍ ധോണിയെ ഇന്ത്യന്‍ ടീം കണക്കാക്കുന്നില്ല. മഹിയില്‍ നിന്നും ടീം ആഗ്രഹിക്കുന്നത് മികച്ച നിര്‍ദേശങ്ങളും തന്ത്രങ്ങളും മാത്രമാണ്. ഇങ്ങനെയുള്ള പദ്ധതികള്‍ നിലനില്‍ക്കുന്നതിനാലാണ് ധോണിയെ ലോകകപ്പ് കളിപ്പിക്കണമെന്ന് മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പം കോഹ്‌ലിയും ആവശ്യപ്പെടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :