ദുല്‍ക്കറിനുവേണ്ടി ഒരുവാക്കുപോലും മമ്മൂട്ടി സംസാരിക്കില്ല, പിന്നല്ലേ പ്രമോഷന്‍ !

Mammootty, Dulquer Salman, മമ്മൂട്ടി, ദുല്‍ക്കര്‍ സല്‍മാന്‍
Last Modified വെള്ളി, 22 ഫെബ്രുവരി 2019 (13:57 IST)
ദുല്‍ക്കര്‍ സല്‍മാന്‍ സിനിമയിലേക്ക് വന്നത് ഒരു ഇളം‌കാറ്റ് വീശുന്നതുപോലെയായിരുന്നു. അത്ര നേര്‍ത്ത ഒരു കടന്നുവരവ്. ‘സെക്കന്‍റ് ഷോ’ എന്ന ചെറിയ ചിത്രത്തിലൂടെ. മമ്മൂട്ടിക്ക് വേണമെങ്കില്‍ മകനെ ഒരു വമ്പന്‍ സിനിമയിലൂടെ, ഒരു വമ്പന്‍ സംവിധായകന്‍റെ ചിത്രത്തിലൂടെ ലോഞ്ച് ചെയ്യാമായിരുന്നു. എന്നാല്‍ മെഗാസ്റ്റാര്‍ അത് ചെയ്തില്ല.

സെക്കന്‍റ് ഷോ ഒരു വിജയമായി മാറിയപ്പോള്‍ ദുല്‍ക്കറിനെത്തേടി നിര്‍മ്മാതാക്കളും സംവിധായകരുമെത്തി. പതിയെപ്പതിയെ ദുല്‍ക്കര്‍ യുവസൂപ്പര്‍താരമായി മാറി. വലിയ ഹിറ്റുകള്‍ സമ്മാനിച്ചു. അഭിനയത്തില്‍ ഓരോ സിനിമയിലൂടെയും മുന്നേറി. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡിന് അര്‍ഹനായി.

ദുല്‍ക്കറിന്‍റെ ഈ ഒരു വിജയഘട്ടത്തിലും മമ്മൂട്ടിയുടെ സഹായം ഉണ്ടായിരുന്നില്ല. തന്‍റെ മകന്‍ തന്‍റെ സഹായമില്ലാതെ സ്വയം വളരട്ടെ എന്ന നിലപാടാണ് മഹാനടന്‍ സ്വീകരിച്ചത്. മകന്‍റെ ചിത്രത്തിന്‍റെ ഒരു പോസ്റ്ററോ ഒരു ട്രെയിലറോ ഇന്നുവരെ മമ്മൂട്ടി സ്വന്തം സോഷ്യല്‍ മീഡിയ പേജുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടില്ല. ദുല്‍ക്കറിന്‍റെ ഒരു സിനിമയ്ക്കുവേണ്ടിയും മമ്മൂട്ടിയുടെ ഭാഗത്തുനിന്ന് ഒരു പ്രമോഷന്‍ ഉണ്ടായിട്ടില്ല.

മമ്മൂട്ടിയെന്ന മഹാമേരുവിന്‍റെ തണലില്‍ നിന്നല്ല, അനുഭവങ്ങളുടെ ചൂടില്‍ ഉരുകിത്തെളിഞ്ഞാണ് ദുല്‍ക്കര്‍ സിനിമയില്‍ ഇടം‌പിടിക്കേണ്ടതെന്ന് മറ്റാരേക്കാളും നന്നായി അറിയുന്നത് മമ്മൂട്ടിക്ക് തന്നെയാണ്. ദുല്‍ക്കര്‍ തിരഞ്ഞെടുക്കുന്ന സിനിമകളില്‍ മമ്മൂട്ടി ഇടപെടാറില്ല. കഥ കേള്‍ക്കുന്നതില്‍ മമ്മൂട്ടിയുടെ സജഷനുകള്‍ ഉണ്ടാകാറില്ല. ദുല്‍ക്കര്‍ തികച്ചും വ്യത്യസ്തനായ മറ്റൊരു അഭിനേതാവാണെന്നും അദ്ദേഹത്തിന് അദ്ദേഹത്തിന്‍റേതായ ചിന്താരീതികളുണ്ടെന്നും മമ്മൂട്ടിക്ക് ബോധ്യമുണ്ട്. ദുല്‍ക്കര്‍ എന്ന നടനെ മനസുകൊണ്ട് അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും വിലയിരുത്തുകയും ചെയ്യുമ്പോഴും പരസ്യമായ ഒരു സഹായം തന്നെക്കൊണ്ട് ദുല്‍ക്കറിന് ആവശ്യമില്ല എന്ന് മമ്മൂട്ടി വിശ്വസിക്കുകയും ചെയ്യുന്നു.

അതുകൊണ്ടുതന്നെ മമ്മൂട്ടിയും ദുല്‍ക്കറും ഒരുമിച്ച് അഭിനയിക്കുന്ന ഒരു സിനിമ ഉണ്ടാകാനുള്ള ഒരു സാധ്യതയും വളരെക്കുറവാണ്. മമ്മൂട്ടിയേക്കാള്‍ വലിയ നടനാണ് ദുല്‍ക്കര്‍ എന്ന് മറ്റുള്ളവര്‍ പറഞ്ഞുകേള്‍ക്കാനാണ് മമ്മൂട്ടി ആഗ്രഹിക്കുന്നത്. അതിന് മനസുകൊണ്ട് സപ്പോര്‍ട്ട് ചെയ്യുക മാത്രം മതിയെന്നും അദ്ദേഹം കരുതുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :