കൊച്ചി|
നീല്‍ സുധാകര്‍|
Last Modified ബുധന്‍, 16 ഒക്ടോബര്‍ 2019 (21:35 IST)
തനിക്ക് നിര്‍മ്മാതാവിന്റെ വധഭീഷണിയുണ്ടെന്ന് യുവനടന് ഷെയ്ന് നിഗം. ഷെയ്ന് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ‘വെയില്’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ് വധഭീഷണി മുഴക്കിയിരിക്കുന്നതെന്ന് ഷെയ്ന് അറിയിച്ചു. നിര്‍മ്മാതാവിനെതിരെ താരസംഘടനയായ ‘അമ്മ’യില്‍ പരാതി നല്‍കിയെന്നും ഷെയ്ന് പറയുന്നു.
ഗുഡ്വില് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് നിര്‍മ്മിക്കുന്ന സിനിമയാണ് വെയില്. സിനിമയ്ക്കായുള്ള ഗെറ്റപ്പ് ചെയ്ഞ്ചിനെ ചൊല്ലിയാണ് നിര്‍മ്മാതാവ് ഭീഷണിപ്പെടുത്തുന്നതെന്നും തനിക്ക് ഭയമുണ്ടെന്നും ഷെയ്ന് നിഗം പറയുന്നു. ഗെറ്റപ്പ് ചെയ്ഞ്ചില്‍ ചിത്രത്തിന്റെ സംവിധായകന് അതൃപ്തിയില്ല. എന്നാല്‍ നിര്‍മ്മാതാവ് തുടര്‍ച്ചയായി വധഭീഷണി മുഴക്കുകയാണെന്നാണ് ഷെയ്ന് നിഗം പറയുന്നത്.
വെയിലില്‍ മുടി നീട്ടിവളര്‍ത്തിയുള്ള ഗെറ്റപ്പിലാണ് ഷെയ്ന് നിഗം എത്തുന്നത്. എന്നാല്‍ ഇതിനിടെ ‘കുര്‍ബാനി’ എന്ന സിനിമയില്‍ ജോയിന്‍ ചെയ്ത ഷെയ്ന് നിഗം മുടിയുടെ സ്റ്റൈലില്‍ മാറ്റം വരുത്തിയിരുന്നു. ഇതാണ് നിര്‍മ്മാതാവിനെ ചൊടിപ്പിച്ചതെന്നും പൊലീസിനെ സമീപിച്ച് നിയമനടപടി സ്വീകരിക്കുമെന്നും ഷെയ്ന് നിഗം വ്യക്തമാക്കി.