കിവികളുടെ രണ്ടു വിരലുകാരന്റെ പേര് ഗുപ്‌റ്റില്‍ അഥവാ '' ദി ഫിഷ് ''

വെല്ലിങ്ടണ്‍| jibin| Last Updated: ഞായര്‍, 22 മാര്‍ച്ച് 2015 (16:06 IST)
മോഹന്‍ലാല്‍ നായകനായ ഹലോ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ജഗദീഷിനോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട് ''കാലില്‍ വിരലുകള്‍ എത്രയാ, രണ്ടോ മൂന്നോ''. ഈ ഡയലോഗ് കടല്‍ കടന്ന് ന്യൂസിലന്‍ഡിലുമെത്തിയിരിക്കുന്നു. അവിടെ താരമായത് മാര്‍ട്ടിന്‍ ജെയിംസ് ഗുപ്‌റ്റില്‍ എന്ന മാര്‍ട്ടിന്‍ ഗുപ്റ്റിലാണ്. അദ്ദേഹത്തിന് ഇടതു കാലില്‍ രണ്ടു വിരലേയുള്ളു. ചെറുപ്പത്തിലുണ്ടായ അപകടമാണ് അദ്ദേഹത്തിന്റെ കാലിലെ മൂന്ന് വിരലുകള്‍ നഷ്‌ടമാക്കിയത്.

കര്‍ഷകര്‍ തിങ്ങിപ്പാര്‍ക്കുന്ന ഓക്‍ലന്‍ഡില്‍ 1986ലാണ് മാര്‍ട്ടിന്‍ ഗുപ്‌റ്റില്‍ ജനിച്ചത്. ചെറുപ്പത്തില്‍ തന്നെ ക്രിക്കറ്റ് ഭ്രാന്ത് തലയ്‌ക്ക് പിടിച്ച കുഞ്ഞു ഗുപ്‌റ്റില്‍ സ്‌കൂള്‍ തലം മുതല്‍ ക്രീസിലെത്താന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ പതിനാലാം വയസില്‍ ഉണ്ടായ ഒരു ആക്‍സിഡന്റില്‍ അദ്ദേഹത്തിന് പരുക്കേല്‍ക്കുകയും ഇടതുകാലിലെ മൂന്ന് വിരലുകള്‍ നഷ്‌ടമാകുകയുമായിരുന്നു. ആശുപത്രി കിടക്കയില്‍ കഴിച്ചു കൂട്ടിയ അദ്ദേഹത്തിനെ കാണാന്‍ ന്യൂസീലന്‍ഡിന്റെ എക്കാലത്തയും മികച്ച നായകനായ സ്റ്റീഫന്‍ ഫ്ലെമിങ്ങ് എത്തിയതാണ് ആ ജീവിതത്തിന് വഴിത്തിരിവായത്. സ്‌കൂള്‍തലത്തില്‍ അറിയപ്പെടുന്ന ക്രിക്കറ്ററായി മാറാന്‍ കഴിഞ്ഞതും ജെഫ് ക്രോയുടെ ശുപാര്‍ശയുമാണ് ഫ്ലെമിങ്ങിനെ ഗുപ്‌റ്റിലിന്റെ അടുത്ത് എത്തിച്ചത്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഡക്കോടെയായിരുന്നു ഗുപ്‌റ്റിലിന്റെ തുടക്കം. ഓക്‌ലന്‍ഡ് ഏസസിനു വേണ്ടി. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ തൊണ്ണൂറു റണ്ണെടുത്ത് തന്റെ പ്രതിഭ ലോകത്തെ അറിയിച്ചു ഗുപ്‌റ്റില്‍. 2006ല്‍ അണ്ടര്‍-16 ടീമിനൊപ്പം ലങ്കയില്‍ പര്യടനം നടത്തിയ ഗുപ്‌റ്റില്‍ 2009ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഓക്‌ലന്‍ഡില്‍ നടന്ന ഏകദിന മല്‍സരത്തില്‍ കറുത്ത തൊപ്പിയണിഞ്ഞു. അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ചുറി നേടിയായിരുന്നു വരവറിയിച്ചത്. അതോടെ അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന ആദ്യ ന്യൂസീലന്‍ഡുകാരനായി ഗുപ്‌റ്റില്‍. ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരെ ആയിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം.

പിന്നീട് ടീമിലെ കേന്ദ്ര ബിന്ദുവായി തീര്‍ന്ന ഗുപ്‌റ്റില്‍ സഹതാരങ്ങളുടെ ഉറ്റ ചങ്ങാതിയായി തീരുകയായിരുന്നു. ഇടതു കാലില്‍ രണ്ടു വിരലുകളുമായി ചിരിയോടെ നെറ്റ്‌സില്‍ പ്രാക്‍ടീസിന് എത്തുന്ന അദ്ദേഹത്തിനെ മക്കല്ലവും കൂട്ടരും രണ്ട് ഓമനപ്പെരുകളില്‍ വിളിച്ചു. മാര്‍ട്ടി ടു ടോസ്, ദി ഫിഷ് തുടങ്ങിയ ചെല്ലപ്പേരുകള്‍ ഉടന്‍ തന്നെ ലഭിക്കുകയും ചെയ്തു.

ഏതായാലും ഏറെ നിര്‍ണായകമായ ക്വാര്‍ട്ടര്‍ മത്സരത്തില്‍ വെസ്‌റ്റ് ഇന്‍ഡീസിനെതിരെ രണ്ടു വിരലില്‍ നിന്നുകൊണ്ടുതന്നെ ചരിത്രാത്തിലേക്ക് ഒരു റെക്കോഡ് കൂട്ടിച്ചേര്‍ക്കാന്‍ ഗുപ്‌റ്റിലിനായി. 223 മിനിറ്റ് നേരം ക്രീസില്‍ നിന്ന് 163 പന്ത് നേരിട്ട അദ്ദേഹം 64 പന്തില്‍ 50 അര്‍ധശതകവും 134 പന്തില്‍ 150 റണ്‍സും 152 പന്തില്‍ ഇരട്ട സെഞ്ചുറിയും നേടി ചരിത്രത്തിന്റെ ഭാഗമാകുകയായിരുന്നു. 24 ബൗണ്ടറിയും 11 സിക്‍സറുകളുമാണ് ഒക്‍ലന്‍ഡുകാരന്റെ ബാറ്റില്‍ നിന്ന് പറന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :