നായര്‍ കഥ പറയുന്നു, ഉമ്മച്ചിക്കുട്ടിയെ പ്രണയിച്ച കഥ!
WEBDUNIA|
PRO
‘തട്ടത്തില്‍ മറയത്ത്’ പൂര്‍ത്തിയാകുകയാണ്. വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം. തലശേരിയില്‍ സിനിമയുടെ അവസാന ഘട്ട ചിത്രീകരണം പുരോഗമിക്കുന്നു. എന്താണ് ഈ ചിത്രത്തിന്റെ കഥ എന്ന് വിനീതിനോട് ചോദിച്ചാല്‍ ‘ഉമ്മച്ചിക്കുട്ടിയെ പ്രേമിച്ച നായരുടെ കഥ’ എന്ന് മറുപടി കിട്ടും. ഇതുതന്നെയാണ് സിനിമയുടെ ടാഗ്ലൈനും.
മുസ്ലിം പെണ്‍കുട്ടിയെ പ്രേമിക്കുന്ന ഹിന്ദു പയ്യന്റെ കഥ മുമ്പും മലയാളത്തില്‍ പലരും പറഞ്ഞിട്ടുണ്ട്. ചില ചിത്രങ്ങളൊക്കെ വിജയം കണ്ടിട്ടുമുണ്ട്. ഏറ്റവുമൊടുവില്‍ വിനയന് ‘രഘുവിന്റെ സ്വന്തം റസിയ’ എന്ന ചിത്രത്തില്‍ പറഞ്ഞതും ഇതേ തീം ആയിരുന്നു. ഇവയില്‍ നിന്നൊക്കെ എന്തു വ്യത്യസ്തതയാണ് ആ ‘തട്ടത്തില്‍ മറയത്ത്’ വിനീത് ഒളിച്ചുവച്ചിരിക്കുന്നത് എന്നതിലാണ് ആകാംക്ഷ.
‘മലര്‍വാടി ആര്‍ട്സ് ക്ലബി’ലൂടെ വിനീത് ശ്രീനിവാസന് തന്നെ അവതരിപ്പിച്ച നിവിന്‍ പോളിയാണ് തട്ടത്തില്‍ മറയത്തിലെ നായകന്. പുതുമുഖം ഇഷയാണ് നായിക. വിനീത് തന്നെ തിരക്കഥയെഴുതിയ സിനിമയുടെ സംഗീതം ഷാന്‍. ക്യാമറ ജോമോന് ടി ജോണ്‍.
മനോജ് കെ ജയന്, ഭഗത്, മണിക്കുട്ടന്, അഹമ്മദ് സിദ്ദിഖ്, രാമു, അപര്‍ണ നായര്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഗാനരചന ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്, അനു എലിസബത്ത് ജോസ്, വിനീത് ശ്രീനിവാസന്.
ശ്രീനിവാസന് ഈ സിനിമയില്‍ ഒരു ചെറിയ വേഷത്തില്‍ എത്തുന്നു. ‘തട്ടത്തിന് മറയത്ത്’ നിര്‍മ്മിക്കുന്നതും ശ്രീനിയാണ്. ഒപ്പം മുകേഷുമുണ്ട്. കഥ പറയുമ്പോളിന് ശേഷം ഇവരുടെ ലൂമിയര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന സിനിമയാണിത്.