രചനയുടെ ആചാര്യന്‍ എസ് എല്‍ പുരം

WEBDUNIA|
മലയാള നാടക - സിനിമാ രംഗത്തെ പ്രതിഭാശാലികളില്‍ ഒരാളാണ് എസ്.എല്‍.പുരം സദാനന്ദന്‍. കമ്യൂണിസത്തിലൂടെ നാടക സമിതിയിലേക്കും പിന്നെ തിരക്കഥാ രചനയിലേക്കും എത്തിയ സദാനന്ദന്‍ ഈ രംഗങ്ങളിലെല്ലാം മികവ് പുലര്‍ത്തി. മലയാളത്തിന് ആദ്യ സ്വര്‍ണമെഡല്‍ നേടിത്തന്ന ചെമ്മീനിന്‍റെ തിരക്കഥാകൃത്താണ് എസ്.എല്‍.പുരം.

നാരായണന്‍റെയും കാര്‍ത്യായനിയുടെയും മകനായി 1926 ഏപ്രില്‍ 15ന് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍ കഞ്ഞിക്കുഴി ഗ്രാമത്തില്‍ കാക്കരവീട് എന്ന ഇടത്തരം കര്‍ഷക കുടുംബത്തില്‍ ജനിച്ചു.

ചെറിയ പ്രായത്തില്‍ത്തന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴേ നല്ല സാഹിത്യവാസനയുണ്ടായിരുന്ന എസ്.എല്‍.പുരം പാര്‍ട്ടി സമ്മേളനങ്ങളില്‍ പാട്ടുകളെഴുതിയും ഏകാങ്കനാടകങ്ങള്‍ അവതരിപ്പിച്ചും ശ്രദ്ധ നേടി. പാര്‍ട്ടി പ്രവര്‍ത്തനത്തിന്‍റെ പേരില്‍ സ്കൂളില്‍ നിന്ന് പുറത്തായി. പുന്നപ്ര-വയലാര്‍ സമരങ്ങളില്‍ പങ്കെടുത്ത് ജയില്‍വാസം അനുഷ്ടിച്ചു.

നീണ്ടകാലത്തെ രാഷ്ട്രീയ ജീവിതത്തില്‍ കണ്ടും കേട്ടും അറിഞ്ഞും നേടിയ അനുഭവങ്ങള്‍ തന്‍റെ നാടകങ്ങളിലും തിരക്കഥകളിലും അദ്ദേഹം പ്രതിഫലിപ്പിച്ചിരുന്നു. നാടകരചന അഭിസിച്ചിട്ടില്ലാത്ത അദ്ദേഹം സ്വന്തമായ രചനാതന്ത്രം ആവിഷ്ക്കരിച്ചിരുന്നു.

ചില പ്രത്യേക കാര്യങ്ങളില്‍ ജനശ്രദ്ധയാകര്‍ഷിക്കാനായി നാടകം മാധ്യമമാക്കി. ഉദ്യോഗജനമായ ജീവിത ദൃശ്യങ്ങളും സന്ദര്‍ഭങ്ങളും സംഭാഷണവൈചിത്രത്തിന്‍റെ സഹായത്താല്‍ അവതരിപ്പിക്കുകയും ഹാസ്യം, മെലോഡ്രാമ, അസാധാരണ സങ്കേതങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച് അര്‍ഷകമാക്കുകയും ചെയ്ത നാടകങ്ങളായിരുന്നു അദ്ദേഹത്തിന്‍റേത്. മിക്ക നാടകങ്ങളും സിനിമയാക്കിയിട്ടുണ്ട്.

27 നാടകങ്ങളും അഗ്നിശുദ്ധി എന്ന നോവലും ആയിരം വര്‍ണങ്ങള്‍ എന്ന ഓര്‍മ്മക്കുറിപ്പും എഴുതിയിട്ടുണ്ട്. ഓരാള്‍കൂടി കള്ളനായി എന്ന നാടകത്തിന് സമസ്ത കേരള സാഹിത്യ പരിഷത്തിന്‍റെ അവാര്‍ഡ് ലഭിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :