ഫില്‍ ഹ്യൂസിനെ കണ്ടവര്‍ അങ്കിതിനെ മറന്നു

ജിബിന്‍ ജോര്‍ജ്| Last Updated: ബുധന്‍, 22 ഏപ്രില്‍ 2015 (08:47 IST)
ഇന്ത്യന്‍ മാധ്യമങ്ങളോട് പുച്ഛം തോന്നിയാല്‍ തെറ്റില്ല. കണ്ണുണ്ടായാല്‍ മാത്രം പോരാ കാണണം, ചെവി ഉണ്ടായാല്‍ പോരാ കേള്‍ക്കാനുള്ള മനസ് കാണിക്കുകയും വേണം. ഈ രണ്ട് സാധനങ്ങളും ഇല്ലാത്ത മാധ്യമപ്രവര്‍ത്തകരാരും ഇന്ന് ഇന്ത്യയില്‍ ഇല്ലെന്നാണ് വിശ്വാസം. നീണ്ട ഭരണത്തിനു ശേഷം ഇന്ത്യയെ ചവച്ച് തുപ്പി വെള്ളക്കാര്‍ കപ്പല് കയറിയിട്ടും ബ്രിട്ടീഷ് രാജ്ഞിയുടെ പ്രസവം മുതല്‍ ശ്രാദ്ധം വരെ റിപ്പോര്‍ട്ട് ചെയ്യുന്ന ഇന്ത്യന്‍ മാധ്യമങ്ങള്‍ ഒരിക്കല്‍ കൂടി ഓന്തിന്റെ സ്വഭാവം കാട്ടി.

പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ സഹ കളിക്കാരനുമായി കൂട്ടിയിടിച്ച് പരുക്കേറ്റ് മുന്‍ അണ്ടര്‍19 ക്രിക്കറ്റ് ടീം നായകന്‍ അങ്കിത് രാജ് കേസരി എന്ന യുവാവ് മരിച്ചിട്ടും ഇന്ത്യയിലെ പത്രങ്ങളും ചാനലുകളും വെബ്‌സൈറ്റുകളും അതൊരു സ്വാഭാവിക മരണം മാത്രമാക്കി മാറ്റി. ചില പത്രങ്ങള്‍ ഒന്നാംപേജില്‍ മൂന്ന് കോളത്തില്‍ എറ്റവും താഴെ മാത്രം അങ്കിതിന്റെ മരണവാര്‍ത്ത കൊടുത്തപ്പോള്‍ മറ്റ് ചില പത്രങ്ങള്‍ സ്‌പേര്‍ട്‌സ് പേജില്‍ മാത്രം പ്രതിഷ്ഠിച്ചു. ചാനലുകാര്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തോ എന്നു പോലും സംശയമായിരുന്നു. എന്നാല്‍ ചില വെബ്സൈറ്റുകള്‍ വാര്‍ത്തകളുടെ എണ്ണം തികയ്ക്കാനും
ഐ പി എല്‍ വാര്‍ത്തകളുടെ ചെടിപ്പ് മാറ്റാനുമായി ഇന്ത്യയുടെ ഭാവി വാഗ്ദാനമായി വരേണ്ട ഈ യുവാവിന്റെ മരണവാര്‍ത്ത നല്‍കി സായൂജ്യമടഞ്ഞു.

2014 നവംബര്‍ 27ന് ഓസ്ട്രേലിയന്‍ ക്രിക്കറ്റ്താരം ഫില്‍ ഹ്യൂസിന്റെ തലയില്‍ പന്ത് കൊണ്ട് അദ്ദേഹം മരിച്ച സംഭവം ഇന്ത്യയിലെ മാധ്യമങ്ങള്‍ ഒരു മടിയും കൂടാതെ ഗുളിക കഴിക്കുന്നതു പോലെ കൊടുത്തു. ഹ്യൂസിന്റെ തലയില്‍ പന്ത് കൊണ്ടത് മുതല്‍ അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങ് വരെ ഇന്ത്യന്‍ മാധ്യമങ്ങള്‍ ലൈവായി നല്‍കി. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് കോടിക്കണക്കിന് ഡോളറിന്റെ പരസ്യം തന്നതു പോലെയായിരുന്നു ഇവിടുത്തെ പ്രകടനം. ഓസ്ട്രേലിയന്‍ താരങ്ങള്‍ പൊട്ടിക്കരയുന്നതും, മൈക്കല്‍ ക്ലാര്‍ക്കിന്റെ പത്രസമ്മേളനവും ഡേവിഡ് വാര്‍ണറുടെ കണ്ണീരും വരെ ഇന്ത്യന്‍ മാധ്യമങ്ങള്‍ ആവര്‍ത്തിച്ച് കാട്ടിക്കൊണ്ടിരുന്നു. ഹ്യൂസിന്റെ സ്‌കൂള്‍ ജീവിതം മുതല്‍ അദ്ദേഹത്തിന്റെ പിതാവ് നടത്തിയിരുന്ന വാഴകൃഷി വരെ അവര്‍ വായനക്കാരുടെ മുന്നിലെത്തിച്ചു. ഹ്യൂസിനെ പറ്റി സ്‌പെഷല്‍ സ്‌റ്റോറി അടിക്കാന്‍ വിക്കിപ്പിഡീയയില്‍ തെരച്ചില്‍ നടത്തിയ ന്യൂസ് ഡെസ്‌കിലെ മഹാന്മാരും അങ്കിത് കേസരി മരിച്ചതിനെ പറ്റി ഒന്നും നല്‍കിയില്ല. വലിയ താരമൊന്നുമല്ലാതിരുന്ന ഹ്യൂസിന്റെ ചരിത്രം കിട്ടാത്ത ചിലര്‍ അദ്ദേഹത്തിന്റെ സ്‌കൂള്‍ ജീവിതത്തിന്റെ നാള്‍വഴികള്‍ പെരുപ്പിച്ച് കാട്ടി എട്ട് കോളം സ്പെഷല്‍ സ്‌റ്റോറി അടിച്ചു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ഭാര്യ സാക്ഷി പ്രസവിച്ചപ്പോള്‍ കുട്ടി ആണാണോ പെണ്ണാണോ എന്നറിയാന്‍ ഒളിഞ്ഞും തെളിഞ്ഞും ഓടി നടന്ന ഫോട്ടോഗ്രാഫര്‍മാര്‍ ഒന്നും അങ്കിത് കേസരിയുടെ സംസ്‌കാരത്തില്‍ ചിത്രമെടുക്കാന്‍ മെനക്കെട്ടില്ല. സായിപ്പിന്റെയും വലിയവന്മാരുടെയും വാര്‍ത്തകള്‍ മാത്രം ചികഞ്ഞ് നടക്കുകയും, സണ്ണി ലിയോണ്‍ ഇനി പോണ്‍ വീഡിയോയില്‍ മേനി കാണിക്കുമോ എന്ന് അന്വേഷിച്ച് നടക്കുന്ന മഞ്ഞ പത്രക്കാരും ഈ ഇരുപതുകാരന്റെ മരണം തിരിഞ്ഞു പോലും നോക്കിയില്ല. നായികയുടെ തുണിയുടെ വലുപ്പം കുറഞ്ഞതിന്റെ പുരാണങ്ങള്‍ അതിവേഗം ബഹുദൂരം എത്തിച്ച് മസാലക്കൊതിയന്മാരെ സംതൃപ്തരാക്കുന്ന വെബ്‌സൈറ്റിലെ പുലികളും കഴിഞ്ഞ മൂന്നു ദിവസമായി ആശുപത്രിയിൽ മരണത്തോട് മുഖാമുഖം കണ്ട് കിടന്നിരുന്ന അങ്കിതിനെ മറന്നു.

ഫില്‍ ഹ്യൂസ് മരിച്ചപ്പോള്‍ കാണിച്ച ആവേശവും താല്പര്യവും അങ്കിത് മരിച്ചപ്പോള്‍ നല്‍കിയില്ലെങ്കിലും കുറച്ച് പരിഗണന നല്‍കാമായിരുന്നു. കാരണം അദ്ദേഹം വളര്‍ന്നു വരുന്ന ഒരു താരമായിരുന്നു, ചിലപ്പോള്‍ നാളെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ അവിഭാജ്യഘടകം ആകേണ്ട താരം. മോശം കരിയര്‍ ഒന്നുമല്ലായിരുന്നു അങ്കിതിന്റെ. 19 വയസിൽ താഴെയുള്ളവർക്കു വേണ്ടിയുള്ള ‘കുച്ച് ബിഹാര്‍’ ട്രോഫിയിൽ പശ്ചിമബംഗാൾ ടീമിനെ നയിച്ച അങ്കിത് കേസരി 2014 ലെ അണ്ടർ-19 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ 30 അംഗ സാധ്യതാപട്ടികയിലും ഇടം നേടിയിരുന്നു. സി കെ നായിഡു ടൂർണമെന്റിൽ ബംഗാളിന്റെ അണ്ടർ-23 ടീമിനു വേണ്ടിയും അങ്കിത് കളിച്ചിട്ടുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് https://play.google.com/store/apps/details?id=com.webdunia.app&hl=en ചെയ്യുക. ഫേസ്ബുക്കിലും https://www.facebook.com/pages/Webdunia-Malayalam/189868854377429?ref=hl ട്വിറ്ററിലും https://twitter.com/Webdunia_Mal പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :