ഇവിടെ ഒരു അച്ചന്‍കുഞ്ഞുണ്ടായിരുന്നു

WEBDUNIA|
പൗരുഷത്തിന്‍റെ ആള്‍രൂപമായിരുന്നു മലയാളസിനിമയില്‍ അച്ചന്‍കുഞ്ഞ്. ഭരതന്‍റെ സിനിമകളിലൂടെ കഴിവുതെളിയിച്ച അഭിനേതാവ്. തനി ഗ്രാമീണന്‍റെ പരുക്കന്‍ മുഖമായിരുന്ന അച്ചന്‍കുഞ്ഞിന്‍റെ ചരമവാര്‍ഷിക ദിനമായിരുന്നു ജൂലൈ ആറ്.

പകല്‍ മുഴുവന്‍ കോട്ടയം ബോട്ട് ജട്ടിയില്‍ ചുമുട്ടുകാരന്‍. രാത്രി സ്റ്റേജിലെ കലാകാരന്‍. ഇതിനിടയില്‍ കുടുംബത്തിന് വേണ്ടിയുള്ള കഠിനാദ്ധ്വാനവും . ഈ ജീവിതത്തിനിടയിലും എങ്ങനെയും സമയം കണ്ടെത്തി തന്നിലെ നടനെ വളര്‍ത്തി വലുതാക്കിയ ആത്മാര്‍ത്ഥതയുള്ള ഉന്നത കലാകാരനായിരുന്നു അച്ചന്‍കുഞ്ഞ്.

ഭാവാഭിനയത്തില്‍ അസാമാന്യ കഴിവു പ്രകടിപ്പിച്ചിരുന്ന അച്ചന്‍കുഞ്ഞ് കഥാപാത്രങ്ങളെ അടുത്തറിഞ്ഞ് അലിഞ്ഞുചേര്‍ന്നാണ് അഭിനയിച്ചിട്ടുള്ളത്. അവയെല്ലാംതന്നെ ഉജ്വലങ്ങളായിരുന്നു.

1953ല്‍ "വിധി' എന്ന നാടകത്തിലാണ് അച്ചന്‍കുഞ്ഞ് ആദ്യമായി അഭിനയിച്ചത്. തുടര്‍ന്ന് കെ.പി.എ.സി, കേരളാ തീയേറ്റേഴ്സ് എന്നീ നാടകസമിതികളിലായി മുപ്പതുവര്‍ഷത്തോളം അനേകം കഥാപാത്രങ്ങള്‍ക്കു വേണ്ടി അച്ചന്‍കുഞ്ഞ് വേഷമിട്ടു.

ഭരതന്‍ സംവിധാനം ചെയ്ത ലോറിയാണ് അച്ചന്‍കുഞ്ഞിന്‍റെ ആദ്യ ചിത്രം. ആദ്യചിത്രത്തില്‍ തന്നെ നല്ല നടനുള്ള സംസ്ഥാന അവാര്‍ഡ്തന്നെ അച്ചന്‍കുഞ്ഞ് നേടി. ഈനാട്, പടയോട്ടം, ചാട്ട, അമ്പിളി അമ്മാവന്‍, മീനമാസത്തിലെ സൂര്യന്‍ ഈ ചിത്രങ്ങളിലെല്ലാം അച്ചകുഞ്ഞ് അവതരിപ്പിച്ച ഓരോ വേഷവും അച്ചന്‍കുഞ്ഞെന്ന സിനിമാനടന്‍റെ അനശ്വര വേഷങ്ങളായിരുന്നു.

സിനിമ അഭിനയവേദിയിലേയ്ക്ക് വൈകിവന്ന വെളിച്ചമായിട്ടും അച്ചന്‍കുഞ്ഞ് ചുരുങ്ങിയ കാലയളവിനുള്ളില്‍ 50 ചിത്രങ്ങളില്‍ അഭിനയിച്ചു. ഇടിമുഴക്കം പോലുള്ള സിംഹ ശബ്ദത്തിന്‍റെ ഉടമയായിരുന്നു അച്ചന്‍കുഞ്ഞ്. ഓരോ സീനിലും അച്ചന്‍കുഞ്ഞ് സംസാരിച്ചാല്‍ മറ്റു നടീനടന്മാരൊന്നും ആ ശബ്ദത്തിന്‍റെ മുന്നില്‍ ഒന്നുമല്ല.

സാധാരണ നടന്മാര്‍ കൈവെടിയുന്ന സ്ഥിരം മദ്യപാനി, കള്ളന്‍, ദുഷ്ടന്‍, കശ്മലന്‍, പോക്കിരി, ധിക്കാരി, പിടിവാശിക്കാരന്‍ എന്നീ വേഷങ്ങളാണ് അച്ചന്‍കുഞ്ഞ് സന്തോഷത്തോടെ കൈനീട്ടി വാങ്ങാറുള്ളത്. അത്തരം കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോഴാണ് അച്ചന്‍കുഞ്ഞ് അഭിനയത്തിന്‍റെ ആനന്ദം അറിഞ്ഞിരുന്നത്.

നിത്യജീവിതത്തില്‍ കണ്ടും അടുത്തറിഞ്ഞും അനുഭവിച്ചും പരിചയിച്ചിട്ടുള്ള അത്തരം സാധാരണക്കാരെ പെട്ടെന്നു മനസിലാക്കാന്‍ സാധാരണക്കാരന്‍റെ കൂടെ മാത്രം ജീവിതം മുഴുവനും ചിലവഴിച്ച അച്ചന്‍കുഞ്ഞിന് എളുപ്പമായിരുന്നു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :