ജീത്തു ജോസഫ് ഇത്തവണയും ഒരു സസ്പെന്‍സ് കാത്തുവച്ചിട്ടുണ്ട്!

ജീത്തു ജോസഫ്, ദൃശ്യം, പാപനാശം, മോഹന്‍ലാല്‍, കമല്‍ഹാസന്‍, ദിലീപ്
Last Updated: വ്യാഴം, 11 ഡിസം‌ബര്‍ 2014 (16:33 IST)
ദൃശ്യം പോലെ മറ്റൊരു വമ്പന്‍ ഹിറ്റിന് തുടക്കമിടുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്. 'ലൈഫ് ഓഫ് ജോസൂട്ടി' എന്ന പുതിയ സിനിമയും മലയാളത്തെ ഇളക്കിമറിക്കാന്‍ പോന്ന ഒരു കഥയുമായാണ് വരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. ദൃശ്യം പോലെ തന്നെ ഒരു സൂപ്പര്‍ സസ്പെന്‍സ് ത്രില്ലര്‍ തന്നെയായിരിക്കും ജോസൂട്ടിയെന്നും സൂചനകള്‍.

ദൃശ്യത്തിലെ ജോര്‍ജ്ജുകുട്ടിയെപ്പോലെ തന്നെ സധാരണക്കാരില്‍ സാധാരണക്കാരനാണ് ദിലീപ് അവതരിപ്പിക്കുന്ന ജോസൂട്ടിയും. എന്നാല്‍ കട്ടപ്പനക്കാരന്‍ ജോസൂട്ടി ന്യൂസിലാന്‍ഡില്‍ എത്തിയതെങ്ങനെ? അവിടെയാണ് സസ്പെന്‍സ്. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന പുതിയ ദൃശ്യ വിസ്മയത്തിനാണ് ജീത്തു ജോസഫ് വീണ്ടും കളമൊരുക്കുന്നത്.

മൈ ബോസ് എന്ന മെഗാഹിറ്റിന് ശേഷം ദിലീപും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് ലൈഫ് ഓഫ് ജോസൂട്ടി. 'ഒരു ഓട്ടോ ബയോഗ്രഫി' എന്നാണ് ചിത്രത്തിന്‍റെ ടാഗ് ലൈന്‍. രചന നാരായണന്‍‌കുട്ടിയും ജ്യോതി കൃഷ്ണയുമാണ് നായികമാര്‍.

ഇതൊരു സാധാരണക്കാരന്‍റെ ജീവിതചിത്രമാണ്. രാജേഷ് വര്‍മയാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. ആദ്യമായാണ് മറ്റൊരാളുടെ തിരക്കഥയില്‍ ജീത്തു ജോസഫ് ഒരു സിനിമ സംവിധാനം ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട്. കട്ടപ്പനയിലെ അയ്യപ്പന്‍‌കോവിലിലാണ് ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനിരിക്കുന്നത്. ഇവിടെ രണ്ട് വീടുകളുടെയും വലിയ കൃഷിത്തോട്ടത്തിന്‍റെയുമൊക്കെ പശ്ചാത്തലത്തിലായിരിക്കും ചിത്രീകരണം.

ജോജു, സുരാജ് വെഞ്ഞാറമൂട്, ചെമ്പന്‍ വിനോദ് ജോസ്, ഹരീഷ് പേരടി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരും ലൈഫ് ഓഫ് ജോസൂട്ടിയുടെ ഭാഗമാകുന്നു. കട്ടപ്പനയിലെ ആദ്യ ഷെഡ്യൂളിന് ശേഷം ന്യൂസിലന്‍ഡിലാണ് ചിത്രീകരണം തുടരുക. അതിന് ശേഷം ടീം കട്ടപ്പനയിലേക്ക് മടങ്ങിയെത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :