ഇന്ത്യന്‍ സ്വപ്നങ്ങള്‍ക്ക് തിരിച്ചടി; പൊരുതാനുറച്ച് ഇംഗ്ലണ്ട്

അഹമ്മദാബാദ്: | WEBDUNIA|
PRO
ഇന്നിംഗ്സ് വിജയമെന്ന ഇന്ത്യന്‍ മോഹത്തെ ഇംഗ്ലണ്ട് തകര്‍ത്തു. കുക്കിന്റെ മാജിക്കില്‍ ഇംഗ്ലണ്ടിന് പുനര്‍ജീവന്‍. ക്യാപ്റ്റന്‍ അലസ്റ്റര്‍ കുക്കിന്റെ സെഞ്ച്വറിയും (168 നോട്ടൗട്ട്) മാറ്റ് പ്രയറിന്റെ ചെറുത്തുനില്‍പ്പും (84 നോട്ടൗട്ട്) ഇംഗ്ലണ്ടിനെ ഇന്നിംഗ്സ് തോല്‍വിയില്‍നിന്ന് രക്ഷിച്ചു.
നാലാംദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 340 റണ്‍സെടുത്ത ഇംഗ്ലണ്ട്, ഇന്ത്യയ്ക്ക് പണികൊടുത്തു. സ്‌കോര്‍: ഇന്ത്യ എട്ടിന് 521 ഡിക്ലയേഡ്, ഇംഗ്ലണ്ട് 191, രണ്ടാം ഇന്നിംഗ്സില്‍ അഞ്ചിന് 340.

ടെസ്റ്റില്‍ തോല്‍വി ഒഴിവാക്കണമെങ്കില്‍ ഇംഗ്ലണ്ടിന് ഇനിയുമേറെ മുന്നേറാനുണ്ട്. എന്നാല്‍, ടെസ്റ്റ് രക്ഷിച്ചെടുക്കാമെന്ന നേര്‍ത്ത ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട്. അവസാനദിനം രണ്ടു സെഷനുകള്‍ അതിജീവിക്കാനായാല്‍ ആ പ്രതീക്ഷ ഫലവത്താകും.

ഞായറാഴ്ച ലഞ്ചിനുശേഷം തുടരെ രണ്ട് പന്തുകളില്‍ ഉമേഷ് യാദവ് രണ്ടുവിക്കറ്റെടുത്തപ്പോള്‍ നാലാംദിനം തന്നെ കാര്യങ്ങള്‍ തീരുമാനിക്കപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെട്ടു. എന്നാല്‍, പിന്നീട് ഒത്തുചേര്‍ന്ന കുക്കും പ്രയറും ഇന്ത്യയുടെ പ്രതീക്ഷകള്‍ തകര്‍ത്തു. ഒന്നര സെഷനിലേറെ പിടിച്ചുനിന്ന ഈ സഖ്യം ആറാം വിക്കറ്റില്‍ ഇതേവരെ കൂട്ടിച്ചേര്‍ത്തത് 141 റണ്‍സ്.

ഇന്ത്യന്‍ സ്പിന്നര്‍മാരായ പ്രഗ്യാന്‍ ഓജയും അശ്വിനുംകൂടി നാലാംദിനമെറിഞ്ഞത് 57 ഓവറുകള്‍. ഓജ നേടിയ രണ്ടുവിക്കറ്റുകളാണ് ആകെ നേട്ടം. വിക്കറ്റ് നഷ്ടമില്ലാതെ 111 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് ഞായറാഴ്ച കളി തുടങ്ങിയത്. 123-ല്‍ നില്‍ക്കെ കോംപ്ടണെ (37) പുറത്താക്കി സഹീര്‍ഖാന്‍ തുടക്കമിട്ടു. പിന്നീട്, ഒന്നിടവിട്ട ഓവറുകളില്‍ ജോനാഥന്‍ ട്രോട്ടിനെയും (17), കെവിന്‍ പീറ്റേഴ്‌സണിനെയും (2) ഓജ മടക്കിയതോടെ കാര്യങ്ങള്‍ ഇന്ത്യയുടെ വരുതിയിലായി. സ്‌കോര്‍ 199-ല്‍ നില്‍ക്കെ ഇയാന്‍ ബെല്ലിനെയും (22) സമിത് പട്ടേലിനെയും (0) തുടരെ വിക്കറ്റിനുമുന്നില്‍ കുടുക്കി ഉമേഷ് യാദവും പ്രതീക്ഷയുടെ അഗ്‌നി ജ്വലിപ്പിച്ചു.

എന്നാല്‍, പിന്നീട് കുക്കും പ്രയറും കളി മാറ്റിയെഴുതി. 341 പന്തുകള്‍ നേരിട്ട് 20 ബൗണ്ടറിയോടെയാണ് കുക്ക് 168 റണ്‍സെടുത്തത്. കുക്കിന്റെ ഇരുപത്തിയൊന്നാം സെഞ്ച്വറിയാണിത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :