ഒടുവില്‍ രവി ശാസ്ത്രിയുടെ മുന്നില്‍ ബിഗ് ത്രീ തോറ്റു; ഭരത് അരുണ്‍ ഇന്ത്യയുടെ ബൗളിംഗ് കോച്ച് !

സഹീർ ഖാന്റെ ബൗളിംഗ് കോച്ച് സ്ഥാനം തെറിച്ചു

ravi shastri,	india,	cricket,	coach,	zaheer khan,	anil kumble,	virat kohli, വിരാട് കോലി,	രവി ശാസ്ത്രി,	ബിസിസിഐ,	ക്രിക്കറ്റ്,	ഇന്ത്യ,	കോച്ച്
മുംബൈ| സജിത്ത്| Last Modified ചൊവ്വ, 18 ജൂലൈ 2017 (11:27 IST)
ഒടുവില്‍ അതുതന്നെ സംഭവിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബൗളിംഗ് കോച്ചായി ഭരത് അരുണ്‍ തന്നെ. സഹീര്‍ ഖാനെ ബൗളിംഗ് പരിശീലകനാക്കിയ ഉപദേശക സമിതി അംഗങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്ണമണ്‍ എന്നിവരുടെ തീരുമാനം മറികടന്നാണ് രവി ശാസ്ത്രിയുടെ സമ്മര്‍ദ്ദത്തിന് മുന്നില്‍ മുട്ടുമടക്കിയത്. ഇതോടെ സഹീറിന്റെ റോള്‍ വിദേശ പരമ്പരകളില്‍ ടീമിന്റെ ബൗളിംഗ് ഉപദേശകന്‍ എന്നു മാത്രമായി ചുരുങ്ങുകയും ചെയ്യും.

54 കാരനായ ഭരത് അരുൺ ഇതിനു മുമ്പും ഇന്ത്യയുടെ ബൗളിംഗ് കോച്ചായി പ്രവർത്തിച്ച വ്യക്തിയാണ്. 2014 മുതൽ 2016 വരെയുള്ള കാലഘട്ടത്തിൽ ഇന്ത്യയുടെ ബൗളിംഗ് കോച്ചായിരുന്നു അദ്ദേഹം. ഈ മാസം അവസാനം തുടങ്ങാനിരിക്കുന്ന ശ്രീലങ്കൻ പര്യടനത്തോടെയായിരിക്കും അരുൺ ഇന്ത്യൻ ടീമിനൊപ്പം ചേരുകയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. ആർ ശ്രീധർ, സഞ്ജയ് ബംഗാർ എന്നിവർ ടീമിന്റെ ഫീൽഡിങ്, ബാറ്റിംഗ് കോച്ചുമാരായും ടീമിനൊപ്പമുണ്ട്.

നേരത്തെ, ബി സി സി ഐ ഉപദേശക സമിതിയാണ് സഹീർ ഖാനെ ബൗളിംഗ് കോച്ചായും രാഹുൽ ദ്രാവിഡിനെ ബാറ്റിംഗ് കോച്ചായും നിശ്ചയിച്ചത്. എന്നാൽ ഇന്ത്യൻ ടീമിന്റെ കൂടെ പരമാവധി 150 ദിവസം മാത്രമേ ഒരു വർഷം ചെലവഴിക്കാൻ പറ്റൂ എന്ന് സഹീർ ഖാൻ അറിയിക്കുകയായിരുന്നു. ഫുൾ ടൈം ബൗളിംഗ് കോച്ചാണെങ്കിൽ വർഷം 250 ദിവസമെങ്കിലും ടീമിനൊപ്പം ചെലവഴിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ഭരത് അരുൺ ഇന്ത്യൻ ടീമിന്റെ ബൗളിംഗ് കോച്ചായി എത്തുന്നത്.

നേരത്തെ രവി ശാസ്ത്രി ഇന്ത്യൻ ടീം ഡയറക്ടറായിരുന്ന വേളയില്‍ ബൗളിംഗ് കോച്ചായിരുന്നു ഭരത് അരുൺ. അരുണിനെ ഇന്ത്യന്‍ ക്യാംപിൽ എത്തിക്കാൻ രവി ശാസ്ത്രിക്ക് നേരത്തെതന്നെ താൽപര്യമുണ്ടായിരുന്നു എന്നും റിപ്പോർട്ടുകള്‍ പറയുന്നു. എന്തായാലും ഇതോടെ കോച്ചിനെ തെരഞ്ഞെടുക്കാന്‍ നിയോഗിക്കപ്പെട്ട സച്ചിന്‍-ഗാംഗുലി-ലക്ഷ്മണ്‍ ഉപദേശക സമിതിയുടെ നിലനില്‍പ്പ് പോലും അപ്രസക്തമായ അവസ്ഥയാണ് നിലവിലുള്ളതെന്നാണ് വാസ്തുത.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :