അന്തിമവിജയിയേയും കാത്ത് വാങ്കഡെ സ്റ്റേഡിയം

WEBDUNIA|
PRO
PRO
ലോകക്രിക്കറ്റ് മാമാങ്കത്തിന് നാടും നാട്ടാരും ഒരുങ്ങിക്കഴിഞ്ഞു. എന്തെല്ലാം ചരിത്രനിമിഷങ്ങള്‍ പിറക്കാനിരിക്കുന്നു ഫെബ്രുവരി 19 മുതല്‍ ഏപ്രില്‍ രണ്ടുവരെയുള്ള ദിവസങ്ങളില്‍. അന്തിമവിജയി ആരായിരിക്കുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. ഒപ്പം ഒരു മൈതാനവും- ആരാണ് തനിക്കൊപ്പം വിജയഹാസം തൂകുക? ആരുടെയൊക്കെ കണ്ണീരിലാകും നനയേണ്ടി വരിക? ആര്‍ക്കൊപ്പമാകും തന്റെ പേരും ചരിത്രത്തിലിടം പിടിക്കുക. അന്തിമപോരാട്ടം നടക്കുന്ന മുംബൈ വാങ്കഡെ സ്റ്റേഡിയം കാത്തിരിക്കുകയാണ് ആ അസുലഭമുഹൂര്‍ത്തിനായി.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍‌ഡുല്‍ക്കറുടെ ഹോം ഗ്രൌണ്ടെന്ന ഖ്യാതിയില്‍ മുന്‍പേ തല ഉയര്‍ത്തിപ്പിടിച്ചിരിക്കുകയാണ് വാങ്കഡെ സ്‌റ്റേഡിയം. നിരവധി ചരിത്രമുഹൂര്‍ത്തങ്ങള്‍ക്കും സാക്ഷിയായിട്ടുണ്ട് ഇവിടം. ഇയാന്‍ ബോതമാണ് ഇവിടെ ചരിത്രനിമിഷങ്ങള്‍ കുറിച്ചവരില്‍ പ്രധാനി. 1980ല്‍ നടന്ന ടെസ്റ്റില്‍ സെഞ്ച്വറിയും പത്തുവിക്കറ്റുമെടുത്ത് ആ നേട്ടത്തിലെത്തുന്ന ആദ്യതാരമായി ഇയാന്‍ ബോതം. രവി ശാസ്ത്രി ഒരോവറില്‍ ആറ് സിക്സര്‍ പറത്തുന്നത് കാണാനും വാങ്കഡെ സ്റ്റേഡിയത്തിന് ഭാഗ്യമുണ്ടായി. ഇവിടെ നടന്ന ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ഗാരി സോബറിനെയാണ് രവി ശാസ്ത്രി ആറുവട്ടം സിക്സര്‍ പറത്തിയത്. ഐപി‌എല്‍ ടീമായ മുംബൈ ഇന്ത്യന്‍സിന്‍സിന്റെ ഹോം ഗ്രൌണ്ടാണ് ഇവിടം ഇപ്പോള്‍.

ആറുമാസത്തെ റെക്കോര്‍ഡ് സമയത്തിനുള്ളിലാണ് വാങ്കഡെ സ്‌റ്റേഡിയം നിര്‍മ്മിച്ചത്. 1975 ജനുവരി 23നാണ് ഇവിടെ ആദ്യ ടെസ്റ്റ് മത്സരം നടന്നത്. ഈ മത്സരത്തില്‍ വെസ്റ്റ്‌ഇന്‍ഡീസിനെ ഇന്ത്യ 201 റണ്‍സിന് പരാജയപ്പെടുത്തി. ഏറ്റവും ഒടുവിലായി ഇവിടെ നടന്നത് ഇംഗ്ലണ്ട്- ഇന്ത്യാ മത്സരമായിരുന്നു. ഈ മത്സരത്തില്‍ ഇന്ത്യ 212 റണ്‍സിന് പരാജയപ്പെട്ടു.

ഇവിടെ ആദ്യമായി ഏകദിനമത്സരം നടന്നത് 1987 ജനുവരി 17നാണ്. ആ മത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയെ 10 റണ്‍സിന് തോല്‍പ്പിച്ചു. ഏറ്റവും ഒടുവില്‍ ഇവിടെ നടന്ന മത്സരത്തിലും ഇന്ത്യക്കായിരുന്നു വിജയം. 2007 ഒക്ടോബറില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ രണ്ട് വിക്കറ്റിനാണ് ഓസീസിനെ പരാജയപ്പെടുത്തിയത്. ഇവിടെ ഏറ്റവും കൂടുതല്‍ തവണ വിജയിച്ചതും ഇന്ത്യയാണ്.ആകെ നടന്ന 15 മത്സരങ്ങളില്‍ എട്ട് എണ്ണം ആദ്യം ബാറ്റ് ചെയ്ത ടീമും ഏഴ് തവണ രണ്ടാമത് ബാറ്റ് ചെയ്ത ടീമും വിജയിച്ചു. ഇവിടെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതിന്റെ റെക്കോര്‍ഡ് സച്ചിനാണ്-437 റണ്‍സ്. എറ്റവും കൂടുതല്‍ വിക്കറ്റ് മുന്‍ ഇന്ത്യന്‍ താരം വെങ്കിടേശ് പ്രസാദിനാണ്- 15 വിക്കറ്റ്. ഒരു കളിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് ശ്രീലങ്കയുടെ ജയസൂര്യയാണ്. 151 റണ്‍സാണ് ജയസൂര്യ നേടിയത്. മികച്ച ബൌളിംഗ് പ്രകടനം നടത്തിയത് ഇന്ത്യയുടെ മുരളി കാര്‍ത്തിക്കാണ്.27 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റുകള്‍ എടുത്തതാണ് മികച്ച ബൌളിംഗ് പ്രകടനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :