‘മദിരാശി’ കുഴപ്പത്തില്‍, റിലീസ് എന്നുണ്ടാകുമെന്ന് ആര്‍ക്കുമറിയില്ല!

WEBDUNIA|
PRO
ഷാജി കൈലാസ് മാറ്റത്തിന് ശ്രമിക്കുന്ന കാലമാണ്. ആക്ഷന്‍ സിനിമകളുമായുള്ള ബന്ധം ഏകദേശം പൂര്‍ണമായും അവസാനിപ്പിച്ചു. ഇനി കോമഡിച്ചിത്രങ്ങളിലൂടെ കുടുംബപ്രേക്ഷകരെ കൈയിലെടുക്കാനാണ് ശ്രമം. അതിന്‍റെ ഭാഗമായി ഒരു ജയറാം ചിത്രം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ‘മദിരാശി’ എന്ന ആ സിനിമ പക്ഷേ, എന്ന് റിലീസ് ചെയ്യുമെന്ന് പറയാന്‍ ആര്‍ക്കും കഴിയുന്നില്ല.

രാജേഷ് രഘുരാമന്‍റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത മദിരാശി പൂര്‍ണമായും ഒരു കോമഡിച്ചിത്രമാണ്. ചിത്രം ഒക്ടോബറില്‍ റിലീസ് ചെയ്യുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. പിന്നീട് നവംബര്‍ 23 എന്ന് തീരുമാനിച്ചതായി അറിയിപ്പുവന്നു. ആ ഡേറ്റിലും മദിരാശി വെളിച്ചം കാണില്ല എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.

സാമ്പത്തിക പ്രശ്നങ്ങളാണത്രെ മദിരാശിയുടെ റിലീസ് നീട്ടുന്നത്. ലൈറ്റ്, ക്യാമറ ക്രൂവിന് നിര്‍മ്മാതാവ് പ്രതിഫലത്തുക പൂര്‍ണമായും നല്‍കാത്തതാണ് കുഴപ്പമായത്. നിര്‍മ്മാതാവും ഇവരും തമ്മില്‍ ഇത് സംബന്ധിച്ച് വലിയ വാക്കേറ്റമുണ്ടാവുകയും ഒത്തുതീര്‍പ്പിനുള്ള സാധ്യതകളെല്ലാം അടയുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണയായി ഇത്തരം കാര്യങ്ങള്‍ക്ക് ഫെഫ്കയില്‍ പരാതിപ്പെടുകയാണ് പതിവ്. എന്നാല്‍ വാക്കേറ്റത്തിന് ശേഷം ലൈറ്റ്, ക്യാമറ ക്രൂ നിര്‍മ്മാതാവിനെതിരെ കോടതിയില്‍ കേസ് നല്‍കിയിരിക്കുകയാണ്.

എന്നാല്‍ ഷാജി കൈലാസ് ഈ റിപ്പോര്‍ട്ടുകളെല്ലാം തള്ളിക്കളയുന്നു. “അത്തരം പ്രശ്നങ്ങളൊന്നുമില്ല. മുംബൈയില്‍ ഈ സിനിമയുടെ അവസാനവട്ട ജോലികള്‍ പുരോഗമിക്കുകയാണ്. ഈ മാസം ഒടുവില്‍ ചിത്രം റിലീസാകുമെന്ന് ഞങ്ങള്‍ നേരത്തേ പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്” - ഷാജി പറയുന്നു.

എന്നാല്‍ നവംബര്‍ 23ന് മദിരാശി റിലീസാകില്ലെന്ന് ഉറപ്പായിട്ടുണ്ട്. നവംബര്‍ 23 എന്ന് കൃത്യമായി തങ്ങള്‍ പറഞ്ഞിട്ടില്ലെന്നും നവംബര്‍ അവസാനം റിലീസാകുമെന്ന് മാത്രമേ പ്രഖ്യാപിച്ചിട്ടുള്ളൂ എന്നും ഷാജി കൈലാസ് അറിയിക്കുന്നു.

ഒടുവിലാന്‍: കഥ ഇങ്ങനെയൊക്കെയാണെങ്കിലും ഇതേ നിര്‍മ്മാതാവിന്‍റെ ‘ജിഞ്ചര്‍’ എന്ന സിനിമ സംവിധാനം ചെയ്യുന്ന തിരക്കിലാണ് ഷാജി കൈലാസ് ഇപ്പോള്‍. രാജേഷ് ജയരാമന്‍ തന്നെ രചന നിര്‍വഹിക്കുന്ന ഈ സിനിമയിലും നായകന്‍ ജയറാം തന്നെ!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :