ഇന്ത്യയുടെ ഞെട്ടിപ്പിക്കുന്ന തോല്‍‌വിക്ക് കാരണമായത് ഈ നാല് വീഴ്‌ചകള്‍ മാത്രം

ഇന്ത്യയുടെ ഞെട്ടിപ്പിക്കുന്ന തോല്‍‌വിക്ക് കാരണമായത് ഈ നാല് വീഴ്‌ചകള്‍ മാത്രം

   Champions trophy ,  india pakistan final , virat kohli , team india , ചാമ്പ്യന്‍സ് ട്രോഫി , ഇന്ത്യ പാകിസ്ഥാന്‍ ഫൈനല്‍ , ടീം ഇന്ത്യ , ധോണി , കോഹ്‌ലി , ധവാന്‍
jibin| Last Updated: തിങ്കള്‍, 19 ജൂണ്‍ 2017 (16:23 IST)
പാകിസ്ഥാനെതിരെയുള്ള തോല്‍‌വി ഇന്ത്യ ചോദിച്ചു വാങ്ങിയതാണെന്ന വിമര്‍ശനത്തില്‍ ചില സത്യങ്ങളുണ്ട്. അമിതമായ ആത്മവിശ്വാസവും നേരിയ അഹങ്കാരവുമാണ് വിരാട് കോഹ്‌ലിക്കും സംഘത്തിനും കൂറ്റന്‍ തോല്‍‌വി സമ്മാനിച്ചത്. കളിയുടെ ഒരു ഘട്ടത്തില്‍ പോലും ഇന്ത്യന്‍ താരങ്ങളുടെ മുഖത്ത് ചിരി പടര്‍ത്താന്‍ പാക് താരങ്ങള്‍ സമ്മതിച്ചില്ല. ഇതോടെ ഏതു ടീമിനെയും പരാജയപ്പെടുത്താനുള്ള മരുന്ന് കൈയിലുണ്ടെന്ന് തെളിയിക്കുകയായിരുന്നു സര്‍ഫ്രാസ് അഹമ്മദ്.

1. ബോളിംഗിലെ തിരിച്ചടികള്‍:-

ഓവ​ലി​ലെ ഈ​ർ​പ്പം നി​റ​ഞ്ഞ കാ​ലാ​വ​സ്​​ഥ​യി​ൽ പാകിസ്ഥാനെ ബാറ്റിംഗിന് വിടാനുള്ള കോഹ്‌ലിയുടെ തീരുമാനത്തെ കുറ്റം പറയാന്‍ സാധിക്കില്ല. ക്യാപ്‌റ്റന്റെ തീരുമാനത്തെ കാറ്റില്‍ പറത്തുന്ന രീതിയില്‍ പന്തെറിഞ്ഞ ബോളര്‍മാരാണ് ഇന്ത്യയുടെ തോല്‍‌വി ആണിയടിച്ച് ഉറപ്പിച്ചത്.


ബംഗ്ലാദേശിനെതിരായ സെമിയില്‍ മുഹമ്മദ് ഷാമി, ഉമേഷ് യാദവ് എന്നീ പെസര്‍മാരെ കരയ്‌ക്കിരുത്തി ആര്‍ അശ്വിനെ ഗ്രൌണ്ടിലിറക്കിയ തന്ത്രം കോഹ്‌ലിക്ക് ഇത്തവണ പാരയായി. പാക് ബോളര്‍മാര്‍ അശ്വിനെന്ന ടെസ്‌റ്റ് ബോളറെ തല്ലി ചതച്ചു. ബാറ്റ്സ്‌മാന് അടിക്കാന്‍ പാകത്തിന് പന്ത് എറിഞ്ഞു കൊടുത്ത രവീന്ദ്ര ജഡേജയും മുന്‍ ചാമ്പ്യന്‍‌മാര്‍ക്ക് ഭാരമായി. ഭുവനേശ്വര്‍ കുമാര്‍ ഒഴികെ ആര്‍ക്കും മികച്ച രീതിയില്‍ ബോള്‍ ചെയ്യാന്‍ കഴിയത്തതും പാക് സ്‌കോര്‍ ഉയരുന്നതിന് കാരണമായി.

ഫ​ഖ​ർ സ​മാ​ൻ എ​ന്ന 27കാ​ര​ൻ നി​റ​ഞ്ഞു​നി​ന്ന മത്സരമായിരുന്നു കഴിഞ്ഞത്. മല്‍സരത്തിന്റെ മൂന്നാമത്തെ ഓവറില്‍ ജസ്പ്രീത് ബുംറയുടെ പന്തില്‍ മഹേന്ദ്ര സിംഗ് ധോണി സ​മാ​നെ പിടികൂടിയെങ്കിലും അത് നോബോള്‍ ആയിരുന്നു. ഇത് കളിയെ മൊത്തത്തില്‍ ബാധിച്ച സംഭവമായിരുന്നു.

2. ഫീല്‍‌ഡിംഗിലെ വീഴ്‌ചകള്‍:-

ഫീല്‍‌ഡിംഗില്‍ വിരാട് കോഹ്‌ലിക്കുവരെ പിഴച്ചു. ക്യാച്ച് എടുക്കുന്നതിലും റണ്‍സൊഴുക്ക് തടയുന്നതിലും ഫീല്‍ഡര്‍മാര്‍ തുടര്‍ച്ചയായി പരാജയപ്പെട്ടു. രോഹിത് ശര്‍മ്മ, യുവരാജ് സിംഗ് എന്നിവര്‍ ഇതില്‍ മുന്നിട്ടു നില്‍ക്കുകയും ചെയ്‌തു. പാകിസ്ഥാന്‍ ഓപ്പണര്‍മാരെ പുറത്താക്കാന്‍ ലഭിച്ച അവസരം നശിപ്പിച്ചതും, മറ്റു അര്‍ദ്ധ അവസരങ്ങള്‍ മുതലാക്കുന്നതിലും വീഴ്‌ചകള്‍ വരുത്തി.


3. മുഹമ്മദ് ആമീറിന്റെ ബോളിംഗ്:-

പരുക്ക് മാറി ടീമിലേക്ക് എത്തിയ ആമിറിന്റെ ആദ്യ ഓവറില്‍ തന്നെ ഇന്ത്യ തോല്‍‌വി സമ്മതിച്ചു. ആദ്യ ഓവറില്‍ തന്നെ രോഹിത് വീഴുകയും തുടര്‍ന്നെത്തിയ കോഹ്‌ലി പൂജ്യനായി മടങ്ങുകയും ചെയ്‌തതോടെ എത്ര വലിയ ലക്ഷ്യമായാലും മികച്ച ബാറ്റിങ് നിരയിലൂടെ എത്തിപ്പിടിക്കാമെന്ന ഇന്ത്യക്കാരുടെ അഹന്ത തകര്‍ന്നു വീണു. കോഹ്‌ലിയുടെ വിക്കറ്റ് വീണതോടെ ജേതാക്കളുടെ ശരീരഭാഷയിലാണ് പാക് ടീം തുടര്‍ന്ന് കളിച്ചത്. തുടര്‍ന്ന് ക്രീസില്‍ എത്തിയ മഹേന്ദ്ര സിംഗ് ധോണിയടക്കമുള്ളവര്‍ ഭയത്തോടെയും അതിലേറെ സമ്മര്‍ദ്ദവും ഏറ്റുവാങ്ങി വിക്കറ്റ് വലിച്ചെറിയുകയായിരുന്നു.

4. അമിതമായ ആത്മവിശ്വാസം:-

എ​തി​രാ​ളി​യെ 300ന്​ ​താ​ഴെ സ്​​കോ​റി​ൽ ത​ള​ച്ച് വി​ജ​യ​ക​ര​മാ​യ ചേ​സി​ങ്ങാ​യി​രു​ന്നു കോഹ്‌ലി​ മ​ന​സി​ൽ ക​ണ്ട​ത്. എന്നാല്‍ പാക് ബാറ്റ്സ്‌മാന്മാര്‍ ഇന്ത്യന്‍ ബോളര്‍മാരെ കൊല്ലാക്കൊല ചെയ്‌തതോടെ ക്യാപ്‌റ്റന്റെ തന്ത്രം പാളി. സമ്മര്‍ദ്ദത്തില്‍ അകപ്പെട്ട കോഹ്‌ലി പലപ്പോഴും ധോണിക്ക് അടുത്തെത്തി ഉപദേശങ്ങള്‍ സ്വീകരിച്ചു.

സ്‌കോര്‍ 250 കടന്നതോടെ കോഹ്‌ലി തിരിച്ചടി ഭയന്നു. അപ്പോഴും ബാറ്റിംഗിലായിരുന്നു ഇന്ത്യന്‍ നായകന്റെ പ്രതീക്ഷ മുഴുവന്‍. എന്നാല്‍, ആമീറിന്റെ തീ തുപ്പുന്ന പന്തുകള്‍ ഇന്ത്യന്‍ ബാറ്റിംഗിനെ എറിഞ്ഞുടച്ചു. ആമിറും ജുനൈദ് ഖാനും ചേര്‍ന്നുള്ള ഓപ്പണിങ് സ്‌പെല്‍ ഇന്ത്യന്‍ ബാറ്റിങിന്റെ മുന്‍നിരയെ തരിപ്പണമാക്കിയതോടെ ചാമ്പ്യന്‍സ് ട്രോഫി പാക് നായകന്റെ കൈയില്‍ ഭദ്രമായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :