ഇന്ത്യയില്‍ കളിക്കാന്‍ ബിസിസിഐ ക്ഷണിച്ചു; പക്ഷേ വരില്ല: പാക് ക്രിക്കറ്റ് ബോര്‍ഡ്

റാഞ്ചി| JOYS JOY| Last Updated: ശനി, 14 നവം‌ബര്‍ 2015 (19:28 IST)
അടുത്തമാസം നടക്കാനിരിക്കുന്ന ക്രിക്കറ്റ് പരമ്പര ഇന്ത്യയില്‍ കളിക്കാന്‍ ബി സി സി ഐ ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഷഹര്യാര്‍ ഖാന്‍. ലാഹോറില്‍ മാധ്യമങ്ങളോട് ആണ് ഷഹര്യാര്‍ ഖാന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതു സംബന്ധിച്ച് വെള്ളിയാഴ്ച ബി സി സി ഐ അധ്യക്ഷന്‍ ശശാങ്ക് മനോഹറുമായി ടെലഫോണ്‍ സംഭാഷണം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്ഥാന് എതിരെ കളിക്കാന്‍ സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ചതായി ശശാങ്ക് മനോഹര്‍ അറിയിച്ചെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇന്ത്യയില്‍ വെച്ച് കളിക്കാനാണ് അനുമതിയെന്നും യു എ ഇയില്‍ വെച്ച് കളിക്കുന്നതിനല്ലെന്നും അദ്ദേഹം അറിയിച്ചതായും ഷഹര്യാര്‍ ഖാന്‍ പറഞ്ഞു.

പാകിസ്ഥാന്‍ ടീമിന് എല്ലാവിധ സുരക്ഷയും, പ്രത്യേകിച്ച്, മത്സരങ്ങള്‍ നടക്കുന്ന സ്ഥലങ്ങളായ മൊഹാലിയിലും കൊല്‍ക്കത്തയിലും നല്കുന്നതായിരിക്കുമെന്ന് ശശാങ്ക് മനോഹര്‍ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

എന്നാല്‍, ഡിസംബറിലെ പരമ്പര യു എ ഇയില്‍ കളിക്കാനാണ് പാകിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്ന് ബി സി സി ഐയെ അറിയിച്ചതായി ഷഹര്യാര്‍ ഖാന്‍ പറഞ്ഞു. ഇന്ത്യയില്‍ പാകിസ്ഥാന്‍ വിരുദ്ധവികാരം ഇത്രയധികം ഉള്ളപ്പോള്‍ എങ്ങനെയാണ് തങ്ങള്‍ക്ക് ഇന്ത്യയിലെത്തി കളിക്കാന്‍ കഴിയുകയെന്ന് ശശാന്ത് മനോഹറിനോട് ചോദിച്ചതായും അദ്ദേഹം പറഞ്ഞു. തങ്ങളുടെ അവസാന രണ്ടു പരമ്പര ഇന്ത്യയിലായിരുന്നെന്നും അതിനാല്‍ ഇത്തവണ പരമ്പരയ്ക്ക് ആതിഥ്യം വഹിക്കാനുള്ള അവസരം തങ്ങള്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇക്കാര്യത്തില്‍ അന്തിമതീരുമാനം ആയിട്ടില്ലെന്ന് ബി സി സി ഐ അധ്യക്ഷന്‍ ശശാങ്ക് മനോഹര്‍ പ്രതികരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :