’ലോകകപ്പ് ക്രിക്കറ്റ്: മൂന്നില്‍ തട്ടി വീണവര്‍‘

ഹണി ആര്‍ കെ

WEBDUNIA|
PRO
PRO
മൂന്ന് എന്ന സംഖ്യക്ക് ക്രിക്കറ്റില്‍ സെഞ്ച്വറിയോളം പ്രാധാന്യമുണ്ട്. മൂന്ന് വട്ടം തുടര്‍ച്ചയായി ഒരു കാര്യം ചെയ്താല്‍ റെക്കോര്‍ഡാണ്( ഹാട്രിക് നേട്ടം) ക്രിക്കറ്റില്‍. പക്ഷേ, മൂന്ന് അത്ര നല്ലതല്ലെന്ന് ക്രിക്കറ്റിന് ജന്‍‌മം നല്‍കിയ ഇംഗ്ലണ്ടുകാര്‍ പറഞ്ഞേക്കും. കാരണം എന്തെന്നല്ലേ? മൂന്നുവട്ടം ഫൈനലിലെത്തിയിട്ടും ലോകകപ്പ് കിരീടം ഉയര്‍ത്താന്‍ ഭാഗ്യം കിട്ടാത്ത ടീമാണ് ഇംഗ്ലണ്ട്. ഹാട്രിക് പരാജയമല്ലെന്നതാണ് ആശ്വാസം. 1979, 1987, 1992 എന്നീ ലോകകപ്പുകളിലാണ് ഇംഗ്ലണ്ട് ഫൈനലിലെത്തിയത്.

ഇംഗ്ലണ്ട് തന്നെ ആതിഥേയത്വം വഹിച്ച രണ്ടാമത്തെ ലോകകപ്പായിരുന്നു 1979ലേത്. ഫൈനലില്‍ ആദ്യ ലോകകപ്പിലെ ചാമ്പ്യന്‍‌മാരായ വെസ്റ്റിന്‍‌ഡീസ് ആയിരുന്നു ഇംഗ്ലണ്ടിന്റെ എതിരാളികള്‍. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍‌ഡീസ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സെടുത്തു. 11 ബൗണ്ടറികളും മൂന്നു സിക്‌സറുകളും ഉള്‍പ്പടെ പുറത്താകാതെ 138 റണ്‍സെടുത്ത വിവിയന്‍ റിച്ചാര്‍ഡാണ് അവരെ ഈ സ്കോറിലെത്തിച്ചത്. ഈ സ്കോര്‍ പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് വെസ്റ്റിന്‍ഡീസ് ബൌളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. 16 പന്തിനിടെ 11 റണ്‍സ് സ്‌കോര്‍ ചെയ്യുമ്പോഴേക്കും ഇംഗ്ലണ്ടിന്റെ അവസാന എട്ടു വിക്കറ്റുകളാണ് വീണത്. ഫലം 51 ഓവറില്‍ 194 റണ്‍സിന് എല്ലാവരും പുറത്തായി; വെസ്റ്റിന്‍ഡീസിന് രണ്ടാം ലോകകിരീടം.

ലോകകപ്പ്‌ വേദി ആദ്യമായി ഇംഗ്‌ളണ്ട്‌ വിട്ട്‌ പുറത്തേക്ക്‌ എത്തിയ 1987ലെ ഫൈനലിലും ഇംഗ്ലണ്ട് അന്തിമപ്പോരാട്ടത്തിന് യോഗ്യത നേടി. ഇന്ത്യയും പാകിസ്ഥാനും സംയുക്‌തമായി ആതിഥേയത്വം വഹിച്ച ഈ ലോകകപ്പില്‍ ഓസ്‌ട്രേലിയയാണ് ഇംഗ്ലണ്ടിന്റെ സ്വപ്നങ്ങളെ ചാരത്തില്‍ മൂടിയത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ. ഏഴ്‌ റണ്‍സിനാണ്‌ ഇംഗ്ലണ്ട് പരാജയം സമ്മതിച്ചത്. ലോകകപ്പ്‌ ഫൈനലിന്റെ ചരിത്രത്തില്‍ ഏറ്റവും ചെറിയ വിജയമാര്‍ജിനായിരുന്നു ഇത്‌. വാശിയേറിയ പോരാട്ടം കാഴ്‌ചവെച്ച ശേഷമായിരുന്നു അന്ന്‌ ഇംഗ്‌ളണ്ട്‌ തോല്‍വി സമ്മതിച്ചത്‌.

വീണ്ടും ഒരിക്കല്‍ കൂടി ലോകകപ്പ് ഫൈനലിന്റെ ഗ്രൌണ്ട് ഇംഗ്ലണ്ടിന്റെ കണ്ണീരില്‍ നനഞ്ഞു - 1992ല്‍. അഞ്ചാമത്തെ ഈ ലോകകപ്പിന്‌ ആതിഥേയത്വം വഹിച്ചത്‌ ഓസ്‌ട്രേലിയന്‍ ഭൂഖണ്ഡമായിരുന്നു. ഇംഗ്‌ളീഷുകാരെ ഈ ലോകകപ്പില്‍ പരാജയപ്പെടുത്തിയത് പാകിസ്ഥാനാണ്. ആറു വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സിന്റെ വിജയലക്‍ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 49.2 ഓവറില്‍ 227 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. ലോകകപ്പിന്റെ ചരിത്രത്തില്‍ മൂന്നുതവണ ഫൈനല്‍ കളിച്ചിട്ടും ഒരുതവണപോലും ജേതാക്കളാകാന്‍ കഴിയാതെ നിരാശരായാണ്‌ ഓസ്‌ട്രേലിയയില്‍ നിന്ന്‌ ഇംഗ്ലണ്ട് മടങ്ങിയത്‌.

അതേസമയം തുടര്‍ച്ചയായി ഒരു ടീം മൂന്നു ലോകകപ്പുകള്‍ നേടിയ ചരിത്രവും ക്രിക്കറ്റിനുണ്ട്. ഹാട്രിക് ലോക കിരീട നേട്ടം അവകാശപ്പെടാവുന്ന ഏക ടീം ഓസീസാണ്. 1999, 2003, 2007 എന്നീ ലോകകപ്പുകളിലാണ് ഓസീസ് തുടര്‍ച്ചയായി ചാമ്പ്യന്‍‌മാരായത്. 1987ലും ഓസ്‌ട്രേലിയയായിരുന്നു ലോകകപ്പ് കിരീടം സ്വന്തമാക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :