പ്രിയദര്‍ശന്‍ ചിത്രത്തിന് എ ആര്‍ റഹ്‌മാന്‍റെ സംഗീതം

പ്രിയദര്‍ശന്‍, എ ആര്‍ റഹ്മാന്‍, പ്രകാശ് രാജ്, മോഹന്‍ലാല്‍
Last Modified ബുധന്‍, 22 ജൂലൈ 2015 (17:34 IST)
പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് എ ആര്‍ റഹ്‌മാന്‍ സംഗീതം നല്‍കിയേക്കും. പ്രകാശ് രാജിനെ നായകനാക്കി പ്രിയന്‍ തമിഴിലൊരുക്കുന്ന ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം റഹ്‌മാന്‍ ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ ഗാനങ്ങള്‍ ഉണ്ടാകില്ല. സിനിമ ചിത്രീകരിച്ചുകഴിഞ്ഞ ശേഷം അത് റഹ്‌മാനെ കാണിക്കുമെന്നും അദ്ദേഹത്തിന് ഇഷ്ടപ്പെട്ടാല്‍ പശ്ചാത്തല സംഗീതം അദ്ദേഹമായിരിക്കുമെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. ഡോളി സജാ കെ രഖ്ന, കഭി ന കഭി എന്നീ പ്രിയദര്‍ശന്‍ ചിത്രങ്ങള്‍ക്ക് എ ആര്‍ റഹ്‌മാന്‍ സംഗീതം നല്‍കിയിട്ടുണ്ട്.

പ്രകാശ് രാജിനെക്കൂടാതെ ശ്രേയാ റെഡ്ഡി, നാസര്‍, അശോക് സെല്‍‌വന്‍ തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കും. ഓഗസ്റ്റ് 10ന് ചിത്രീകരണം ആരംഭിക്കുന്ന സിനിമ 20 ദിവസം കൊണ്ട് പൂര്‍ത്തിയാകും. സംവിധായകന്‍ എ എല്‍ വിജയ് ആണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.

സാബു സിറിള്‍ കലാസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന് സന്തോഷ് ശിവന്‍ ക്യാമറ ചലിപ്പിക്കും. ബീന പോള്‍ ആണ് എഡിറ്റിംഗ്. കഥയും തിരക്കഥയും പ്രിയദര്‍ശന്‍റെതുതന്നെയാണ്.

എയ്ഡ്സിനെക്കുറിച്ചുള്ള ഈ സിനിമ രസകരമായി കഥ പറയുന്ന ചിത്രമായിരിക്കും. രാവിലെ ഒമ്പതുമണിക്ക് ഒരു ലാബില്‍ രക്തം പരിശോധിക്കാനെത്തുന്ന എട്ടുപേരിലൂടെയാണ് കഥ വികസിക്കുന്നത്. രക്തപരിശോധനയുടെ ഫലം ലഭിക്കുന്ന വൈകുന്നേരം അഞ്ചുമണിക്ക് കഥ അവസാനിക്കുകയും ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :