ഇതാണ് മോനെ കളി; അവസാന ഓവറില്‍ ധോണിപ്പട നേടി, ഇന്ത്യക്ക് ഒരു റണ്‍സ് വിജയം

തമീം ഇഖ്‌ബാലിന്റെ ക്യാച്ച് ബുംറ പാഴാക്കിയത് ഇന്ത്യക്ക് തിരിച്ചടിയായി

ട്വന്റി-20 ലോകകപ്പ് , ശിഖര്‍ ധവാന്‍ , രോഹിത് ശര്‍മ്മ , മഹേന്ദ്ര സിംഗ് ധോണി , വിരാട് കോഹ്‌ലി , ബംഗ്ലാദേശ്
ബംഗലൂരു| jibin| Last Updated: ബുധന്‍, 23 മാര്‍ച്ച് 2016 (23:45 IST)
അവസാന നിമിഷം വരെ ആവശം അലയടിച്ച ട്വന്റി-20 ലോകകപ്പിലെ നിര്‍ണായകമത്സരത്തില്‍ ബംഗലാദേശിനെതിരെ ഇന്ത്യക്ക് ഒരു റണ്‍സ് ജയം. 147 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശിന് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്‌ടത്തില്‍ 145 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. ജയത്തോടെ ലോകകപ്പ് പ്രതീക്ഷകള്‍ ഇന്ത്യ നിലനിര്‍ത്തിയിരിക്കുകയാണ്. ശക്തരായ ഓസ്‌ട്രേലിയക്കെതിരെയുള്ള ഇന്ത്യയുടെ അടുത്ത മത്സരം തീ പാറുമെന്ന് ഉറപ്പായി.
ഇന്ത്യ - 20 ഓവറിൽ ഏഴു വിക്കറ്റിന് 146, ബംഗ്ലദേശ് - 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 145.

അവസാന ഓവറിൽ വിജയത്തിലേക്ക് 11 റൺസ് വേണ്ടിയിരിക്കെ ആദ്യ മൂന്നു പന്തിൽ തന്നെ രണ്ടു ബൗണ്ടറികൾ ഉൾപ്പെടെ ബംഗ്ലദേശ് ഒമ്പത് റൺസെടുത്തെങ്കിലും അവസാന മൂന്നു പന്തുകളിലും വിക്കറ്റുകൾ വീഴ്ത്തി ടീം ഇന്ത്യ തിരിച്ചടിക്കുകയായിരുന്നു.

അവസാന ഓവറിൽ ബംഗ്ലദേശിനുവേണ്ടി ക്രീസില്‍ ഉണ്ടായിരുന്നത് വമ്പനടികൾക്ക് കെൽപ്പുള്ള മഹ്മൂദുല്ലയും മുഷ്ഫിഖുർ റഹിമും. ബോൾ ചെയ്യുന്നത് ഹാർദിക് പാണ്ഡ്യ. ആദ്യ പന്തിൽ മഹ്മൂദല്ലയുടെ വക സിംഗിൾ. അഞ്ച് പന്തിൽ വേണ്ടത് 10 റൺസ്. രണ്ടും മൂന്നും പന്തുകൾ ബൗണ്ടറിയിലേക്ക്. അതോടെ ബംഗ്ലദേശിന്റെ വിജയലക്ഷ്യവും ഇന്ത്യൻ ആരാധകരുടെ പ്രതീക്ഷകളും ചുരുങ്ങി. എന്നാൽ, അവസാന മൂന്നു പന്തുകളിൽ മൂന്നു വിക്കറ്റ്. അതും വെറും ഒരു റണ്ണിന്. ഓവർ അവസാനിക്കുമ്പോൾ റൺസിങ്ങനെ; 1, 4, 4, W, W, W.

147 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കടുവകള്‍ക്ക് മൂന്നാം ഓവറില്‍ ഓപ്പണറായ മുഹമ്മദ് മിഥുന്‍ (1) പുറത്താകുകയായിരുന്നു. ആര്‍ അശ്വിനെ കൂറ്റന്‍ ഷോട്ടിന് പറത്താന്‍ ശ്രമിച്ച മിഥുനെ ഹാര്‍ദിക് പാണ്ഡ്യ പിടികൂടുകയായിരുന്നു. എട്ടാം ഓവറില്‍ തമീം ഇഖ്‌ബാല്‍ (35) പുറത്താകുകയായിരുന്നു. തുടരെ രണ്ട് വിക്കറ്റ് പോയതിന്റെ ക്ഷീണം മാറുന്നതിന് മുമ്പ് തന്നെ അടുത്ത വിക്കറ്റും ബംഗ്ലാദേശിന് നഷ്‌ടമായി.

പത്താം ഓവറില്‍ റെയ്‌നയുടെ പന്തില്‍ ധോണിയുടെ മനോഹരമായ സ്‌റ്റംബിങ്ങിലൂടെ സബീര്‍ അഹമ്മദ് (26) പുറത്താകുകയായിരുന്നു. ഈ ഞെട്ടല്‍ മാറുന്നതിന് മുമ്പ് തന്നെ അയല്‍‌ക്കാര്‍ക്ക് പന്ത്രണ്ടാം ഓവറില്‍ വിക്കറ്റ് നഷ്‌ടമായി. ജഡേജയുടെ പന്തില്‍ മഷ്‌റഫെ മൊര്‍ത്താസ (6) ക്ലീന്‍ ബൌള്‍ഡാകുകയായിരുന്നു. അടുത്ത അവസരം അശ്വിനായിരുന്നു, മികച്ച രീതിയില്‍ ബാറ്റ് വീശുകയായിരുന്ന ഷാക്കിബ് അല്‍‌ഹസനെ (22) പതിമൂന്നാം ഓവറില്‍ ഇന്ത്യന്‍ സ്‌പിന്നര്‍ റെയ്‌നയുടെ കൈകളില്‍ എത്തിക്കുകയായിരുന്നു. നിര്‍ണായകമായ സമയത്ത് 18മത് ഓവറില്‍ നെഹ്‌റ സൌമ്യ സര്‍ക്കാരിനെ (21)പുറത്താക്കുകയായിരുന്നു. മുഷ്‌ഫിക്കര്‍ റഹീം (11).

നേരത്തെ കൂറ്റന്‍ വിജയലക്ഷ്യം പ്രതീക്ഷിച്ച് ഇറങ്ങിയ ഇന്ത്യക്ക് ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 146 റണ്‍സെടുക്കാനെ ഇന്ത്യക്കായുള്ളൂ. മികച്ച രീതിയില്‍ ബോള്‍ ചെയ്‌ത കടുവകള്‍ ഫീല്‍‌ഡിംഗിലും അതേ മികവ് ആവര്‍ത്തിച്ചതോടെ വമ്പന്‍ സ്‌കോര്‍ എന്ന ഇന്ത്യന്‍ സ്വപ്‌നം പൊലിയുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ ആര്‍ക്കും മികച്ച സ്‌കോര്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് തണുപ്പന്‍ തുടക്കമാണ് ഇത്തവണയും ലഭിച്ചത്. ഓപ്പണര്‍‌മാരായ രോഹിത് ശര്‍മ്മയും (18) ശിഖര്‍ ധവാനും (23) ഇത്തവണയും പരാജയമായിരുന്നു. പവര്‍പ്ലേ ഓവറുകളില്‍ തട്ടിയും മുട്ടിയും മുന്നേറിയ ഇന്ത്യ മുന്നിലുള്ള സാഹചര്യങ്ങള്‍ക്ക് മുമ്പില്‍ കണ്ണടയ്‌ക്കുകയായിരുന്നു. വമ്പന്‍ ഷോട്ടിന് ശ്രമിച്ച രോഹിത് ശര്‍മ്മ ആറാം ഓവറില്‍ പുറത്തായതിന് പിന്നാലെ ഏഴാം ഓവറില്‍
ധവാനും കൂടാരത്തില്‍ മടങ്ങിയെത്തുകയായിരുന്നു. തുടര്‍ന്ന് ക്രീസില്‍ ഒത്തുച്ചേര്‍ന്ന കോഹ്‌ലിയും റെയ്‌നയും സ്‌കോര്‍ മൂന്നോട്ടു നയിക്കുകയായിരുന്നു. പത്ത് ഓവറില്‍ 58 റണ്‍സ് മാത്രമായിരുന്നു ഇന്ത്യയുടെ സമ്പാദ്യം.

പതിനൊന്നാം ഓവറില്‍ റെയ്‌ന രണ്ട് സിക്‍സുകള്‍ നേടിയതാണ് ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള നിമിഷമായി ലഭിച്ചത്. തുടര്‍ന്നുള്ള ഓവറുകളില്‍ മൂന്ന്, അഞ്ച് എന്നിങ്ങനെയായിരുന്നു സ്‌കോര്‍. ബംഗ്ലാദേശ് മികച്ച ഫീല്‍‌ഡിംഗ് പുറത്തെടുത്തതോടെ ഇന്ത്യന്‍ സ്‌കോര്‍ ഇഴഞ്ഞു. പതിനാലാം ഓവറില്‍ ഇന്ത്യന്‍ പ്രതീക്ഷകളുടെ ഭാരം പേറുന്ന വിരാട് കോഹ്‌ലി (24) ബൌള്‍ഡാകുകയായിരുന്നു. റെയ്‌നയും കോഹ്‌ലിയും ചേര്‍ന്ന് 50 റണ്‍സിന്റെ നിര്‍ണായകമായ കൂട്ടുക്കെട്ടാണ് ഉണ്ടാക്കിയത് മാത്രമാണ് ഇന്ത്യക്ക് ആശ്വസിക്കാന്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് പതിവ് പോലെ ഇന്ത്യന്‍ താരങ്ങള്‍ ഡ്രസിംഗ് റൂമിലേക്ക് മാര്‍ച്ച് നടത്തുകയായിരുന്നു. റെയ്‌ന (30), ഹാര്‍ദിക് പാണ്ഡ്യ (15), യുവരാജ് സിംഗ് (3), ജഡേജ (12) എന്നിങ്ങനെയായിരുന്നു ഇന്ത്യന്‍ മുന്‍‌നിരയുടെ റണ്‍സ് സമ്പാദ്യം.

അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാമെന്ന മഹേന്ദ്ര സിംഗ് ധോണിയുടെ (13*‌) സ്വപ്‌നം ബംഗ്ലാ ബോളര്‍മാരുടെ മുന്നില്‍ തകരുകയായിരുന്നു. കുത്തി തിരിയുന്ന പിച്ചില്‍ നിന്ന് ആനുകൂല്യമൊന്നും ലഭിക്കാതെ വന്നതോടെ അവസാന ഓവറുകളില്‍ ഇന്ത്യന്‍ നായകന് കാര്യമായി ഒന്നും ചെയ്യാനായില്ല. അശ്വന്‍ (5*) റണ്‍സെടുത്ത് പുറത്താകാതെ നിന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :