നാഗവള്ളി--ബഹുമുഖ പ്രതിഭ

WEBDUNIA|
മലയാള സാഹിത്യ ലോകത്തെ മഹാ പ്രതിഭ നാഗവള്ളി ആര്‍.എസ്.കുറുപ്പ് . സാഹിത്യകാരന്‍, നടന്‍,സംവിധായകന്‍, തിരക്കഥാകൃത്ത്, നാടകകൃത്ത്, സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകന്‍ ...നാഗവള്ളിയുടെ പ്രതിഭ മിന്നിത്തിളങ്ങിയ മേഖലകള്‍ അനവധി.അദ്ദേഹത്തിന്‍റെ വിയോഗം നഷ്ടപ്പെടുത്തിയത് മനുഷ്യസ്നേഹിയായ ഒരു കലാകാരനെയാണ്.

ആലപ്പുഴ ഉദയാ സ്റ്റുഡിയോയുടെ ബാനറില്‍ എന്‍.സി. ചെല്ലപ്പന്‍നായര്‍ നിര്‍മ്മിച്ച ശശിധരന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് നാഗവള്ളി സിനിമയിലേക്കു വരുന്നത്. ഈ ചിത്രത്തിന്‍റെ തിരക്കഥാ രചനയിലും ആര്‍.എസ്.കുറുപ്പ് പങ്കുവഹിച്ചിരുന്നു.

പ്രശസ്ത സിനിമാ പ്രവര്‍ത്തകനായ രവികുമാറിന്‍റെ അച്ഛന്‍ മാധവന്‍കൂട്ടി മേനോന്‍ സംവിധാനം ചെയ്ത ചന്ദ്രികയാണ് കുറുപ്പിന്‍റെ രണ്ടാമത്തെ ചിത്രം. ചന്ദ്രികയില്‍ തിരക്കഥ എഴുതിയതും അതിലെ കുഞ്ചുക്കുറുപ്പായി അഭിനയിച്ചതും നാഗവള്ളിയാണ്.

പിന്നീട് മലയാളത്തിലെ ആദ്യ റിയിലസ്റ്റ് ചിത്രമായ ന്യൂസ് പേപ്പര്‍ ബോയ്യുടെ തിരക്കഥ എഴുതി അതിലെ പത്രക്കാരന്‍ പയ്യന്‍റെ പ്രസ് തൊഴിലാളിയായ പിതാവായി അഭിനയിച്ചു. അതോടെ അഭിനയവും മതിയാക്കി.

അമ്പതോളം ചിതങ്ങള്‍ക്ക് നാഗവള്ളി തിരക്കഥയെഴുതിയിട്ടുണ്ട്. കുമാരസംഭവം, ശ്രീ ഗുരുവായൂരപ്പന്‍, ജഗദ് ഗുരു ആദിശങ്കരന്‍ തുടങ്ങി ധാരാളം തിരക്കഥകള്‍. സാക്ഷരതാ ക്യാമ്പിനു വേണ്ടിയുള്ള പി.എന്‍. പണിക്കരുടെ വെളിച്ചമേ നയിച്ചാലും എന്ന ഡോക്യുമെന്‍ററി സംവിധാനം ചെയ്തു.

നാഗവള്ളിയുടെ തന്നെ ആണും പെണ്ണും എന്ന നോവല്‍ രണ്ടുലോകം എന്ന പേരില്‍ സിനിമയാക്കിയപ്പോള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്തതും കുറുപ്പ് തന്നെ. ആയിരപ്പറ എന്ന ചിത്രത്തിനാണ് അവസാനമായി തിരക്കഥയെഴുതിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :