നടന്‍ സലീം കുമാര്‍; നടി കാവ്യ

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ആദാമിന്റെ മകന്‍ അബു സലീംകുമാറിനെ കനിഞ്ഞ് അനുഗ്രഹിക്കുകയാണ്. ദേശീയ അവാര്‍ഡിന് തൊട്ട് പിന്നാലെ നല്ല നടനുള്ള സംസ്ഥാന അവാര്‍ഡും സലീംകുമാര്‍ ഈ ചിത്രത്തിലെ അവിസ്മരണീയ പ്രകടനത്തിലൂടെ കരസ്ഥമാക്കി. കാവ്യാ മാധവന്‍ ‍(ഗദ്ദാമ) മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കി. ആദാമിന്റെ മകന്‍ അബു തന്നെയാണ് മികച്ച ചിത്രം. ഇലക്ട്ര ഒരുക്കിയ ശ്യാമപ്രസാദ് ആണ് മികച്ച സംവിധായകന്‍. രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയ്ന്റ് മികച്ച ജനപ്രിയചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.

ബിജു മേനോന്‍ (ടി ഡി ദാസന്‍ സ്റ്റാന്‍ഡേര്‍ഡ്‌ 6ബി) മികച്ച രണ്ടാമത്തെ നടനായി. മം‌മ്ത മോഹന്‍‌ദാസ്(കഥ തുടരുന്നു) ആണ് മികച്ച രണ്ടാമത്തെ നടി. മികച്ച ഗായകനായി ഹരിഹരനേയും (പാട്ടിന്റെ പാലാഴി) മികച്ച ഗായികയായി രാജലക്ഷ്മിയേയും (ജനകന്‍) തെരഞ്ഞെടുത്തു. ഒരു നാള്‍ വരും എന്ന സിനിമയിലെ അഭിനയത്തിന് സുരാജ് വെഞ്ഞാറമ്മൂട് മികച്ച ഹാസ്യനടനുള്ള അവാര്‍ഡിന് അര്‍ഹനായി.

യുഗപുരുഷന്‍ എന്ന സിനിമയിലെ അഭിനയത്തിന്‌ തമിഴ്‌ നടന്‍ തലൈവാസല്‍ വിജയ്‌ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനായി. 'ചിത്രസൂത്രം' ഒരുക്കിയ വിപിന്‍ വിജയ്, 'ആത്മകഥ' സംവിധാനം ചെയ്ത പ്രേംലാല്‍ എന്നിവരും ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. മികച്ച രണ്ടാമത്തെ ചിത്രം ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മകരമഞ്ഞാണ്‌. നവാഗത സംവിധായകനുള്ള അവാര്‍ഡ്‌ ടി ഡി ദാസന്‍ സ്റ്റാന്‍ഡേര്‍ഡ്‌ 6 ബി എന്ന ചിത്രം ഒരുക്കിയ മോഹന്‍ രാഘവന്‍ ആണ്.

തിരക്കഥാകൃത്ത്- സലിം അഹമ്മദ്(ആദാമിന്റെ മകന്‍ അബു), സംഗീത സംവിധായകന്‍-എം ജയചന്ദ്രന്‍(ചിത്രം- കരയിലേക്ക് ഒരു കടല്‍ ദൂരം), മേക്കപ്പ്‌മാന്‍-പട്ടണം റഷീദ്, ചിത്രസംയോജനം- സോബിന്‍ കെ സോമന്‍(പകര്‍ന്നാട്ടം), കളര്‍ലാബ്-പ്രസാദ് കളര്‍ലാബ്.

മികച്ച നടനും നടിക്കും ഉള്ള മത്സരത്തില്‍ സലീം കുമാറിനും കാവ്യാമാധവനും ശക്തരായ എതിരാളികള്‍ ഉണ്ടായില്ലെന്ന് ജൂറി വ്യക്തമാക്കി.

സിനിമാ വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന മന്ത്രി കെ ബി ഗണേഷ്കുമാറാണ്‌ അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്.

സംവിധായകന്‍ ബുദ്ധദേവദാസ്‌ ഗുപ്‌തയുടെ അധ്യക്ഷതയിലുള്ള ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണ്ണയിച്ചത്. 2010-ലെ 41 കഥാ ചിത്രങ്ങളും രണ്ട് ഡോക്കുമെന്ററികളുമാണ്‌ അവാര്‍ഡിനായി മല്‍സരിച്ചത്‌. ആദാമിന്റെ മകന്‍ അബു, വീട്ടിലേക്കുള്ള വഴി, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ്‌ ദ്‌ സെയ്ന്റ്‌,
ടി ഡി ദാസന്‍ സ്റ്റാന്‍ഡേര്‍ഡ്‌ സിക്സ്‌ ബി, മകരമഞ്ഞ്‌, ഇലക്ട്ര, ഗദ്ദാമ, കഥ തുടരുന്നു, ആത്മകഥ, മലര്‍വാടി ആര്‍ട്സ്‌ ക്ലബ്‌, ചിത്രസൂത്രം തുടങ്ങിയ ചിത്രങ്ങളാണ് മത്സരരംഗത്തുണ്ടായിരുന്നത്.

ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് സംസ്ഥാന സിനിമാ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നത്. പൊതുവെ ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തിന് മുമ്പാണ് സംസ്ഥാന അവര്‍ഡുകള്‍ പ്രഖ്യാപിക്കാറുള്ളത്. എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരമൊഴിയുന്നതിന് മുമ്പ് അവാര്‍ഡ് പ്രഖ്യാപിക്കാന്‍ തിരക്കിട്ട ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ചിത്രങ്ങള്‍ തിടുക്കത്തില്‍ കണ്ടു തീര്‍ക്കുന്നത് പ്രായോഗികമല്ല എന്ന് ജുറി അധ്യക്ഷന്‍ ബുദ്ധദേവദാസ്‌ ഗുപ്‌ത വ്യക്തമാക്കുകയായിരുന്നു. ജൂറി അംഗങ്ങളായ സംഗീത സംവിധായകന്‍ ജോണ്‍സണ്‍, നടി മേനക എന്നിവര്‍ പിന്‍‌മാറിയതും പ്രഖ്യാപനം വൈകാന്‍ കാരണമായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :