ഫഹദിന്‍റെ സിനിമകള്‍ വിജയിച്ചില്ലെങ്കിലും ആ അഭിനയം ജനങ്ങള്‍ക്കിഷ്ടമാണ്!

Fahad Fazil, Shyam, Dileesh Pothen, Maheshinte Prathikaram, Puthiya Niyamam, Mammootty,  ഫഹദ് ഫാസില്‍, ശ്യാം, ദിലീഷ് പോത്തന്‍, മഹേഷിന്‍റെ പ്രതികാരം, പുതിയ നിയമം, മമ്മൂട്ടി
Last Modified വെള്ളി, 12 ഫെബ്രുവരി 2016 (17:59 IST)
അടുത്തകാലത്ത് ഫഹദ് ഫാസില്‍ നായകനായ സിനിമകള്‍ക്കൊക്കെ കഷ്ടകാലമായിരുന്നു. നല്ല പ്രൊജക്ടുകളായിരുന്നെങ്കിലും മിക്കവയും തിയേറ്ററുകളില്‍ രക്ഷപ്പെട്ടില്ല. പാളിച്ചകള്‍ തുടര്‍ച്ചയായി ഉണ്ടായപ്പോള്‍ സിനിമയില്‍ നിന്ന് അല്‍പ്പം അകന്നുനിന്ന് സ്ഥിതിഗതികള്‍ വിലയിരുത്താനാണ് ഫഹദ് ശ്രമിച്ചത്. അതിന്‍റെ റിസള്‍ട്ടാണ് ‘മഹേഷിന്‍റെ പ്രതികാരം’ എന്ന മെഗാഹിറ്റ്!

എല്ലാത്തരത്തിലുള്ള പ്രേക്ഷകരെയും ആകര്‍ഷിച്ചുകൊണ്ട് മഹേഷിന്‍റെ പ്രതികാരം റിലീസായ കേന്ദ്രങ്ങളിലെല്ലാം എല്ലാ ഷോയും ഫുള്‍ ഹൌസില്‍ പ്രദര്‍ശിപ്പിക്കുകയാണ്. കേരളത്തിന് പുറത്തുള്ള കേന്ദ്രങ്ങളില്‍ ചിത്രം ഇന്ന് റിലീസ് ചെയ്തിട്ടുണ്ട്. ഫഹദ് ഫാസിലിന്‍റെ ഗംഭീരമായ തിരിച്ചുവരവെന്നാണ് മഹേഷിന്‍റെ പ്രതികാരത്തെ വിശേഷിപ്പിക്കുന്നത്.

എന്നാല്‍ ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് ശ്യാം പുഷ്കരന്‍ പറയുന്നത്, ഫഹദ് അടുത്തകാലത്ത് അഭിനയിച്ച സിനിമകളൊന്നും വിജയിച്ചില്ലെങ്കിലും അദ്ദേഹത്തിന്‍റെ അഭിനയം എല്ലാവരും ആസ്വദിച്ചു എന്നാണ്.

“ഫഹദിനൊപ്പം എന്റെ മൂന്നാമത്തെ ചിത്രമാണ്. എനിക്ക് നന്നായിട്ട് അദ്ദേഹത്തെ അറിയാം. ഞങ്ങള്‍‌ രണ്ടുപേരും ആലപ്പുഴക്കാരാണ്. ഞങ്ങള്‍ സംസാരിക്കുമ്പോള്‍ പരസ്പരം ബന്ധപ്പെടുത്തുന്ന കുറേ കാര്യങ്ങള്‍ ഉണ്ടാകാറുണ്ട് പലപ്പോഴും. ആശയവിനിമയം ഭയങ്കര എളുപ്പമാണ്. കഥാപാത്രത്തിന്റെ മാനറിസങ്ങള്‍ക്കനുസരിച്ച് മാറാനുള്ള കഴിവ് ഫഹദിന് ഒരുപാടുണ്ട്.
നല്ല നാട്ടുമ്പുറത്തുകാരന്റെ മനസുള്ള ഒരാളാണ്. പിന്നെ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ വിജയിച്ചില്ലെങ്കിലും ആ അഭിനയം ജനങ്ങള്‍ക്കിഷ്ടമാണെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. ഫഹദിന്റെ അടുത്തിടെയിറങ്ങിയ ചിത്രങ്ങള്‍ വിജയിക്കാതെ പോയത് ഞങ്ങളില്‍ സമ്മര്‍ദ്ദമുണ്ടാക്കിയില്ല. അതൊരു ആക്ടറിന്റെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യമാണ്” - മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ശ്യാം പുഷ്കരന്‍ പറയുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :