രേണുക വേണു|
Last Modified ചൊവ്വ, 7 ഫെബ്രുവരി 2023 (11:19 IST)
ഇന്ത്യന്‍ ടീമില്‍ റിഷഭ് പന്തിന്റെ അസാന്നിധ്യം ഓസ്ട്രേലിയയെ വളരെ സന്തോഷിപ്പിക്കുമെന്ന് മുന്‍ ഓസീസ് നായകന് ഇയാന്‍ ചാപ്പല്‍. പന്തിന്റെ സാന്നിധ്യം ഓസ്ട്രേലിയയ്ക്ക് ഉറക്കമില്ലാത്ത രാത്രികളാണ് സമ്മാനിക്കുകയെന്നും ഇയാന്‍ ചാപ്പല്‍ പറഞ്ഞു. ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര തുടങ്ങാന്‍ രണ്ട് ദിവസം ശേഷിക്കെയാണ് ഇയാന്‍ ചാപ്പലിന്റെ പരാമര്‍ശം.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അവസാനത്തിലാണ് പന്തിന് കാര്‍ അപകടത്തില്‍ പരുക്കേറ്റത്. ഇതേ തുടര്‍ന്ന് വിശ്രമത്തിലാണ് പന്ത് ഇപ്പോള്‍. ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലെ ടെസ്റ്റ് മത്സരങ്ങളെല്ലാം പന്തിന് നഷ്ടമാകും.
' ഇന്ത്യ ശരിക്കും റിഷഭ് പന്തിനെ മിസ് ചെയ്യും. ഓസ്ട്രേലിയ വളരെ ഹാപ്പിയായിരിക്കും. അപകടകാരിയായ ബാറ്ററാണ് അദ്ദേഹം. അതിവേഗം സ്കോര്‍ ചെയ്യാനുള്ള കഴിവ് പന്തിനുണ്ട്. ഒരു സെഷന് കൊണ്ട് കളിയുടെ ഗതി തന്നെ പന്ത് മാറ്റും. അങ്ങനെയൊരു താരത്തിന്റെ അസാന്നിധ്യം ഇന്ത്യക്ക് തിരിച്ചടിയാകും,' ഇയാന്‍ ചാപ്പല്‍ പറഞ്ഞു.