ശ്രീകൃഷ്ണന്‍ എന്ന യോദ്ധാവിനെ കാണാന്‍ ‘സ്യമന്തകം’; കുതിരസവാരി, ആയുധപരിശീലനം - പൃഥ്വിരാജ് തിരക്കില്‍ !

പൃഥ്വിരാജ്, മമ്മൂട്ടി, ഹരിഹരന്‍, സ്യമന്തകം, ബാഹുബലി
Last Modified തിങ്കള്‍, 3 ഓഗസ്റ്റ് 2015 (19:59 IST)
പരമശിവനെ ഹീറോയാക്കി അമിഷ് എഴുതിയ നോവലുകള്‍ക്ക് തകര്‍പ്പന്‍ വരവേല്‍‌പ്പ് ലഭിച്ച നാടാണിത്. രാമായണം, മഹാഭാരതം സീരിയലുകള്‍ ഇന്ത്യയിലെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ഏറ്റവുമൊടുവില്‍, പുരാണകഥയുടെ പശ്ചാത്തലമുള്ള ബാഹുബലി ഇതാ 500 കോടി ക്ലബില്‍ എത്തിയിരിക്കുന്നു. എന്തുകൊണ്ട്, മലയാളത്തില്‍ ഇനി ഇത്തരമൊരു പരീക്ഷണം ആയിക്കൂടാ?

ഈ ചോദ്യത്തിനുള്ള ഉത്തരമാകുകയാണ് ‘സ്യമന്തകം’. മഹാഭാരതത്തിലെ ശ്രീകൃഷ്ണനാണ് ഈ സിനിമയിലെ നായകകഥാപാത്രം. ശ്രീക്രൃഷ്ണന്‍റെ പ്രണയഭാവങ്ങള്‍ ചിത്രീകരിച്ച ഒട്ടേറെ സിനിമകള്‍, സീരിയലുകള്‍ ഒക്കെ വന്നതാണ്. എന്നാല്‍ ശ്രീകൃഷ്ണന്‍ എന്ന യോദ്ധാവിനെ അവതരിപ്പിക്കുന്ന സിനിമയാണ് സ്യമന്തകം. മലയാളത്തിന്‍റെ മാസ്റ്റര്‍ ഡയറക്ടര്‍ ഹരിഹരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രീകൃഷ്ണനാകുന്നത് പൃഥ്വിരാജ്.

“പ്രകടനം കൊണ്ടും ശരീരസൌന്ദര്യം കൊണ്ടും പൃഥ്വിരാജ് ഈ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യനാണ്. ഫിറ്റ് ആയ ഒരു ശരീരം ഈ കഥാപാത്രത്തിന് ആവശ്യമാണ്. ശ്രീകൃഷ്ണന്‍ എന്ന കഥാപാത്രത്തിന്‍റെ വിവിധമുഖങ്ങള്‍ അനാവരണം ചെയ്യുന്ന ചിത്രമായിരിക്കും സ്യമന്തകം. ഒരു യോദ്ധാവായും ശ്രീകൃഷ്ണനെ അവതരിപ്പിക്കുന്നു. പൂര്‍ണമായും ഒരു ഹീറോ ഇമേജ് ശ്രീകൃഷ്ണന് നല്‍കുന്ന സിനിമയായിരിക്കും ഇത്. കുതിരസവാരിയും ആയോധനകലയും നൃത്തവും മറ്റ് കലകളും പൃഥ്വി ഇതിനായി പരിശീലിക്കുന്നുണ്ട്” - തികഞ്ഞ ശ്രീകൃഷ്ണഭക്തന്‍ കൂടിയായ ഹരിഹരന്‍ പറയുന്നു.

വിഷ്വല്‍ ഇഫക്ട്‌സിന്, കലാസംവിധാനത്തിന്, സംഗീതത്തിന്, നൃത്തരംഗങ്ങള്‍ക്ക് എല്ലാം ഏറെ പ്രാധാന്യമുള്ള സിനിമ അതതുവിഭാഗത്തിലെ പ്രമുഖര്‍ കൈകാര്യം ചെയ്യും. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രം ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :