‘പാ’ തമിഴില്‍; കമലഹാസന്‍ നായകന്‍

WEBDUNIA|
IFM
ഹിന്ദി സിനിമാലോകത്തിന് ഒരു അത്ഭുതമായിരുന്നു ‘പാ’. ബോളിവുഡിന്‍റെ എക്കാലത്തെയും സൂപ്പര്‍സ്റ്റാറായ അമിതാഭ് ബച്ചന്‍ 13കാരനായ ‘ഓറോ’ എന്ന കഥാപാത്രമായി ജീവിച്ച ചിത്രമായിരുന്നു ഇത്. പ്രൊഗേറിയ(അകാലവാര്‍ദ്ധക്യം) ബാധിച്ച കുട്ടിയായി അമിതാഭ് മിന്നിത്തിളങ്ങിയപ്പോള്‍ സിനിമാലോകം ആ പ്രതിഭയ്ക്ക് ഒരിക്കല്‍ കൂടി ശിരസുകുനിച്ച് അഭിവാദ്യം നല്‍കി. അമിതാഭ് ബച്ചന്‍റെ പിതാവായി അഭിനയിച്ചത് മകന്‍ അഭിഷേക് ബച്ചനാണെന്നതും ആ ചിത്രത്തിന്‍റെ പ്രത്യേകതയായിരുന്നു.

ഇപ്പോഴിതാ, ബാല്‍കി സംവിധാനം ചെയ്ത ‘പാ’ തമിഴില്‍ അവതരിക്കുകയാണ്. 13കാരനായ ഓറോയെ അവതരിപ്പിക്കുന്നത് മറ്റാരുമല്ല, ഉലകനായകന്‍ കമലഹാസന്‍! ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ കമലഹാസന്‍ ധൃതിയില്‍ പൂര്‍ത്തിയാക്കി വരികയാണെന്നാണ് റിപ്പോര്‍ട്ട്.
PRO


തമിഴിലേക്കുള്ള ‘പാ’യുടെ റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നത് സംഗീത ഇതിഹാസമായ ഇളയരാജയാണ്. ഇളയരാജയായിരുന്നു ‘പാ’യ്ക്ക് സംഗീതം നല്‍കിയത്. കമലഹാസന്‍ കഴിഞ്ഞ ദിവസം ഇളയരാജയുമായി ദീര്‍ഘനേരം ചര്‍ച്ച നടത്തുകയുണ്ടായി. അഭിഷേക് ബച്ചനും അമിതാഭുമാണ് ഹിന്ദി ‘പാ’യില്‍ അഭിനയിച്ചതെങ്കില്‍ തമിഴ് ‘പാ’യില്‍ അച്ഛനെയും മകനെയും കമല്‍ തന്നെ അവതരിപ്പിക്കുമെന്നാണ് സൂചന.

തമിഴ് ‘പാ’ സംവിധാനം ചെയ്യുന്നത് ആരായിരിക്കും എന്നാവും അടുത്ത സംശയം ഉയരുക. ക്യാമറാമാന്‍ പി സി ശ്രീറാം ഈ ചിത്രം സംവിധാനം ചെയ്യാനുള്ള തന്‍റെ ആഗ്രഹം ഇളയരാജയെയും കമലിനെയും അറിയിച്ചുകഴിഞ്ഞു. 'പാ’യുടെ ക്യാമറ കൈകാര്യം ചെയ്തത് ശ്രീറാമാണ്. കമലിന്‍റെ വന്‍‌ ഹിറ്റുകളിലൊന്നായ ‘കുരുതിപ്പുനല്‍’ സംവിധാനം ചെയ്തതും ശ്രീറാമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :