ജയസൂര്യ ഇനി ഓള്‍റൌണ്ടര്‍

കൊളംബൊ| WEBDUNIA| Last Modified വെള്ളി, 30 ഒക്‌ടോബര്‍ 2009 (12:46 IST)
PRO
ലോക ക്രിക്കറ്റിലെ ഏറ്റവും വിനാശകാരിയാ‍യ ഓപ്പണര്‍ എന്ന സ്ഥാനത്ത് ഇനി ഉണ്ടാവില്ല. അടുത്ത മാസം ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ നാല്‍‌പ്പതുകാരനായ ജയസൂര്യയെ സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ഓള്‍‌റൌണ്ടര്‍ എന്ന നിലക്ക് മാത്രമാണ്. മാത്രമല്ല തന്‍റെ സ്ഥിരം പൊസിഷനായ ഓപ്പണിംഗ് സ്ഥാനത്തും ഇനി ജയസൂര്യയുണ്ടാവില്ല. ജയസൂര്യയെ ബാറ്റിംഗ് ഓര്‍ഡറില്‍ താഴോട്ടിറക്കാനും സെലക്ടര്‍മാര്‍ തീരുമാനിച്ചിട്ടുണ്ട്.

ഓപ്പണര്‍ എന്ന നിലക്ക് ടീമിന് സ്ഫോടനാത്മക തുടക്കം നല്‍കിയിരുന്ന ജയസൂര്യ ചാമ്പ്യന്‍സ് ട്രോഫിയില്‍ തീര്‍ത്തും നിറം മങ്ങിയ പ്രകടനമാണ് കാഴ്ചവെച്ചതെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അശാന്ത ഡി മെല്‍ പറഞ്ഞു. അതിനാലാണ് അദ്ദേഹത്തെ ബാറ്റിംഗ് ഓര്‍ഡറില്‍ താഴോട്ടിറക്കി ഓള്‍‌റൌണ്ടര്‍ എന്ന നിലയില്‍ പരീക്ഷിക്കുന്നതെന്നും ഡി മെല്‍ വ്യക്തമാക്കി.

ഇന്ത്യക്കെതിരായ പരമ്പരയില്‍ ജയസൂര്യയുടെ പ്രകടനം സൂഷ്മ നിരീക്ഷണത്തിന് വിധേയമാക്കുമെന്നും അദ്ദേഹത്തിന്‍റെ കാര്യത്തില്‍ ഭാവി തീരുമാനം ഈ പരമ്പരയുടെ അടിസ്ഥാനത്തിലായിരിക്കുമെന്നും സെലക്‍ഷന്‍ കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ജയസൂര്യയെ ടീമിലെടുത്തത് ഇന്ത്യക്കെതിരായ പരമ്പരക്ക് മാത്രമാണെന്നും ലോകകപ്പ് വരെ ടീമില്‍ തുടരണമെന്നുണ്ടെങ്കില്‍ മികച്ച പ്രകടനം കാഴ്ചവെച്ചേ മതിയാവൂവെന്നും സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :