ഗജിനി ആവര്‍ത്തിക്കാന്‍ ‘ഏക്’

IFMIFM
അമീര്‍ഖാന്‍റെ 'ഗജിനി’ എന്ന ചിത്രം ബോളിവുഡിന് ഒരു പുതിയ ഉണര്‍വാണ് സമ്മാനിച്ചത്. ഹിന്ദി സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ പണംവാരിപ്പടമായ ഗജിനിയുടെ ഫോര്‍മുല പരീക്ഷിക്കുന്ന ഒട്ടേറെ ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നു. അവയില്‍ പ്രധാനപ്പെട്ട ചിത്രമാണ് ‘ഏക് - ദി പവര്‍ ഓഫ് വണ്‍’. മലയാളിയായ സംഗീത് ശിവന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ബോബി ഡിയോളാണ് നായകന്‍.

ബോബി ഡിയോളിന്‍റെ സാഹസികത നിറഞ്ഞ ആക്ഷന്‍ രംഗങ്ങളാണ് ഏകിന്‍റെ ഹൈലൈറ്റ്. 14 നിലകളുള്ള ഒരു കെട്ടിടത്തിന്‍റെ മുകള്‍നിലയില്‍ നിന്ന് ബോബി ഡിയോള്‍ ചാടുന്ന രംഗം ഡ്യൂപ്പിന്‍റെ സഹായമില്ലാതെയാണ് ചിത്രീകരിച്ചത്. ഗജിനിയെപ്പോലെയോ അതിനും മുകളിലോ ഉള്ള ഒരു വിജയമാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് സംവിധായകന്‍ പറയുന്നു.

“14 നിലകളുള്ള ഒരു കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് ബോബി ചാടുന്ന ഒരു രംഗം ഈ ചിത്രത്തിലുണ്ട്. ഞാനും യൂണിറ്റിലുള്ള മറ്റുള്ളവരും ഈ രംഗത്തെക്കുറിച്ച് ഏറെ ഉത്കണ്ഠാകുലരായിരുന്നു. എന്നാല്‍ അക്ഷോഭ്യനായി ബോബി ഡിയോള്‍ ഈ രംഗത്തില്‍ അഭിനയിച്ചു. കാണ്ഡിവാലിയിലായിരുന്നു അത് ചിത്രീകരിച്ചത്” - സംഗീത് ശിവന്‍ പറയുന്നു.

ഈ മാസം 27നാണ് ‘ഏക് - ദി പവര്‍ ഓഫ് വണ്‍’ പ്രദര്‍ശനത്തിനെത്തുന്നത്. ജാക്കി ഷ്‌റോഫ്, നാന പടേക്കര്‍, ചുങ്കി പാണ്ഡേ തുടങ്ങിയവരും അഭിനയിക്കുന്ന ഈ സിനിമയിലെ നായിക ശ്രേയ സരണാണ്.

“ഗജിനിയുടെ അതേ പാതയാണ് ഈ സിനിമയും പിന്തുടരുന്നത്. ആക്ഷന്‍ പശ്ചാത്തലത്തിലുള്ള ഒരു കുടുംബകഥയാണിത്. നാനാ പടേക്കറിന്‍റെയും ബോബി ഡിയോളിന്‍റെയും മികച്ച ആക്ഷന്‍ രംഗങ്ങളാന്‍ സമ്പന്നമാണ് ഏക്. ഗജിനി ഇഷ്ടപ്പെട്ട പ്രേക്ഷകര്‍ ഈ സിനിമയും ഇഷ്ടപ്പെടും. ഇംഗ്ലീഷ് ചിത്രമായ ഡൈ ഹാര്‍ഡിനൊടും ഈ സിനിമയെ ഉപമിക്കാം. മികച്ച ഒരു പ്രണയകഥ കൂടിയാണ് ഏക് പറയുന്നത്” - സംഗീത് ശിവന്‍ വ്യക്തമാക്കി.

സംഗീത് ശിവന്‍റെ അടുത്ത ചിത്രത്തിലും ബോബി ഡിയോളാണ് നായകന്‍. ‘ചിയേഴ്സ് - സെലിബ്രേറ്റ് ലൈഫ്’ എന്ന് പേരിട്ടിരിക്കുന്ന ആ സിനിമയില്‍ ധര്‍മ്മേന്ദ്രയും അഭിനയിക്കുന്നു. സോര്‍, ക്യാ കൂള്‍ ഹൈ ഹം, അപ്നാ സപ്നാ മണി മണി തുടങ്ങിയവയാണ് സംഗീത് ശിവന്‍റെ മറ്റ് ചിത്രങ്ങള്‍.

WEBDUNIA|
യോദ്ധ, ഗാന്ധര്‍വം, നിര്‍ണ്ണയം, സ്നേഹപൂര്‍വം അന്ന, ഡാഡി തുടങ്ങിയ മലയാള ചിത്രങ്ങളും സംഗീത് ശിവന്‍ സംവിധാനം ചെയ്തിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :