ക്ലൈമാക്സ് അജിത്തിന് അറിയില്ല, ഗൌതം വെളിപ്പെടുത്തുന്നു!

ഗൌതം വാസുദേവ് മേനോന്‍, അജിത്, ത്രിഷ, അനുഷ്ക, സൂര്യ
Last Updated: വെള്ളി, 10 ഒക്‌ടോബര്‍ 2014 (17:41 IST)
ഗൌതം വാസുദേവ് മേനോനും അജിത്തും ആദ്യമായി ഒന്നിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഒരു ആക്ഷന്‍ റൊമാന്‍റിക് ത്രില്ലറായിരിക്കും ഇതെന്നാണ് സൂചന. അനുഷ്കയും ത്രിഷയുമാണ് നായികമാര്‍. ഒരിടവേളയ്ക്ക് ശേഷം ഗൌതം മേനോന്‍ ചിത്രത്തിന് ഹാരിസ് ജയരാജ് സംഗീതം നല്‍കുന്നു.

"നായകന്‍ 28 വയസില്‍ വിവാഹിതനാകുന്നതുമുതല്‍ 38 വയസുവരെയുള്ള അവന്‍റെ ജീവിതമാണ് ഈ സിനിമ. നായകന് ലുക്ക് ചെയ്ഞ്ച് സ്വാഭാവികം. കറുകറുത്ത മുടിവേണം, സോള്‍ട്ട് ആന്‍റ് പെപ്പര്‍ ലുക്ക് വേണം എന്നൊന്നും ഞാന്‍ ആവശ്യപ്പെട്ടില്ല. പക്ഷേ പറയാതെ തന്നെ എല്ലാം അറിഞ്ഞ് ചെയ്തു അജിത് സാര്‍. ഒരു ആക്ഷന്‍ രംഗത്തില്‍ അഭിനയിക്കാനായി ഒരുമാസം വര്‍ക്കൌര്‍ട്ട് ചെയ്തിട്ട് ഇത് ഓകെയാ? ഇത് ഓകെയാ? എന്ന് വന്ന് ചോദിക്കുമായിരുന്നു. ഈ സിനിമയില്‍ അജിത്തിന് മൊത്തത്തില്‍ ഒരു പുതുമ തോന്നുന്നു എന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പറയുന്നു. ആ റിയാക്ഷന്‍ അജിത് സാറിന്‍റെ ആരാധകര്‍ക്കും ഉണ്ടായാല്‍ ഈ സിനിമയ്ക്ക് തുടര്‍ച്ചകള്‍ ഉണ്ടാകും" - ഗൌതം മേനോന്‍ ഒരു തമിഴ് മാഗസിന് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു.

"ഈ സിനിമയ്ക്ക് വേണ്ടി എന്തൊക്കെ തയ്യാറെടുപ്പുകള്‍ വേണം എന്ന് ഞാന്‍ അജിത് സാറിനോട് പറഞ്ഞിരുന്നില്ല. എന്നാല്‍ ഒരു ദിവസം വിളിച്ചിട്ട് - ഞാന്‍ ബോക്സിംഗ് പഠിക്കുന്നു ഗൌതം, എന്നുപറഞ്ഞു. തിരക്കഥയ്ക്ക് അങ്ങനെയൊരു മൂഡ് ഉണ്ടത്രേ. ഗാനരംഗത്തിലെ ഒരു ഷോട്ടില്‍ ഗിത്താര്‍ വായിക്കുന്നത് ആവശ്യമുണ്ട് എന്ന് മനസിലാക്കി അജിത് ഗിത്താര്‍ പഠിച്ചു. ആക്ഷന്‍ രംഗത്തിനായി ജിമ്മില്‍ പോയി സ്ലിം ആയി വന്നു. ഇതൊന്നും ഞാന്‍ ആവശ്യപ്പെട്ടതല്ല. ഇതൊക്കെ ചെയ്താല്‍ നല്ലതായിരിക്കുമെന്ന് അദ്ദേഹത്തിനു തന്നെ തോന്നിയതാണ്. എന്ത് ചെയ്താലും അത് പെര്‍ഫെക്ട് ആയി ചെയ്യും അദ്ദേഹം" - ഗൌതം വ്യക്തമാക്കി.

"ഈ സിനിമയില്‍ അനുഷ്കയെയാണ് ആദ്യം നായികയായി ഫിക്സ് ചെയ്തത്. എന്നാല്‍ പിന്നീട് ആലോചിച്ചപ്പോല്‍ മറ്റൊരു കഥാപാത്രത്തിന് അഭിനയിച്ചാല്‍ നന്നായിരിക്കുമെന്ന് തോന്നി. അക്കാര്യം ത്രിഷയോട് പറഞ്ഞപ്പോള്‍ - മുമ്പുതന്നെ ഉണ്ടല്ലോ. അവരെ മറികടന്ന് എന്‍റെ കഥാപാത്രത്തിന് എത്രമാത്രം പ്രാധാന്യം ലഭിക്കും? എന്ന് ത്രിഷ ചോദിച്ചു. ന്യായമായ സംശയമാണ്. എങ്കിലും എന്‍റെ മറുപടിക്ക് കാക്കാതെ 'അഭിനയിക്കാം' എന്ന് സമ്മതിച്ചു. ഇക്കാര്യം ഞാന്‍ അനുഷ്കയോട് പറഞ്ഞപ്പോള്‍ - ഒന്നും പ്രശ്നമില്ല ഗൌതം. ത്രിഷയ്ക്ക് നല്‍കിയ വേഷം ഞാന്‍ ചെയ്തോളാം എന്ന് അനുഷ്കയും പ്രതികരിച്ചു. ഇത് ത്രിഷ അറിഞ്ഞപ്പോള്‍ - അനുഷ്ക അങ്ങനെ പറയുമെന്ന് എനിക്കറിയാം. അത്രയും നല്ല മനസാണ് അവരുടേത്. എനിക്ക് ഒരു കുഴപ്പവുമില്ല. ഗൌതം പറഞ്ഞ കഥാപാത്രത്തെ തന്നെ ഞാന്‍ അവതരിപ്പിക്കാം - എന്ന് ത്രിഷ പറഞ്ഞു."
ഗൌതം വാസുദേവ് മേനോന്‍, അജിത്, ത്രിഷ, അനുഷ്ക, സൂര്യ

ഈ സിനിമയില്‍ അരുണ്‍ വിജയ് ഒരു സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അരുണിന്‍റെ ജിം ബോഡി കണ്ട് - ശരീരസംരക്ഷണത്തില്‍ അരുണ്‍ ആണ് എന്‍റെ പ്രചോദനം -
എന്ന് അജിത് അഭിപ്രായപ്പെട്ടു. ഇപ്പോള്‍ ഇരുവരും ചേര്‍ന്നാണ് വര്‍ക്കൌട്ട്.

"ഈ തിരക്കഥ വായിച്ചിട്ട് - നല്ല സ്ക്രിപ്റ്റാണ് ഗൌതം. എനിക്കുവേണ്ടി ഇതില്‍ കൂട്ടിച്ചേര്‍ക്കലുകളൊന്നും നടത്തി ഈ തിരക്കഥയെ ഡിസ്റ്റര്‍ബ് ചെയ്യരുത് - എന്നാണ് അജിത് സാര്‍ പറഞ്ഞത്. ഈ സിനിമ അജിത് ആരാധകരെ സന്തോഷിപ്പിക്കുമെന്ന് തീര്‍ച്ചയാണ്. എന്നാല്‍ ലോറികള്‍ പറക്കുകയും മെഷീന്‍ ഗണ്‍ തീതുപ്പുകയുമൊക്കെ ചെയ്യുന്ന സീനുകളൊന്നും ഉണ്ടാവില്ല. അത്തരം കാര്യങ്ങളൊക്കെ അജിത് മുമ്പുതന്നെ ചെയ്തുകഴിഞ്ഞതാണല്ലോ" - ഗൌതം വ്യക്തമാക്കി.

"എന്‍റെ തിരക്കഥയെഴുത്തിന് ഒരു പ്രത്യേകതയുണ്ട്. 75 ശതമാനം മാത്രമേ ഷൂട്ടിംഗിന് മുമ്പ് പൂര്‍ത്തിയാക്കുകയുള്ളൂ. മിന്നലേ മുതല്‍ നീ താനേ എന്‍ പൊന്‍‌വസന്തം വരെയും അങ്ങനെയാണ് ചെയ്തിട്ടുള്ളത്. ഷൂട്ടിംഗ് പുരോഗമിക്കുമ്പോള്‍ ക്ലൈമാക്സും താനേ തെളിഞ്ഞുവരും. അതില്‍ നല്ലത് ഫിക്സ് ചെയ്യും. ഈ സിനിമയുടെയും ക്ലൈമാക്സ് അജിത് സാറിനോട് പറഞ്ഞിട്ടില്ല. "ആദ്യ പകുതി സൂപ്പര്‍. രണ്ടാം പകുതിയുടെ ആദ്യ അരമണിക്കൂര്‍ സമയവും ഒന്നാന്തരം. ഷൂട്ടിംഗ് തുടങ്ങാം" - എന്നാണ് അജിത് സാര്‍ എന്നോട് പറഞ്ഞത്" - ഗൌതം വാസുദേവ് മേനോന്‍ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :