"എനിക്ക് കുഴപ്പമൊന്നുമില്ലെന്ന് അമ്മയോട് പറയണം” - സിദ്ധാര്‍ത്ഥ് ഭരതന്‍ സംസാരിച്ചുതുടങ്ങി

സിദ്ധാര്‍ത്ഥ് ഭരതന്‍, ലളിത, മമ്മൂട്ടി, കാവ്യ, ദിലീപ്, കമല്‍
കൊച്ചി| Last Modified ചൊവ്വ, 15 സെപ്‌റ്റംബര്‍ 2015 (13:56 IST)
മലയാളികളുടെ പ്രാര്‍ത്ഥന ഫലം കണ്ടുതുടങ്ങി. വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍ ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്. സിദ്ധാര്‍ത്ഥ് സംസാരിച്ചുതുടങ്ങി. തനിക്ക് കുഴപ്പമൊന്നുമില്ലെന്ന് അമ്മയോട് പറയണമെന്ന് സിദ്ധാര്‍ത്ഥ് ഡോക്ടറോട് പറഞ്ഞതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

സിദ്ധാര്‍ത്ഥിനെ വെന്‍റിലേറ്ററില്‍ നിന്ന് മാറ്റിയിട്ടുണ്ട്. മരുന്നുകളോട് അദ്ദേഹത്തിന്‍റെ ശരീരം മികച്ച രീതിയില്‍ പ്രതികരിക്കുന്നുണ്ട്. എല്ലാ കാര്യങ്ങളും സിദ്ധാര്‍ത്ഥിന് ഓര്‍ക്കാന്‍ കഴിയുന്നുണ്ട്. കാറപകടത്തിന് മുന്‍‌പ് വരെയുള്ള കാര്യങ്ങള്‍ അദ്ദേഹം ഓര്‍ക്കുന്നുണ്ട്. എന്നാല്‍ എങ്ങനെയാണ് കാര്‍ അപകടത്തില്‍ പെട്ടതെന്ന് ഓര്‍ക്കാന്‍ കഴിയുന്നില്ല.

ആരോഗ്യനില മെച്ചപ്പെട്ടതിനാല്‍ ശനിയാഴ്ച രണ്ട് ശസ്ത്രക്രിയകള്‍ നടത്താനാണ് ഡോക്ടര്‍മാര്‍ തീരുമാനിച്ചിരിക്കുന്നത്. തുടയെല്ലിലെ പൊട്ടലിനും കൈയിലെ ആഴത്തിലുള്ള മുറിവിനുമാണ് ശസ്ത്രക്രിയ നടത്തുന്നത്.

ഇക്കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിക്കാണ് എറണാകുളം വൈറ്റിലക്കടുത്ത് ചമ്പക്കര പാലത്തിനടുത്തു വച്ച് സിദ്ധാര്‍ത്ഥ് ഓടിച്ച കാര്‍ അപകടത്തില്‍ പെട്ടത്. കാര്‍ വെട്ടിപ്പൊളിച്ചാണ് സിദ്ധാര്‍ത്ഥിനെ പുറത്തെടുത്തത്. ഉടന്‍ തന്നെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

നമ്മള്‍ എന്ന സിനിമയിലൂടെ സിനിമാരംഗത്തെത്തിയ സിദ്ധാര്‍ത്ഥ് ഭരതന്‍ യൂത്ത് ഫെസ്റ്റിവല്‍, കാക്കക്കറുമ്പന്‍, രസികന്‍, എന്നിട്ടും, നിദ്ര, സ്പിരിറ്റ്, റബേക്ക ഉതുപ്പ് കിഴക്കേമല, ഒളിപ്പോര് എന്നീ സിനിമകളില്‍ അഭിനയിച്ചു. പ്രിയനന്ദനന്‍ സംവിധാനം ചെയ്യുന്ന ഞാന്‍ നിന്നോടുകൂടെയുണ്ട് എന്ന ചിത്രത്തില്‍ അഭിനയിച്ചുവരികയായിരുന്നു. നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :