ആര്‍‌ജി‌വി ചതിച്ചെന്ന് ഇഷ!

WEBDUNIA| Last Modified ശനി, 28 ഓഗസ്റ്റ് 2010 (13:58 IST)
IFM
രാം ഗോപാല്‍ വര്‍മ തന്നെ ചതിച്ചെന്ന് ബോളിവുഡ് സുന്ദരി ഇഷാ ഡിയോള്‍. ആര്‍ ജി വി സംവിധാനം ചെയ്ത ‘ഡാര്‍ലിംഗ്’ എന്ന സിനിമയില്‍ അഭിനയിച്ചതിന്‍റെ പ്രതിഫലം ഇഷയ്ക്ക് ഇതുവരെ ലഭിച്ചിട്ടില്ലത്രേ. സിനിമ റിലീസായി വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ രാമുവിനെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് ഇഷ.

13 ലക്ഷം രൂപയാണ് ഇഷയ്ക്ക് ഇനി രം ഗോപാല്‍ വര്‍മ കൊടുക്കാനുള്ളത്. 2007 സെപ്റ്റംബര്‍ ഏഴിനാണ് ഡാര്‍ലിംഗ് റിലീസായത്. ചിത്രം ബോക്സോഫീസില്‍ കനത്ത പരാജയമായി. ഇതോടെ തനിക്ക് നല്‍കാനുള്ള തുകയെക്കുറിച്ച് രാം ഗോപാല്‍ വര്‍മ മറക്കുകയായിരുന്നു എന്ന് ഇഷാ ഡിയോള്‍ പറയുന്നു.

ഇതുസംബന്ധിച്ച് നേരത്തേ സിനിമാ സംഘടനകള്‍ക്ക് ഇഷ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഫലപ്രദമായ നടപടികള്‍ ഉണ്ടായില്ല. അതിനാലാണ് രാമുവിനെതിരെ ഇപ്പോള്‍ ഇഷ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

എന്നാല്‍ ഇതൊരു പഴയ കാര്യമാണെന്നും ഈ പ്രശ്നം പരിഹരിച്ചതായാണ് തന്‍റെ അറിവെന്നുമാണ് രാം ഗോപാല്‍ വര്‍മ പറയുന്നത്. ഭൂഷണ്‍ കുമാറാണ് ഡാര്‍ലിംഗ് നിര്‍മ്മിച്ചത്. എന്നാല്‍ ഈ കേസില്‍ ഭൂഷണും കൈ മലര്‍ത്തുന്നു. രാം ഗോപാല്‍ വര്‍മയുമായാണ് തനിക്ക് കരാറെന്നും ഇഷയുടെ പ്രതിഫലക്കാര്യത്തെക്കുറിച്ച് തനിക്കറിയില്ലെന്നുമാണ് ഭൂഷണ്‍ പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :