ദുല്‍ക്കര്‍ ചോദിച്ചു: എന്നെ എന്തിന് ഈ വേഷം ഏല്‍പ്പിച്ചു?

ദുല്‍ക്കര്‍ സല്‍മാന്‍, രഞ്ജിത്, ഞാന്‍, മമ്മൂട്ടി, ഫഹദ്, പൃഥ്വി
Last Updated: ബുധന്‍, 24 സെപ്‌റ്റംബര്‍ 2014 (16:55 IST)
രഞ്ജിത് സംവിധാനം ചെയ്ത 'ഞാന്‍' പ്രദര്‍ശനം തുടരുകയാണ്. മികച്ച സിനിമ എന്ന അഭിപ്രായം നേടിയതോടെ കൂടുതല്‍ പ്രേക്ഷകര്‍ സിനിമ കാണാന്‍ തിയേറ്ററുകളിലെത്തുന്നു. പതിയെപ്പതിയെ ഹിറ്റിലേക്ക് നീങ്ങുകയാണ് ഈ നല്ല ചിത്രം.

ഈ സിനിമയില്‍ ദുല്‍ക്കര്‍ സല്‍മാന്‍ ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത് എന്നാണ് പൊതുവെ ഉണ്ടായ വിലയിരുത്തല്‍. തന്‍റെ കഥാപാത്രം വിജയിച്ചതിന്‍റെ എല്ലാ ക്രെഡിറ്റും ദുല്‍ക്കര്‍ നല്‍കിയത് സംവിധായകന്‍ രഞ്ജിത്തിനായിരുന്നു. എങ്കിലും നടനെന്ന നിലയില്‍ 'ഞാന്‍' എന്ന പ്രൊജക്ടില്‍ ദുല്‍ക്കര്‍ വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നതെന്നത് കാണാതെ പോകാനാവില്ല.

എന്നാല്‍ ഈ സിനിമയിലേക്ക് ക്ഷണിക്കുമ്പോള്‍, തനിക്ക് എന്തിന് ഈ കഥാപാത്രം നല്‍കിയെന്ന് ദുല്‍ക്കര്‍ ചോദിച്ചിരുന്നതായി രഞ്ജിത് വെളിപ്പെടുത്തുന്നു.

"ഈ വേഷം എന്തിന് എന്നെ ഏല്‍പ്പിച്ചു എന്ന ചോദ്യം ദുല്‍ക്കര്‍ ചോദിച്ചിരുന്നു. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ അതിന് ഉത്തരം പറയുമെന്ന ഉറച്ച വിശ്വാസം എനിക്കുണ്ടെന്ന് തന്നെ ഞാന്‍ മറുപടി പറഞ്ഞു. ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ 'നല്ല സിനിമയായിരിക്കും ഇത്... എന്‍റെ പ്രകടനം നന്നായോ എന്നതില്‍ മാത്രമേ ഉത്കണ്ഠയുള്ളൂ' എന്നാണ് ദുല്‍ക്കര്‍ പറഞ്ഞത്. ആ സത്യസന്ധതയും നിഷ്കളങ്കതയും തന്നെയാണ് ഈ ചെറുപ്പക്കാരനിലേക്ക് എന്നെ ആകര്‍ഷിച്ചത്" - മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തില്‍ രഞ്ജിത് വ്യക്തമാക്കി.

"സിനിമയോടുള്ള ദുല്‍ക്കറിന്‍റെ പാഷന്‍ അപാരമാണ്. സ്വയം ഇനിയുമിനിയും മെച്ചപ്പെടാനും നടനെന്ന മേല്‍‌വിലാസം ഉണ്ടാക്കിയെടുക്കാനും നടത്തേണ്ടുന്ന പരിശ്രമങ്ങളെക്കുറിച്ച് ഉറച്ച ബോധ്യമുള്ള ശുദ്ധമനസുണ്ട് അയാള്‍ക്ക്. ഒന്നിനെയും നിസാരമായി കാണാത്ത ചെറുപ്പക്കാരന്‍" - ദുല്‍ക്കര്‍ സല്‍മാനെ രഞ്ജിത് വിലയിരുത്തുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :