താന്‍ ക്രിക്കറ്റ് കളിക്കുന്നത് ആരെയും ബോധിപ്പിക്കാനല്ലെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ക്രിക്കറ്റിനെ അഗാധമായി സ്നേഹിക്കുന്നതുകൊണ്ടും കളി ആസ്വദിക്കുന്നതുകൊണ്ടുമാണ് ഇപ്പോഴും ഗ്രൌണ്ടില്‍ ഇറങ്ങുന്നതെന്ന് സച്ചിന്‍ വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കയില്‍ ഐപിഎല്‍ മത്സരത്തിനിടെ ടൈംസ് നൌ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സച്ചിന്‍. ടീമിന് വേണ്ടിയുള്ള സംഭാവനയും സംതൃപ്തിയുമാണ് വലിയ കാര്യമെന്ന് സച്ചിന്‍ പറഞ്ഞു.
വമ്പന്‍ സ്കോറുകള്‍ നേടുന്നതോ കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്നതോ മാത്രമല്ല ടീമിന് വേണ്ടിയുള്ള സംഭാവനയെന്ന് സച്ചിന്‍ പറഞ്ഞു. റെക്കോര്‍ഡുകള്‍ ഒരു കളിക്കാരന്‍റെ സംഭാവനകളുടെ പ്രതിഫലനമായിരിക്കാം, എന്നാല്‍ താന്‍ ക്രിക്കറ്റ് കളിക്കുന്നത് ഇത്തരം കണക്കുകള്‍ക്ക് വേണ്ടിയല്ലെന്നും കളി ആസ്വദിക്കുന്നത് കൊണ്ടാണെന്നും സച്ചിന്‍ വ്യക്തമാക്കി.
റെക്കോഡുകളിലും വമ്പന്‍ നേട്ടങ്ങളിലും മാത്രം ശ്രദ്ധ ചെലുത്തിയാല്‍ ഒരു പ്രയോജനവും നേടാനാകില്ലെന്നും കളിയില്‍ താല്‍പര്യമുണ്ടാകില്ലെന്നും സച്ചിന്‍ പറഞ്ഞു. കളി ആസ്വദിക്കുന്നതിനാലാണ് തന്‍റെ ഉള്ളില്‍ ഇപ്പോഴും മത്സരത്വര നിലനില്‍ക്കുന്നതെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.