റൌഡി റാത്തോഡ്: ആക്ഷന്‍റെ അവസാന വാക്ക്!

WEBDUNIA|
IFM
സല്‍മാന്‍ ഖാന്‍ അടുത്തിടെ രണ്ട് ആക്ഷന്‍ ചിത്രങ്ങളിലൂടെ - വാണ്ടഡ്, ദബാംഗ് - തന്‍റെ താരപദവി ഒരിക്കല്‍ കൂടി ഉറപ്പിച്ചു. ആമിര്‍ഖാന്‍ ഗജിനിയിലൂടെ ആക്ഷന്‍ ഇമേജ് വീണ്ടെടുത്തു. ഷാരുഖ് ഖാന്‍ ഡോണ്‍ 2, രാ.1 തുടങ്ങിയ സിനിമകളിലൂടെ ആക്ഷന്‍ തരംഗം സൃഷ്ടിക്കാനൊരുങ്ങുന്നു.

ഇവിടെ ആക്ഷന്‍ സൂപ്പര്‍സ്റ്റാര്‍ എന്ന പേര് നഷ്ടമായത് അക്ഷയ് കുമാറിനാണ്. ഖിലാഡി സീരീസിലൂടെ ആക്ഷന്‍ രാജാവായി വിലസുമ്പോഴാ‍ണ് പ്രിയദര്‍ശന്‍റെ കൈപിടിച്ച് അക്ഷയ്കുമാര്‍ കോമഡിയുടെ ആകാശത്തേക്ക് കയറിപ്പോയത്. പിന്നീട് ആക്ഷനിലേക്ക് ഒരു മടങ്ങിവരവുണ്ടായില്ല.

എന്നാല്‍ ഇപ്പോള്‍ അക്ഷയ് കുമാര്‍ തന്‍റെ ആക്ഷന്‍ കിരീടം തിരിച്ചുപിടിക്കാനൊരുങ്ങുകയാണ്. പോക്കിരി, വാണ്ടഡ് തുടങ്ങിയ അള്‍ട്ടിമേറ്റ് ആക്ഷന്‍ ത്രില്ലറുകള്‍ ഒരുക്കിയ പ്രഭുദേവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘റൌഡി റാത്തോഡ്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ഈ സിനിമയുടെ നിര്‍മ്മാതാവ് ആരാണെന്നറിയുമ്പോഴാണ് കൌതുകം. സാക്ഷാല്‍ സഞ്ജയ് ലീലാ ബന്‍സാലി. ബോളിവുഡിലെ ക്ലാസിക് സിനിമകളുടെ സംവിധായകനായ ബന്‍‌സാലി റൌഡി റാത്തോഡിലൂടെ ഒരു വന്‍ കൊമേഴ്സ്യല്‍ വിജയമാണ് ലക്‍ഷ്യം വയ്ക്കുന്നത്.

റൌഡി റാത്തോഡിലെ തകര്‍പ്പന്‍ സ്റ്റണ്ട് രംഗങ്ങള്‍ക്കായി അക്ഷയ് കുമാര്‍ ഇപ്പൊഴേ പരിശീലനം ആരംഭിച്ചുകഴിഞ്ഞു. ഓഗസ്റ്റ് മധ്യത്തോടെ ചിത്രീകരണം ആരംഭിക്കുന്ന ഈ സിനിമ 2012 ജനുവരിയില്‍ പ്രദര്‍ശനത്തിനെത്തിക്കാനാണ് പരിപാടി.

നായികയെ ഇനിയും തീരുമാനിച്ചിട്ടില്ലെങ്കിലും ബോളിവുഡിലെ നമ്പര്‍ വണ്‍ സുന്ദരിമാര്‍ റൌഡി റാത്തോഡിന്‍റെ നായികയാകാന്‍ മത്സരം ആരംഭിച്ചുകഴിഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :