രാജസ്ഥാനെ പരാജയപ്പെടുത്തി ബാംഗ്ലൂര്‍ രണ്ടാം ക്വാളിഫയറില്‍

പൂനെ| Last Modified വ്യാഴം, 21 മെയ് 2015 (10:33 IST)
രാജസ്ഥാന്‍ റോയല്‍സിനെ 71 റണ്‍സിന് പരാജയപ്പെടുത്തി ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്സ് ഐപിഎല്‍ എട്ടില്‍ രണ്ടാം ക്വാളിഫയറിലേക്ക്. വെള്ളിയാഴ്ച റാഞ്ചിയില്‍ നടക്കുന്ന രണ്ടാമത്തെ ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ബാംഗ്ളൂര്‍ നേരിടും.

ആദ്യം ബാറ്റ് ചെയ്ത ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്സ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് വിജയലക്ഷ്യം കുറിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് 19 ഓവറില്‍ 109 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. തുടക്കത്തില്‍ പതറിയ ബാംഗളൂരിനെ എബി ഡിവില്യേഴ്സിന്റെ തകര്‍പ്പന്‍ ബാറ്റിംഗാണ് കരകയറ്റിയത്. 38 പന്തില്‍ നാലു ബൌണ്ടറിയും നാലു സിക്സുമടക്കം 66 റണ്‍സ് നേടിയാണ് ഡിവില്യേഴ്സ് പുറത്തായത്. 34 പന്തില്‍ രണ്ടു സിക്സും ഏഴു ബൌണ്ടറിയുമടക്കം 54 റണ്‍സ് നേടിയ മന്ദീപ് സിംഗ് പുറത്താകാതെ നിന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്റെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. അജിന്‍ക്യ രഹാനെയുടെ 39 പന്തിലെ 42 റണ്‍സ് പ്രകടനമൊഴിച്ചാല്‍ കാര്യമായ പോരാട്ടത്തിന് ആരുമുണ്ടായിരുന്നില്ല. ബാംഗ്ലൂരിന് വേണ്ടി എസ് അരവിന്ദ്, ഹര്‍ഷല്‍ പട്ടേല്‍, ഡേവിഡ് വീസ്, യുസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ രണ്ടുവീതം വിക്കറ്റ് വീഴ്ത്തി.
66 റണ്‍സെടുത്ത എ.ബി ഡിവില്ലിയേഴ്സാണ് കളിയിലെ കേമന്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :