'കേള്‍ക്കാത്ത ശബ്ദ'ത്തില്‍ മോഹന്‍ലാല്‍ പറയുന്നത് കേട്ടില്ലേ?

WEBDUNIA|
PRO
സമീപകാലത്ത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകേണ്ടിവന്ന സിനിമയാണ് വി കെ പ്രകാശ് സംവിധാനം ചെയ്ത ‘ട്രിവാന്‍ഡ്രം ലോഡ്ജ്’. സഭ്യതയുടെ അതിരുകള്‍ ലംഘിക്കുന്ന ചിത്രമെന്നാണ് ചില നിരൂപകരും പ്രമുഖരായ പല സിനിമാ പ്രവര്‍ത്തകരും ചിത്രത്തെ വിമര്‍ശിച്ചത്. എന്നാല്‍ ഇതൊക്കെ മറികടന്ന് പടം ഹിറ്റായി മാറി. ചിത്രം കളിക്കുന്ന പല തിയേറ്ററുകളിലും മിക്ക ഷോയും ഹൌസ് ഫുള്ളാണ്.

കുടുംബചിത്രങ്ങളുടെ സംവിധായകനായ ബാലചന്ദ്രമേനോന്‍ ഇത്തരം ന്യൂ ജനറേഷന്‍ സിനിമകളെക്കുറിച്ച് പ്രതികരിച്ചത് അടുത്തിടെ വലിയ സംസാരവിഷയമായിരുന്നു. ‘ബാത്ത്‌റൂമില്‍ കാണിക്കേണ്ടത് സ്വീകരണമുറിയില്‍ കാണിക്കുന്ന’ രീതിയിലാണ് ചില സിനിമകളെന്നാണ് ബാലചന്ദ്രമേനോന്‍ പറഞ്ഞത്.

ബാലചന്ദ്രമേനോന്‍റെ ഈ വിമര്‍ശനത്തിന് മറുപടിയായിട്ടല്ലെങ്കിലും ട്വിവാന്‍ഡ്രം ലോഡ്ജിന്‍റെ സംവിധായകന്‍ വി കെ പ്രകാശ് ഒരു പ്രതികരണം നടത്തിയിരിക്കുന്നു. അത് പരോക്ഷമായി ബാലചന്ദ്രമേനോന് കൊള്ളുന്ന ഒരമ്പ് തന്നെയാണ്.

“എന്‍റെ സിനിമ ജനങ്ങള്‍ സ്വീകരിക്കുന്നു എന്നതിന്‍റെ തെളിവാണ് ട്രിവാന്‍ഡ്രം ലോഡ്ജ് ഇപ്പോഴും ഓടുന്നത്. തുറന്ന ലൈംഗികതയും പ്രണയശൂന്യതയും നവസിനിമക്കാരുടെ സൃഷ്ടിയാണെന്ന് പറയുന്നവര്‍ മലയാള സിനിമയുടെ ചരിത്രമറിയാത്തവരാണ്. അരപ്പെട്ടകെട്ടിയ ഗ്രാമത്തില്‍, ഉത്രാടരാത്രി, പുനര്‍ജന്മം, കേള്‍ക്കാത്ത ശബ്ദം - ഈ ചിത്രങ്ങളൊക്കെ കണ്ടാണ് ഞാന്‍ വളര്‍ന്നത്. ബാലചന്ദ്രമേനോന്‍റെ കേള്‍ക്കാത്ത ശബ്ദത്തില്‍ മോഹന്‍ലാല്‍ പറയുന്ന ഡയലോഗ് ഓര്‍മയില്ലെങ്കില്‍ ഒന്ന് കണ്ട് നോക്ക്“ - മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തില്‍ ഒരു വെല്ലുവിളി പോലെ വി കെ പ്രകാശ് പറയുന്നു.

കേള്‍ക്കാത്ത ശബ്ദവും ഉത്രാടരാത്രിയും ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത സിനിമകളാണ്. ആ സിനിമകളില്‍ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതലൊന്നും താന്‍ ട്രിവാന്‍ഡ്രം ലോഡ്ജില്‍ പറഞ്ഞുവച്ചിട്ടില്ല എന്ന വ്യക്തമായ പ്രഖ്യാപനമാണ് വി കെ പ്രകാശ് നടത്തുന്നത്.

“ബാലചന്ദ്രമേനോനും സത്യന്‍ അന്തിക്കാടുമൊക്കെ അവരുടേതായ അഭിപ്രായങ്ങള്‍ പറഞ്ഞതായി കേട്ടു. ഞാന്‍ ഇവരെയൊക്കെ ബഹുമാനിക്കുന്ന ഒരു സിനിമക്കാരനാണ്. ഇവരുടെയൊക്കെ സിനിമകള്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ്. വാസ്തവത്തില്‍, ഇന്‍ഡസ്ട്രിയെ പൊലിപ്പിച്ചെടുക്കുന്ന സത്യസന്ധമായ വിമര്‍ശനങ്ങള്‍ ഇവിടെ ഉണ്ടാകുന്നില്ല. ഉപരിപ്ലവമായ ഡയലോഗുകള്‍ മാത്രം എടുത്ത് സിനിമയെ വിമര്‍ശിക്കരുത്. ജനങ്ങളുടെ ജീവിതരീതിയിലും സമീപനങ്ങളിലും ഇടപെടലുകളിലുമെല്ലാം മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ലൈംഗിക സങ്കല്പങ്ങള്‍ മാറിയിട്ടില്ലേ? അതെല്ലാം കാലത്തിനനുസരിച്ച് സിനിമയില്‍ പ്രതിഫലിക്കും. നമുക്ക് അന്യമായ ഒരു ജീവിത പരിസരവും പുതിയ സിനിമകളിലില്ല. മാറ്റങ്ങളെ ഉള്‍ക്കൊള്ളാനും പ്രോത്സാഹിപ്പിക്കാനുമുള്ള ഒരു മനസ്സാണ് ആദ്യം വേണ്ടത്” - വി കെ പ്രകാശ് ഓര്‍മ്മിപ്പിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :