ഓസീസ് വീഴ്ചയില്‍ കിരീടം തെറിച്ചു

പെര്‍ത്ത്| PRATHAPA CHANDRAN|
ഇനി ഓസീസ് ഏകദിന ക്രിക്കറ്റിലെ സാധാരണക്കാര്‍! ഏകദിന ക്രിക്കറ്റ് റാങ്കിംഗിലെ മുടിചൂടാമന്നന്‍‌മാരെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്ത് എത്തി.

വെള്ളിയാഴ്ച നടന്ന ഏകദിന മത്സരത്തില്‍ 97 റണ്‍സ് നേടിയ ആം‌ലയുടെ പിന്‍‌ബലത്തില്‍ ദക്ഷിണാഫ്രിക്ക സാധാരണമെന്ന് തോന്നാവുന്ന 288 റണ്‍സ് ആണ് ആതിഥേയര്‍ക്ക് മുന്നിലേക്ക് വച്ചത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസീസിന് 49 ഓവറില്‍ 249 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ.

സ്വന്തം മണ്ണില്‍ നടന്ന അഞ്ച് ഏകദിനങ്ങളില്‍ രണ്ടാമത്തേതില്‍ മാത്രമാണ് ഓസ്ട്രേലിയയ്ക്ക് ജയിക്കാനായത്.ഈ മത്സരം ജയിച്ചതോടെ ദക്ഷിണാഫ്രിക്ക ഏകദിനത്തിലെ ഒന്നാം റാങ്കുള്ള പുതിയ രാജാക്കന്‍‌മാരായി.

76 റണ്‍സ് എടുത്ത മൈക്ക് ഹസിയും 63 റണ്‍സ് എടുത്ത ഹാഡിനും മാത്രമേ ഓസീസ് നിരയില്‍ പിടിച്ചു നിന്നുള്ളൂ. ദക്ഷിണാഫ്രിക്കന്‍ പുതുമുഖ താരമായ ലോന്വാബ് സോറ്റ്‌സോബ ഒമ്പത് ഓവറില്‍ 50 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് എടുത്തു. മോണ്‍ മോര്‍ക്കല്‍ രണ്ട് വിക്കറ്റും പാര്‍നെല്‍, ഡുംനി, ബോത്ത എന്നിവര്‍ ഓരോവിക്കറ്റും നേടി. ദക്ഷിണാഫ്രിക്കന്‍ ബൌളിംഗിനു മുന്നില്‍ ഓസീസ് യഥാര്‍ത്ഥത്തില്‍ പതറുകയായിരുന്നു.

ഇപ്പോള്‍ ഏകദിന റാങ്കിംഗില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 34 കളികളില്‍ നിന്ന് 4245 പോയന്‍റ് ഉണ്ട്. രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഓസീസിന് 33 കളികളില്‍ നിന്ന് 4113 പോയന്‍റാണ് ഉള്ളത്. മൂന്നാം സ്ഥാനത്താണ് ഇന്ത്യ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :